ഗ്ലോക്കോമ കാഴ്ചയെ കവർന്നെടുക്കുന്ന നിശ്ശബ്ദ രോഗം; പരിശോധന പ്രധാനം
Mail This Article
കാഴ്ച ശക്തിയെ ബാധിക്കുന്ന നേത്രരോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഗ്ലോക്കോമ. തലച്ചോറിലേക്ക് ദൃശ്യ സന്ദേശങ്ങളെ എത്തിക്കുന്ന ഒപ്റ്റിക് നാഡീവ്യൂഹത്തിന് സംഭവിക്കുന്ന നാശത്തെ തുടര്‍ന്നുണ്ടാകുന്ന ഗ്ലോക്കോമ കാഴ്ച നഷ്ടത്തിലേക്ക് നയിക്കും. ഗ്ലോക്കോമ മൂലമുള്ള കാഴ്ച നഷ്ടം കണ്ണുകളുടെ വശങ്ങളില്‍ ആരംഭിച്ച് പതിയെ പതിയെയാണ് നടുവിലേക്ക് പുരോഗമിക്കുന്നത്. നിലവില്‍ ലോകത്ത് 80 ദശലക്ഷത്തോളം പേര്‍ ഗ്ലോക്കോമ ബാധിക്കപ്പെട്ടവരായിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഈ സംഖ്യ 2040 ഓടെ 111 ദശലക്ഷമായി ഉയരാമെന്ന് ആരോഗ്യ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.
കാര്യമായ ലക്ഷണങ്ങള്‍ പുറമേക്ക് പലപ്പോഴും പ്രകടമാകാത്തതിനാല്‍ ഗ്ലോക്കോമ രോഗികളില്‍ പകുതി പേര്‍ക്കും രോഗത്തെ കുറിച്ച് അറിയില്ലെന്നത് ദൗര്‍ഭാഗ്യകരമായ കാര്യമാണെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ നേത്രരോഗവിദഗ്ധ ഡോ. ഷെഫാലി പാരീഖ് പറയുന്നു. ഇന്ത്യയില്‍ 12 ദശലക്ഷത്തോളം പേര്‍ക്ക് ഗ്ലോക്കോമ ബാധിച്ചതില്‍ 10 ശതമാനത്തിന് ഇത് മൂലം അന്ധതയുണ്ടായിട്ടുണ്ടെന്നും 90 ശതമാനം കേസുകളും നിര്‍ണയിക്കപ്പെടാതെ പോകുന്നുണ്ടെന്നും ഡോ. ഷെഫാലി ചൂണ്ടിക്കാട്ടുന്നു.
ഏത് പ്രായത്തിലും ഗ്ലോക്കോമ സംഭവിക്കാമെങ്കിലും 60 വയസ്സിന് മുകളില്‍ പ്രായമായവരിലാണ് ഇത് ഏറ്റവമുധികം കാണപ്പെടുന്നത്. ഒരു കണ്ണിനോ രണ്ടു കണ്ണുകള്‍ക്കുമോ രോഗം ബാധിക്കാം. ഗ്ലോക്കോമയുടെ പ്രധാന കാരണങ്ങളില്‍ ഒന്ന് കണ്ണിനുള്ളിലെ മര്‍ദ്ദം നിലവിട്ട് ഉയരുന്നതാണ്. അക്വസ് ഹ്യൂമര്‍ എന്ന കണ്ണുകളിലുണ്ടാകുന്ന ദ്രാവകത്തിന്‍റെ തോത് വര്‍ധിക്കുമ്പോഴാണ് കണ്ണിനുള്ളിലെ മര്‍ദ്ദം ഉയരുന്നത്. ഈ മര്‍ദ്ദം ഒപ്റ്റിക് നാഡീവ്യൂഹത്തിന് ക്ഷതമുണ്ടാക്കും. എന്നാല്‍ കണ്ണിലെ മര്‍ദ്ദം സാധാരണ തോതിലുള്ളവര്‍ക്കും ഗ്ലോക്കോമ സംഭവിക്കാം.
ലക്ഷണങ്ങള്‍
ചില തരം ഗ്ലോക്കോമകള്‍ക്ക് മുന്നറയിപ്പ് സൂചകങ്ങളായ ലക്ഷണങ്ങളൊന്നും ഉണ്ടായെന്നു വരില്ല. എന്നാല്‍ ചിലതരം ഗ്ലോക്കോമകള്‍ക്ക് കണ്ണിന് വേദന, തലവേദന, വെളിച്ചത്തിന് ചുറ്റും മഴവില്‍ നിറത്തില്‍ വലയങ്ങള്‍ പ്രത്യക്ഷമാകല്‍, മങ്ങിയ കാഴ്ച, ബ്ലൈന്‍ഡ് സ്പോട്ടുകള്‍, ചുവന്ന കണ്ണ്,ഛര്‍ദ്ദി, ഓക്കാനം പോലുള്ള ലക്ഷണങ്ങള്‍ പ്രത്യക്ഷമാകാം.
പ്രമേഹ രോഗികള്‍ക്ക് ഗ്ലോക്കോമ ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് ഇരട്ടിയാണ്. ദൂരക്കാഴ്ച അഥവാ ഹൈപ്പറോപിയ, ഉയര്‍ന്ന രക്തസമ്മര്‍ദം, കോര്‍ട്ടിക്കോസ്റ്റിറോയ്ഡുകളുടെ ദീര്‍ഘകാല ഉപയോഗം, ഹ്രസ്വദൃഷ്ടി അഥവാ മയോപ്പിയ, ഗ്ലോക്കോമയുടെ കുടുംബചരിത്രം, കണ്ണുകള്‍ക്ക് പരുക്കോ, ശസ്ത്രക്രിയയോ വേണ്ടി വന്ന അവസ്ഥ എന്നിവയെല്ലാം ഗ്ലോക്കോമയ്ക്കുള്ള അപകടസാധ്യത ഉയര്‍ത്തുന്നു. ഇടയ്ക്കിടെയുള്ള നേത്രപരിശോധന ഗ്ലോക്കോമ ഉള്‍പ്പെടെയുള്ള നേത്രരോഗങ്ങള്‍ നേരത്തെ കണ്ടെത്തുന്നതില്‍ നിര്‍ണായകമാണെന്നും ഡോ.ഷെഫാലി കൂട്ടിച്ചേര്‍ക്കുന്നു.
Content Summary: Glaucoma; Causes, Symptoms and Treatment