ADVERTISEMENT

യാത്ര ചെയ്യുമ്പോഴോ  പൊതുജന മധ്യത്തിലോ ഒക്കെ വച്ച് നാം ആഗ്രഹിക്കാത്ത സമയത്ത് മൂത്രം ചോര്‍ന്ന് പോകുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. ഒരേ സമയം അസൗകര്യപ്രദവും ചിലപ്പോഴൊക്കെ നാണക്കേട് ഉണ്ടാക്കുന്നതുമായ ഈ രോഗാവസ്ഥയെ യൂറിനറി ഇന്‍കോണ്ടിനെന്‍സ് എന്ന് വിളിക്കുന്നു. പ്രസവത്തെ തുടര്‍ന്ന് ചിലപ്പോള്‍ സ്ത്രീകള്‍ക്ക് പൊതുവേ ഇത്തരം മൂത്ര ചോര്‍ച്ച സംഭവിക്കാറുണ്ട്. എന്നാല്‍ പുരുഷന്മാരില്‍ പലതരം കാരണങ്ങളാല്‍ ഈ മൂത്ര ചോര്‍ച്ച സംഭവിക്കാം. 

 

മൂത്ര ചോര്‍ച്ചയുടെ സ്വാഭാവം അനുസരിച്ച് യൂറിനറി ഇന്‍കോണ്ടിനെന്‍സിനെ പലതായി തിരിക്കാം

 

1. സ്ട്രെസ് ഇന്‍കോണ്ടിനെന്‍സ്

മൂത്ര സഞ്ചിയില്‍ ഏതെങ്കിലും വിധത്തിലുള്ള സമ്മര്‍ദം ചെലുത്തുമ്പോൾ  ഇത് സംഭവിക്കുന്നു. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ  ചിരിക്കുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ ഭാരമുള്ള എന്തെങ്കിലും ഉയര്‍ത്തുമ്പോഴോ  ഒക്കെ സ്ട്രെസ് ഇന്‍കോണ്ടിനെന്‍സ് മൂലമുള്ള മൂത്ര ചോര്‍ച്ച സംഭവിക്കാം. 

 

2. അര്‍ജ് ഇന്‍കോണ്ടിനെന്‍സ്

മൂത്രമൊഴിക്കാന്‍ പെട്ടെന്ന് ഒരു തോന്നല്‍ ഉണ്ടാകുകയും തുടര്‍ന്ന് ഇതിനൊരു സ്ഥലം കണ്ടെത്തും മുന്‍പ് മൂത്രം ചോരുകയും ചെയ്യുന്ന തരം യൂറിനറി ഇന്‍കോണ്ടിനെന്‍സ് ആണ് ഇത്. രാത്രിയില്‍ അടിക്കടി മൂത്രമൊഴിക്കാന്‍ മുട്ടുന്നതൊക്കെ അര്‍ജ് ഇന്‍കോണ്ടിനെന്‍സിന്‍റെ ഭാഗമാണ്. ഏതെങ്കിലും തരത്തിലുളള അണുബാധ, പ്രമേഹരോഗം, പാര്‍ക്കിന്‍സണ്‍സ് പോലുള്ള നാഡീവ്യൂഹപരമായ പ്രശ്നങ്ങള്‍, പക്ഷാഘാതം എന്നിവ ഈ മൂത്ര ചോര്‍ച്ചയ്ക്ക് പിന്നിലുണ്ടാകാം. 

 

3. ഓവര്‍ഫ്ളോ ഇന്‍കോണ്ടിനെന്‍സ്

മൂത്രസഞ്ചി ഒരിക്കലും പൂര്‍ണമായി കാലിയാകാത്തതിനെ തുടര്‍ന്ന് നിരന്തരം തുള്ളി തുള്ളിയായി മൂത്രം ചോരുന്ന അവസ്ഥയാണ് ഇത്. 

 

4. ഫംങ്ഷണല്‍ ഇന്‍കോണ്ടിനെന്‍സ്

ശാരീരികമോ മാനസികമോ ആയ എന്തെങ്കിലും പ്രശ്നങ്ങള്‍ മൂലം കൃത്യ സമയത്ത് ടോയ്‌ലറ്റില്‍ എത്താന്‍ സാധിക്കാതെ വരുകയും ഇതിനെ തുടര്‍ന്ന് മൂത്രമൊഴുകാന്‍ തുടങ്ങുകയും ചെയ്യുന്ന അവസ്ഥയാണ്. ആമവാതം പോലുള്ള രോഗങ്ങള്‍ ഉള്ളവര്‍ ചിലപ്പോള്‍ ഈ പ്രശ്നം നേരിടാറുണ്ട്.

 

5. മിക്സഡ് ഇന്‍കോണ്ടിനെന്‍സ്

പലതരം യൂറിനറി ഇന്‍കോണ്ടിനെന്‍സ് മൂലമുള്ള മൂത്രചോര്‍ച്ചയെ മിക്സഡ് ഇന്‍കോണ്ടിനെന്‍സ് എന്ന് വിളിക്കുന്നു. 

 

പ്രായമാകുമ്പോൾ  മൂത്രസഞ്ചിയിലെ പേശികള്‍ക്ക് ബലം നഷ്ടപ്പെടുന്നത് മൂത്രം ചോരാന്‍ കാരണമാകാം. മലബന്ധം ഉള്ളവരില്‍ കട്ടിയായ മലം മൂത്രസഞ്ചില്‍ സമ്മര്‍ദം ചെലുത്തിയും മൂത്ര ചോര്‍ച്ചയിലേക്ക് നയിക്കാം. മദ്യപാനവും പുരുഷന്മാരില്‍ മൂത്ര ചോര്‍ച്ചയ്ക്കും  അടിക്കടി മൂത്രമൊഴിക്കലിനും കാരണമാകാം. 

 

മൂത്രസഞ്ചി നിങ്ങളുടെ നിയന്ത്രണത്തില്‍ അല്ലെന്ന് തോന്നിയാല്‍ ഉടനടി ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്. ഭാരം കുറയ്ക്കുന്നതും, കഫൈന്‍, മദ്യം എന്നിവയുടെ ഉപയോഗം വെട്ടിച്ചുരുക്കുന്നതും, കെഗല്‍, പെല്‍വിക് ഫ്ളോര്‍ എന്നിങ്ങനെ മൂത്ര സഞ്ചിയിലെ പേശികളെ ബലപ്പെടുത്തുന്ന വ്യായാമങ്ങള്‍ പരിശീലിക്കുന്നതും, മൂത്രം പിടിച്ച് നിര്‍ത്താന്‍ ബ്ലാഡര്‍ ട്രെയ്നിങ് നടത്തുന്നതും രോഗികളെ സഹായിക്കും. തീരെ നിവൃത്തിയില്ലാത്തവര്‍ക്ക് സാനിറ്ററി പാഡുകളെ ആശ്രയിക്കേണ്ടി വന്നേക്കാം.

Content Summary: Urinary Incontinence; Causes, Symptoms and Treatment 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com