ADVERTISEMENT

ഓര്‍മ വച്ച കാലം മുതല്‍ ഇലിയ സ്മിത്തിന്‍റെ അരക്കെട്ടിന്‍റെ ഒരു വശത്തുള്ളതായിരുന്നു ഏതാണ്ട് ചതുരാകൃതിയുള്ള ഒരു  കറുത്ത പാട്. ഇത് ജന്മനാലുള്ള മറുകായിട്ടാണ് അമേരിക്കയിലെ ടെക്സാസ് സ്വദേശിയായ ഇലിയ കരുതിയത്. തവിട്ട്, കറുപ്പ് നിറങ്ങളിലുള്ള ഈ പാടിനെ കുറിച്ച് ആദ്യം സംശയം ഉന്നയിക്കുന്നത് ഇലിയയുടെ ഒരു സുഹൃത്താണ്. സ്പായില്‍ വച്ച് ഈ പാട് ശ്രദ്ധയില്‍പ്പെട്ട ത്വക്ക് രോഗവിദഗ്ധന്‍റെ അസിസ്റ്റന്റ് കൂടിയായ  സുഹൃത്ത് ഇത് സൂക്ഷിക്കണം എന്ന് പറഞ്ഞെങ്കിലും ഇലിയ അത്ര കാര്യമാക്കിയില്ല. എന്നാല്‍ 10 വര്‍ഷത്തിനപ്പുറം യാദൃച്ഛികമായി ഒന്ന് ചൊറിഞ്ഞപ്പോള്‍ ഈ പാടിന്‍റെ ഒരു ഭാഗം അടര്‍ന്ന് വീണപ്പോള്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് നഴ്സായ ഇലിയക്ക് മനസ്സിലായി.

 

ഈ പാടില്‍ നിന്ന് രക്തം വരാനും ചൊറിച്ചില്‍ അനുഭവപ്പെടാനും തുടങ്ങിയപ്പോള്‍ ഇലിയ ഉടന്‍ ചര്‍മരോഗ വിദഗ്ധനെ കണ്ടു. ബയോപ്സിയിൽ ചര്‍മത്തെ ബാധിക്കുന്ന ഏറ്റവും മാരകമായ അര്‍ബുദമായ മാലിഗ്നന്‍റ് മെലനോമയാണ് ഇലിയക്കെന്ന് തെളിഞ്ഞു. എന്നാല്‍ അര്‍ബുദം ആദ്യ ഘട്ടത്തിലായിരുന്നതിനാല്‍ ലിംഫ് നോഡുകളിലേക്ക് പടര്‍ന്നിട്ടുണ്ടായിരുന്നില്ല. ഇതിനാല്‍ കീമോതെറാപ്പി ആവശ്യമായി വന്നില്ല. ശസ്ത്രക്രിയയിലൂടെ അര്‍ബുദകോശങ്ങള്‍ നീക്കം ചെയ്ത ഡോക്ടര്‍മാര്‍ മൂന്നിഞ്ചില്‍ ചുറ്റുവട്ടമുള്ള തൊലിയും ഒന്നര ഇഞ്ച് ആഴത്തിലുള്ള മാംസവും നീക്കം ചെയ്തു. പ്ലാസ്റ്റിക് സര്‍ജറിയിലൂടെ ഈ മുറിവ് പിന്നീട് ഭേദമാക്കി. 

 

കുറത്ത വംശജരെ അപേക്ഷിച്ച് വെളുത്ത വംശജര്‍ക്ക് മെലനോമ വരാനുള്ള സാധ്യത 20 മടങ്ങ് അധികമാണെന്ന് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയിലെ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഏത് നിറമുള്ള ചര്‍മമുള്ളവര്‍ക്കും ഈ അര്‍ബുദം വരാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് ഡെര്‍മറ്റോളജി മുന്നറിയിപ്പ് നല്‍കുന്നു. ഇതിനുള്ള തെളിവാണ് കറുത്ത വംശജയായ ഇലിയക്ക് ഉണ്ടായ അനുഭവം. കറുത്ത തൊലിയുള്ളവര്‍ക്ക് പലപ്പോഴും കണങ്കാലിലും അരക്കെട്ടിലുമൊക്കെയാണ് മെലനോമ കാണപ്പെടുകയെന്നും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

 

എന്തായാലും അര്‍ബുദവുമായുള്ള ഏറ്റുമുട്ടലിന് ശേഷം ഇലിയ സ്മിത്ത് ഇപ്പോള്‍ എല്ലാ മുന്‍കരുതലുകളും ഈ അര്‍ബുദത്തിനെതിരെ സ്വീകരിക്കുന്നു. വര്‍ഷത്തില്‍ നാലു തവണയെങ്കിലും ചര്‍മ പരിശോധനയ്ക്ക് വിധേയയാകുന്നതിന് പുറമേ വെയിലില്‍ ഇറങ്ങേണ്ടി വരുമ്പോഴെല്ലാം  എസ്പിഎഫ് 50യുള്ള സണ്‍സ്ക്രീനും ഉപയോഗിക്കുന്നു. കൈകളെയും കാലുകളെയുമെല്ലാം ശരിയായ മറയ്ക്കുന്ന തുണികളും വെയിലത്തിറങ്ങുമ്പോൾ  ഇലിയ തിരഞ്ഞെടുക്കുന്നു. 

 

20 മുതല്‍ 30 ശതമാനം വരെ മെലനോമകള്‍ നമ്മുടെ ശരീരത്തില്‍ നിലവിലുള്ള മറുകുകളിലും പാടുകളിലുമാണ് വളരുകയെന്ന് സ്കിന്‍ കാന്‍സര്‍ ഫൗണ്ടേഷനും പറയുന്നു. വളരുകയും ചൊറിച്ചില്‍ തോന്നുകയും രക്തമൊഴുക്കുകയും ചെയ്യുന്ന മറുകും പാടുകളുമെല്ലാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മറുകിന്‍റെ നിറം മാറ്റവും മുന്നറിയിപ്പ് സൂചനയാണ്. ഇടയ്ക്കിടെയുള്ള ചര്‍മ പരിശോധന മെലനോമ ആദ്യ ഘട്ടങ്ങളിൽ തിരിച്ചറിയാൻ  സഹായകമാണ്. 

Content Summary: 42 year old's birthmark turned out to be cancer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com