ADVERTISEMENT

മഴക്കാലം പനിക്കാലം മാത്രമല്ല, ചർമരോഗങ്ങളുടെയും കാലമാണ്. തൊലിയെ ബാധിക്കുന്ന ഫംഗസ് അണുബാധയുൾപ്പെടെ ഒട്ടുമിക്ക ചർമ രോഗങ്ങളുടെയും തീവ്രത മഴക്കാലത്തു കൂടും. ശരീരത്തിൽ ഈർപ്പവും വിയർപ്പും തങ്ങിനിൽക്കുന്നതാണു കാരണം. വെള്ളത്തിൽ ഏറെ നേരം ചവിട്ടി നിൽക്കുന്നവരിൽ കാൽ വിരലുകൾക്കിടയിലെ തൊലി കുതിർന്നു കൊഴിഞ്ഞു പോകുന്ന ‘വളംകടി’യുണ്ടാകും. പ്രമേഹമുൾപ്പെടെയുള്ള രോഗങ്ങളുള്ളവരിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും ഇത്തരം അസുഖങ്ങൾ പെട്ടെന്നു ബാധിക്കും. 

ഇതിൽ നിന്നു രക്ഷപ്പെടാൻ കാലുകൾ എപ്പോഴും ഡ്രൈ ആക്കി വയ്ക്കണം. ഡോക്ടറുടെ നിർദേശപ്രകാരം ആന്റി ഫംഗൽ മരുന്നുകൾ ഉപയോഗിക്കാവുന്നതാണ്.

സ്കൂളിലേക്കു പോകുന്ന കുട്ടികളുടെ ഷൂസും സോക്സുമെല്ലാം മഴയിൽ നനഞ്ഞു കുതിരും. ഈ സോക്സുകൾ മാറാതെ കാലുകൾ നനഞ്ഞു തന്നെ ഇരുന്നാൽ അണുബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. മഴയിൽ പതിവായി യാത്ര ചെയ്യുന്നവരുടെ ശരീരത്തിൽ ഈർപ്പം നിറഞ്ഞു വട്ടച്ചൊറി, പുഴുക്കടി എന്നൊക്കെ വിളിക്കുന്ന ‘ടിനിയ കോർപറിസ്’ എന്ന രോഗം വരാം. തുടയിടുക്ക്, കക്ഷം, വയറിന്റെ താഴ്ഭാഗം, സ്ത്രീകളിൽ മാറിടത്തിനു താഴ്ഭാഗം എന്നിവിടങ്ങളിൽ ഈ രോഗം വരാം. ഒരുമിച്ചു താമസിക്കുന്നവർക്കിടയിൽ ഇതു പകരാൻ സാധ്യതയുള്ളതിനാൽ ആർക്കെങ്കിലും രോഗങ്ങളുണ്ടെങ്കിൽ തോർത്ത്, സോപ്പ് തുടങ്ങിയവ പൊതുവായി ഉപയോഗിക്കരുത്. വർഷകാലത്ത് അടിവസ്ത്രം ഉൾപ്പെടെയുള്ളവ നന്നായി ഉണങ്ങിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ. കുട്ടികളുടെ യൂണിഫോമിന്റെ കാര്യത്തിലും ഈ ശ്രദ്ധ വേണം.

 

ഈർപ്പം നിറഞ്ഞ ബാക്ടീരിയ വളർച്ച കൂടുന്നതു മൂലം കാലിനു ദുർഗന്ധം വരുന്ന പിറ്റഡ് കെരറ്റൊളൈസിസ് എന്ന അസുഖവും മഴക്കാലത്ത് കൂടാറുണ്ട്. ചിലപ്പോൾ കാലിന്റെ അടിവശത്തു ചെറിയ കുഴികൾ പോലെ ഇതു മാറാം. ആന്റി ബാക്ടീരിയൽ ക്രീമാണു പുരട്ടേണ്ടത്. ചെറിയ ചാഴി പോലുള്ള അണുക്കൾ (മൈറ്റ്സ്) ശരീരത്തിന്റെ തൊലിയെ ബാധിക്കുന്നതു മൂലമുള്ള സ്കേബീസ് എന്ന രോഗവും മഴക്കാലത്ത് കൂടും. ഇതു മൂലം കൈവിരലുകൾ, കക്ഷം, നെഞ്ച് ഭാഗത്ത്, ജനനേന്ദ്രിയങ്ങൾ എന്നിവിടങ്ങളിൽ ചെറിയ കുരുക്കളും അസഹ്യമായ ചൊറിച്ചിലുമുണ്ടാകും. 

 

നഖത്തിലെ അണുബാധ, നഖവും തൊലിയും ചേരുന്ന ഭാഗത്തുണ്ടാകുന്ന പഴുപ്പ് എന്നിവയും വർഷക്കാലത്തു കൂടാനിടയുണ്ട്. മുഖക്കുരു, താരൻ തുടങ്ങിയവയും മഴക്കാലത്ത് കൂടും. കുളിച്ചു കഴിഞ്ഞു മുടി ഉണങ്ങുന്നതിനു മുൻപു തന്നെ ഹെൽമറ്റ് വച്ചു യാത്ര ചെയ്യേണ്ടി വരുന്നവരിൽ ഈർപ്പം നിറഞ്ഞു താരൻ കൂടും. ശരീരവും വസ്ത്രങ്ങളും ഈർപ്പമില്ലാതെ സൂക്ഷിക്കുകയെന്നതാണു മഴക്കാലത്ത് ത്വക്‌രോഗങ്ങളിൽ നിന്നു രക്ഷപ്പെടാനുള്ള വഴി.

(വിവരങ്ങൾ: ഡോ. അബിൻ ഏബ്രഹാം ഇട്ടി, ത്വക്‌രോഗ വിഭാഗം മേധാവി, വിപിഎസ് ലേക്‌ഷോർ ആശുപത്രി)

Content Summary: Monsoon season skin care tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com