ഇന്ന് ഡോക്ടേഴ്സ് ദിനം; നടത്താം ഒരു ആത്മപരിശോധന
Mail This Article
മറ്റൊരു ഡോക്ടേഴ്സ് ദിനംകൂടി എത്തിയിരിക്കുന്നു. ആരോഗ്യരംഗത്തെ കാവലാൾ എന്നും ദൈവത്തിനു തുല്യമെന്നുമൊക്കെ ഒരുവശത്ത് ഡോക്ടർമാരെ വാഴ്ത്തുമ്പോഴാണ് മറുവശത്ത് ഡോ.വന്ദനാദാസിന്റെ ജീവൻ നഷ്ടമായതും ഡോക്ടർമാർ ആക്രമണത്തിനിരയാകുന്നതും. അർഹിക്കുന്ന മാനുഷിക മൂല്യങ്ങളും പരിഗണനയും, ഒപ്പം നമ്മളിൽ ഒരാൾതന്നെയായും ഡോക്ടർമാരെ കാണുന്നുണ്ടോ? ഈ ഡോക്ടേഴ്സ് ദിനത്തിൽ ഒന്ന് ആത്മപരിശോധന നടത്തി നോക്കാവുന്നതാണ്.
ചരിത്രം ഇങ്ങനെ
ബംഗാൾ മുൻ മുഖ്യമന്ത്രി ഡോ. ബിധൻ ചന്ദ്ര റോയിയുടെ ജന്മദിനമാണ് ജൂലൈ 1. ഒരു സജീവ രാഷ്ട്രീയക്കാരൻ എന്നതിനൊപ്പം അദ്ദേഹം ഒരു ഫിസിഷ്യനുമായിരുന്നു. എല്ലാ വർഷവും ജൂലൈ 1 ന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ദേശീയ ഡോക്ടേഴ്സ് ദിനം ആഘോഷിക്കുന്നു.
1882 ജൂലൈ 1 ന് ബിഹാറിലെ പട്നയിൽ ജനിച്ച അദ്ദേഹം ബിരുദത്തിനു ശേഷം കൊൽക്കത്ത മെഡിക്കൽ കോളജിൽ മെഡിസിനു ചേരുകയും തുടർന്ന് ഉപരിപഠനത്തിനായി ബ്രിട്ടനിലേക്ക് പോവുകയും ചെയ്തു. നിരന്തര പരിശ്രമവും പഠനവും അദ്ദേഹത്തിനു റോയൽ കോളജ് ഓഫ് ഫിസിഷ്യൻസിൽ അംഗത്വവും റോയൽ കോളജ് ഓഫ് സർജൻസിന്റെ ഫെലോഷിപ്പും നേടിക്കൊടുത്തു. ബിരുദം നേടിയ ഉടൻ റോയൽ പ്രൊവിൻഷ്യൽ ഹെൽത്ത് സർവീസിൽ ചേർന്ന ഡോ. റോയി അളവറ്റ സമർപ്പണവും കഠിനാധ്വാനവും പ്രകടിപ്പിച്ചിരുന്നു. ആവശ്യമുള്ളപ്പോൾ ഒരു നഴ്സായി പ്രവൃത്തിക്കുകയും ഒഴിവുസമയത്ത് സ്വകാര്യമായി പ്രാക്ടീസ് നടത്തുകയും ചെയ്ത അദ്ദേഹം നാമമാത്രമായ ഫീസേ ഈടാക്കിയിരുന്നുള്ളൂ. സ്വതന്ത്ര ഇന്ത്യയ്ക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളെ പിന്തുണച്ചിരുന്ന ഡോ. റോയി തന്റെ സഹപൗരന്മാരുടെ ഉന്നമനത്തിനു വേണ്ടിയും പ്രവർത്തിച്ചിരുന്നു.
മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ സംഘാടനത്തിന് അതുല്യമായ സംഭാവനകളാണ് അദ്ദേഹം നൽകിയത്. ആശുപത്രികൾക്കും ചാരിറ്റബിൾ ഡിസ്പെൻസറികൾക്കും ഗ്രാന്റ്-ഇൻ-എയ്ഡ് വിതരണം ചെയ്യുന്നതിനുള്ള ചട്ടക്കൂട് സ്ഥാപിച്ചു. അദ്ദേഹം പഠിച്ച കോളജിൽ മെഡിസിൻ പഠിപ്പിക്കുകയും പിന്നീട് വൈസ് ചാൻസലറാകുകയും ചെയ്തു. രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം ബംഗാളിലെ രണ്ടാമത്തെ മുഖ്യമന്ത്രിയായി. (1948 –62).
1961 ഫെബ്രുവരി നാലിന് രാജ്യം ഡോ. റോയിയെ ഭാരതരത്ന നൽകി ആദരിച്ചു. 1962 ജൂലൈ ഒന്നിന്, തന്റെ എൺപതാം ജന്മദിനത്തിൽ, രോഗികളെ ചികിൽസിച്ച ശേഷം അദ്ദേഹം ‘ബ്രഹ്മോ ഗീതി’ൽ നിന്ന് ഒരു ഭാഗം ആലപിച്ചു. പിന്നാലെ മരണപ്പെടുകയും ചെയ്തു.
എല്ലാവർഷവും ഇതേ ദിവസം, നമ്മുടെ ദൈനംദിന ജീവിതത്തിൽ ഡോക്ടർമാരുടെ പ്രാധാന്യത്തെക്കുറിച്ചും അവരുടെ സുപ്രധാന പങ്കിനെക്കുറിച്ചുമുള്ള അവബോധം വളർത്താൻ ഡോക്ടേഴ്സ് ഡേ ആയി ആഘോഷിക്കുന്നു.
ലോകത്തിലെ വിവിധ സമൂഹങ്ങളിൽ ഡോക്ടർമാരുടെ സംഭാവന വളരെ വലുതാണ്. ആരോഗ്യ പരിചരണ സേവനങ്ങൾ ആളുകളിൽ എത്തിക്കുന്നതും ആരോഗ്യപരിചരണത്തിനു നേതൃത്വം നൽകുന്നവരും ഡോക്ടർമാരുടെ ഉത്തരവാദിത്തമാണ്. അവരുടെ ഒന്നാമത്തെയും പ്രധാനവുമായ കടമ എല്ലാ രോഗികൾക്കും പരിചരണവും സുരക്ഷയും എത്തിക്കുക എന്നതാണ്. ജീവൻ രക്ഷിക്കുക എന്നതിനൊപ്പം രോഗികളുടെ ജീവിതാവസ്ഥയെ പുനരുദ്ധാരണം ചെയ്യുന്നതിലും ഡോക്ടർ വലിയ പങ്കു വഹിക്കുന്നു. ഒരു രോഗിയുടെ വേദന കുറയ്ക്കാനും രോഗത്തിൽനിന്ന് വേഗം സുഖം പ്രാപിക്കാനും സഹായിക്കുന്നതിനൊപ്പം, രോഗമോ പരുക്കോ മൂലമുണ്ടാകുന്ന വൈകല്യങ്ങളെ സമചിത്തതയോടെ കണ്ട് ജീവിക്കാനും ഡോക്ടർമാർ അവരെ പ്രാപ്തരാക്കുന്നുണ്ട്. ഇതു മൂലം, രോഗം സുഖപ്പെടാൻ സാധിക്കാതെ വന്നാലും സ്വന്തം ജീവിതം ആസ്വദിക്കുവാൻ രോഗികൾക്കു സാധിക്കുന്നു എന്നത് അവരിൽ വലിയ പരിവർത്തനത്തിനു കാരണമാകുന്നു. ആധുനിക മെഡിക്കൽ സാങ്കേതികവിദ്യയും ഡോക്ടറുടെ പരിചരണവും ടെർമിനൽ രോഗങ്ങൾ ബാധിച്ച രോഗികൾക്ക് കൂടുതൽ കാലം ജീവിക്കാനുള്ള പ്രതീക്ഷ നൽകുന്നതാണ്.
Content Summary : National Doctor's Day 2023: History and significance