ഹൃദയാഘാതം: നിങ്ങള്‍ക്ക് അപകട സാധ്യതയുണ്ടോ? ഈ ഘടകങ്ങള്‍ പരിശോധിക്കാം
Mail This Article
ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന ധമനികളില്‍ ഉണ്ടാകുന്ന തടസ്സം ഹൃദയപേശികളെ ദുര്‍ബലമാക്കുകയും ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യാം. ആര്‍ക്കും ഏത് പ്രായത്തിലും ഹൃദയാഘാതം ഉണ്ടാകാമെങ്കിലും ഇതിനുള്ള അപകടസാധ്യത വര്‍ധിപ്പിക്കുന്ന ചില ഘടകങ്ങളുണ്ട്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം.
1. കൊളസ്ട്രോള്‍
രക്തത്തിലെ കൊളസ്ട്രോള്‍ തോത് വര്‍ധിക്കുന്നത് ഹൃദയാഘാതത്തിന് പിന്നിലെ മുഖ്യ കാരണങ്ങളില്‍ ഒന്നാണ്. ഭക്ഷണത്തിലെ ഫൈബര്‍ തോത് കൂട്ടിയും കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍ തിരഞ്ഞെടുത്തും നിത്യവും വ്യായാമത്തില്‍ ഏര്‍പ്പെട്ടും കൊളസ്ട്രോള്‍ തോത് കുറയ്ക്കാന്‍ ശ്രമിക്കാവുന്നതാണ്. ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഇതിന് മരുന്നുകളും കഴിക്കാം.
2. പ്രമേഹം
65 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍, പ്രമേഹമുണ്ടെങ്കില്‍ ഹൃദയാഘാതം മൂലം ജീവന്‍ നഷ്ടമാകാനുള്ള സാധ്യത 68 ശതമാനമാണ്. ഇതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ തോത് ഇടയ്ക്കിടെ പരിശോധിച്ച് അത് നിയന്ത്രണത്തില്‍ നിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
3. രക്താതിസമ്മര്‍ദം
പരിധി വിട്ടുയരുന്ന രക്തസമ്മര്‍ദമാണ് ഹൃദയാഘാതത്തിന്‍റെ മറ്റൊരു കാരണം. ഉപ്പും കൊഴുപ്പും കുറഞ്ഞ ഭക്ഷണക്രമം, വ്യായാമം, മദ്യപാനം നിര്‍ത്തല്‍, ഭാരനിയന്ത്രണം, മാനസിക സമ്മര്‍ദം ഒഴിവാക്കല്‍ തുടങ്ങിയവ രക്തസമ്മര്‍ദത്തെ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ സഹായിക്കും.
4. അമിതവണ്ണം
അമിതമായ വണ്ണവും കുടവയറും ഹൃദയാരോഗ്യത്തിന് ഭീഷണിയുയര്‍ത്തുന്ന ഘടകമാണ്. ബോഡി മാസ് ഇന്‍ഡെക്സ് ഉയര്‍ന്നവര്‍ ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ഇതിനാല്‍ തന്നെ നടത്തേണ്ടതാണ്.
5. പുകവലി
അഞ്ചില്‍ ഒരു ഹൃദയാഘാത മരണത്തിന് പിന്നിലും പുകവലി ഒരു കാരണമാണ്. പുകവലിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതയും രണ്ട് മുതല്‍ നാല് മടങ്ങ് അധികമാണ്. പുകവലി ഹൃദയത്തിലേക്ക് എത്തുന്ന ഓക്സിജന്‍റെ അളവ് കുറയ്ക്കുകയും രക്തസമ്മര്‍ദം ഉയര്‍ത്തുകയും രക്തധമനികള്‍ക്ക് കേട് വരുത്തുകയും ക്ലോട്ടുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.
6. വ്യായാമം ഇല്ലാത്ത ജീവിതശൈലി
സജീവമല്ലാത്ത ജീവിതശൈലിയാണ് ഹൃദ്രോഗ സാധ്യതയുയര്‍ത്തുന്ന മറ്റൊരു ഘടകം. മിതമായ തോതില്‍ നിത്യവുമുള്ള വ്യായാമം വഴി അമിതവണ്ണം, പ്രമേഹം, കൊളസ്ട്രോള്‍ എന്നിവയെല്ലാം നിയന്ത്രിക്കാന്‍ കഴിയും. ഇത് ഹൃദയാരോഗ്യത്തെയും മികച്ചതാക്കി നിലനിര്‍ത്തും. മുതിര്‍ന്നവര്‍ ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റ് നടപ്പ് പോലുള്ള മിതമായ വ്യായാമത്തില്‍ ഏര്‍പ്പെടേണ്ടതാണ്.
7. സമ്മര്‍ദം
മാനസികമായ സമ്മര്‍ദം പലരെയും ഹൃദയാഘാതത്തിലേക്ക് തള്ളി വിടാറുണ്ട്. ശ്വസന വ്യായാമങ്ങള്‍, യോഗ, മികച്ച ടൈം മാനേജ്മെന്‍റ് എന്നിവയെല്ലാം മാനസിക സമ്മര്‍ദത്തെ ഒരു പരിധി വരെ ഒഴിവാക്കാന്‍ സഹായിക്കും.
8. ലിംഗപദവി
ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്ക് കൂടുതലാണ്. അതേ സമയം ഹൃദയാഘാതം മൂലം മരണപ്പെടാനുള്ള സാധ്യത സ്ത്രീകള്‍ക്കാണ് കൂടുതല്‍.
9. വാര്‍ധക്യം
പ്രായം കൂടും തോറും ഹൃദയാഘാതത്തിനുള്ള സാധ്യതയും വര്‍ധിക്കും. 45 വയസ്സിനു ശേഷം പുരുഷന്മാരിലും 50 നു ശേഷം സ്ത്രീകളിലും ഹൃദയാഘാത സാധ്യത ഉയരുന്നു. ഇതിനാല്‍ പ്രായമായവര്‍ ആവശ്യമായ പരിശോധനകള്‍ നടത്തേണ്ടതും ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ ഒഴിവാക്കേണ്ടതുമാണ്.
Content Summary: Heart attack; Risk factors