ADVERTISEMENT

ഇന്ത്യയിലെ കോര്‍പ്പറേറ്റ് മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ 48 ശതമാനത്തിലധികം പേര്‍ക്ക് മോശം മാനസികാരോഗ്യം ഉണ്ടാകാനുള്ള സാധ്യത അധികമാണെന്ന് സര്‍വേ. പുരുഷ ജീവനക്കാരെ(41 %)  അപേക്ഷിച്ച് സ്ത്രീകള്‍ക്കാണ്(56 %) ഇതിനുള്ള സാധ്യത അധികമെന്നും മനഃശാസ്ത്ര സര്‍വേ പറയുന്നു. ഇന്ത്യയിലെ എട്ട് നഗരങ്ങളിലെ പത്ത് കോര്‍പ്പറേറ്റ് മേഖലകളില്‍ തൊഴിലെടുക്കുന്ന 3000 ജീവനക്കാരെ ഉള്‍പ്പെടുത്തി ആദിത്യ ബിര്‍ല എജ്യുക്കേഷന്‍ ട്രസ്റ്റിന്‍റെ എംപവര്‍ പദ്ധതിയാണ് സര്‍വേ നടത്തിയത്.

 

മാനസികാരോഗ്യത്തിന്‍റെ കാര്യത്തില്‍ ഏറ്റവുമധികം അപകട സാധ്യത ഇ-കൊമേഴ്സ്(64 %) മേഖലയിലാണെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. എഫ്എംസിജി(56 % ), ഓട്ടോമൊബൈല്‍ & ഹെല്‍ത്ത്കെയര്‍(55 % ), ഹോസ്പിറ്റാലിറ്റി(53% ), ബിപിഒ(47 % ), ബാങ്കിങ് (41% ), വിദ്യാഭ്യാസം(39 %), ഐടി(38 % ), ഡ്യൂറബിള്‍സ് (31 %) എന്നിങ്ങനെയാണ് മറ്റ് കോര്‍പ്പറേറ്റ് മേഖലകളിലെ മാനസികാരോഗ്യത്തെ സംബന്ധിച്ച അപകട സാധ്യത. ജോലി സ്ഥലത്തെ സമ്മര്‍ദം തങ്ങളുടെ ഉത്പാദനക്ഷമതയെ പ്രതികൂലമായി ബാധിച്ചതായി 50 ശതമാനം പേരും അഭിപ്രായപ്പെടുന്നു. 

 

സീനിയര്‍ അസോഷ്യേറ്റ് വൈസ് പ്രസിഡന്‍റ്, വൈസ്പ്രസിഡന്‍റ് എന്നിങ്ങനെ ഉയര്‍ന്ന സ്ഥാനങ്ങളിലെ ജീവനക്കാരില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത യഥാക്രമം 70 ശതമാനവും 61 ശതമാനവുമാണെന്ന് സര്‍വേ വ്യക്തമാക്കുന്നു. അവധി ദിവസങ്ങളിലും ജോലി ചെയ്യേണ്ട സാഹചര്യമുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്ത 94 ശതമാനം ജീവനക്കാരും പറയുന്നു. ഇതില്‍ തന്നെ 67 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നത് ഓരോ തവണയും അവധിയെടുക്കുമ്പോൾ  ജോലി ചെയ്യേണ്ടത് വരാറുണ്ടെന്നാണ്. വര്‍ക്ക് ലൈഫ് ബാലന്‍സ് ഇല്ലായ്മ വ്യക്തിഗത ആരോഗ്യത്തെയും കുടുംബത്തിനോടുള്ള ഉത്തരവാദിത്തങ്ങളെയും ബാധിക്കുന്നുണ്ടെന്നും സര്‍വേ അടിവരയിടുന്നു. 

 

മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, അഹമ്മദാബാദ്, ഹൈദരാബാദ്, പുണെ എന്നീ നഗരങ്ങളിലെ കോര്‍പ്പറേറ്റ് ജീവനക്കാര്‍ക്കിടയിലാണ് പഠനം നടത്തിയത്. മാനസികാരോഗ്യത്തിന് ഊന്നല്‍ നല്‍കിയുള്ള നയം മാറ്റങ്ങള്‍ ഗവണ്‍മെന്‍റ് തലത്തിലും കോര്‍പ്പറേറ്റ് തലത്തിലും ഉണ്ടാകേണ്ടതാണെന്ന് എംപവറിന്‍റെയും ആദിത്യ ബിര്‍ല എജ്യുക്കേഷന്‍ ട്രസ്റ്റിന്‍റെയും സ്ഥാപകയും ചെയര്‍പേഴ്സണുമായ ഡോ. നീരജ ബിര്‍ല അഭിപ്രായപ്പെട്ടു.

Content Summary: Nearly 48%of Indian Corporate Employees at Higher Risk for Poor Mental Health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com