ADVERTISEMENT

ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട ചർച്ചകളിലെ ഒരു പ്രധാന വിഷയമാണ് ഇൻഫ്ലമേഷൻ. വൈറസ്, ബാക്ടീരിയ, കെമിക്കലുകൾ തുടങ്ങി മനുഷ്യ ശരീരത്തെ ദോഷകരമായി ബാധിക്കുന്ന ചില കാര്യങ്ങളെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ വളരെ സങ്കീർണമായ പ്രതിരോധ പ്രവർത്തനമാണിത്. എന്നാൽ ഈ പ്രതിരോധ സംവിധാനം ചില സാഹചര്യങ്ങളിൽ അപകടകരമാകാം. ഇതിനെയാണ് ക്രോണിക് ഇൻഫ്ലമേഷൻ എന്നു പറയുന്നത്. മനുഷ്യന് ഉപകാരിയായും അപകടകാരിയായും പ്രവർത്തിക്കുന്ന ഈ  പ്രതിരോധ സംവിധാനത്തെക്കുറിച്ചു കൂടുതൽ അറിയാം...

എന്താണ് ഇൻഫ്ലമേഷൻ
പനി, മുറിവുകൾ തുടങ്ങി ശരീര കോശങ്ങളെ ബാധിക്കുന്ന ആഘാതങ്ങളെ പ്രതിരോധിക്കുന്ന മനുഷ്യ ശരീരത്തിലെ സംവിധാനമാണ് ഇൻഫ്ലമേഷൻ. ഇത്തരം സാഹചര്യങ്ങളിൽ രക്തത്തിലെ പട്ടാളക്കാർ എന്നറിയപ്പെടുന്ന ശ്വേതരക്താണുക്കൾ (white blood cells) പ്രവർത്തിക്കും. ശ്വേതരക്താണുക്കളെ ശരീരം എപ്പോഴും ഉൽപാദിപ്പിച്ചുകൊണ്ടിരിക്കും. 1 ക്യൂബിക് മി.മി രക്തത്തിൽ 8000 മുതൽ 9000 വരെ ശ്വേതരക്താണുക്കൾ അടങ്ങിയിട്ടുണ്ട്. 15 മുതൽ 20 വരെ ദിവസമാണ് ഇവയുടെ ആയുസ്സ്. പനി രോഗമല്ല, രോഗലക്ഷണമാണ് എന്നു പറയാറില്ലേ?  ദോഷകരമാകുന്ന ബാക്ടീരിയകളും വൈറസുകളും ശരീരത്തെ ആക്രമിക്കുമ്പോൾ അതിനെ പ്രതിരോധിക്കാനായി ശ്വേതരക്താണുക്കൾ പ്രവർത്തിച്ചു കൊണ്ടേയിരിക്കും. ഇത്തരം സാഹചര്യങ്ങളിലാണ് നമുക്ക് പനിയും തലവേദനയുമൊക്കെയുണ്ടാകുന്നത്. മുറിവോ ചതവോ ഉണ്ടാകുമ്പോൾ വീക്കമുണ്ടാകുന്നതും ഈ പ്രതിരോധ സംവിധാനം പ്രവർത്തിക്കുന്നതുകൊണ്ടാണ്.

ക്രോണിക് ഇൻഫ്ലമേഷൻ
രക്തത്തിൽ ശ്വേതരക്താണുക്കൾ അമിതമായി ഉൽപാദിപ്പിക്കപ്പെടുന്നതാണ് ക്രോണിക് ഇൻഫ്ലമേഷൻ. അപ്പോൾ ശരീരത്തിലെ പ്രതിരോധ പ്രവർത്തനം  നടക്കാതെ വരുന്നു. പ്രതിരോധ സംവിധാനങ്ങൾ താളംതെറ്റുമ്പോൾ ശ്വേതരക്താണുക്കൾ ആരോഗ്യമുള്ള കോശങ്ങളെത്തന്നെ ശത്രുക്കളായി തെറ്റിദ്ധരിക്കുകയും നശിപ്പിക്കുകയും ചെയ്യും. ഇതിന്റെ ഫലമായി പനി, ക്ഷീണം, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങൾ കാണപ്പെടും. ഒരു മൈക്രോലീറ്റർ രക്തത്തിൽ ശ്വേതരക്താണുക്കളുടെ അളവ് പതിനൊന്നായിരത്തിൽ കൂടുന്നതും നാലായിരത്തിൽ താഴെ കുറയുന്നതും അപകടമാണ്. അകാല വാർധക്യം, ആസ്മ, കാൻസർ അടക്കം നിരവധി രോഗങ്ങൾക്ക് ക്രോണിക് ഇൻഫ്ലമേഷൻ കാരണമാകുന്നു

ക്രോണിക് ഇൻഫ്ലമേഷനു കാരണമാകുന്നതെന്ത്
ആരോഗ്യകരമല്ലാത്ത ഭക്ഷണവും ചിട്ടയില്ലാത്ത ജീവിത ക്രമവുമാണ് ശരീരത്തിലെ പ്രതിരോധ പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്നതെന്നാണ് കൊളംബിയ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. ശിൽപ്പ രാവെല്ല പറയുന്നത്. നമ്മൾ ശ്വസിക്കുന്ന വായുവും കഴിക്കുന്ന ഭക്ഷണവും മലിനമാണ്. ചിട്ടയായ ജീവിത ക്രമത്തിലൂടെ മാത്രമേ ഇതിനെ തടയാൻ സാധിക്കൂ. പാതി വേവിച്ച് പാക്കറ്റിലാക്കി ലഭിക്കുന്ന ഭക്ഷണ സാധനങ്ങൾ ഒഴിവാക്കുക, പഴങ്ങളും പച്ചക്കറികളും കഴിക്കുക, നന്നായി ഉറങ്ങുക, വ്യായാമം ചെയ്യുക. ഇതിലൂടെ ക്രോണിക് ഇൻഫ്ലമേഷനെ ഒരു പരിധിവരെ തടയാം.

Content Summary: Inflammation and White blood cells

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com