ADVERTISEMENT

മോശം ദന്താരോഗ്യം തലച്ചോറിന്റെ വ്യാപ്തി കുറച്ച് അൽസ്ഹൈമേഴ്സ് പോലുള്ള മേധാശക്തി ക്ഷയിക്കുന്ന രോഗങ്ങളിലേക്ക്  നയിക്കാമെന്ന് പഠനം. മോണരോഗവും പല്ല് നഷ്ടവും ഓര്‍മശക്തിയുടെ കാര്യത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന ഹിപ്പോക്യാംപസിന്‍റെ ചുരുക്കവുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. ജപ്പാനിലെ ടൊഹോകു സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. 

 

ശരാശരി 67 വയസ്സ് പ്രായമുള്ള 172 പേര്‍ ഗവേഷണത്തില്‍ പങ്കെടുത്തു. പഠനത്തിന്‍റെ തുടക്കത്തില്‍ ഇവര്‍ക്കാര്‍ക്കും ഓര്‍മപ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇവരുടെ പല്ലിന്‍റെ ആരോഗ്യവും ഓര്‍മശക്തിയും ഗവേഷകര്‍ പരിശോധിച്ചു. പഠനത്തിന്‍റെ തുടക്കത്തില്‍ ഹിപ്പോക്യാംപസിന്‍റെ വലുപ്പം നിര്‍ണയിക്കാനായി സ്കാനുകളും നടത്തി. നാലു വര്‍ഷത്തിന് ശേഷം ഈ പരിശോധനകള്‍ ആവര്‍ത്തിച്ചു. 

 

ഇതില്‍ നിന്ന് പല്ലുകളുടെ എണ്ണവും മോണരോഗങ്ങളും തലച്ചോറിന്‍റെ ഇടത് ഹിപ്പോക്യാംപസിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തി. മിതമായ തോതില്‍ മോണരോഗമുള്ളവരുടെ ഇടത് ഹിപ്പോക്യാംപസിന്‍റെ ചുരുക്കം കടുത്ത മോണരോഗമുള്ളവരുടെ ഹിപ്പോക്യാംപസിന്‍റെ ചുരുക്കത്തേക്കാള്‍ കുറവായിരുന്നതായും ഗവേഷകര്‍ നിരീക്ഷിച്ചു. കടുത്ത മോണരോഗമുള്ളവരില്‍ തലച്ചോറിന്‍റെ വാര്‍ധക്യം സാധാരണയിലും അപേക്ഷിച്ച് 1.3 വര്‍ഷം കൂടുതലായിരുന്നതായും ഗവേഷകര്‍ പറയുന്നു. 

 

രാത്രിയില്‍ ദന്ത ശുചിത്വം ഒഴിവാക്കുന്നത് ഹൃദ്രോഗസാധ്യ വര്‍ധിപ്പിക്കുന്നതായി സമീപകാലത്ത് നടന്ന മറ്റൊരു പഠനവും ചൂണ്ടിക്കാട്ടിയിരുന്നു. പല്ലുകള്‍ പോകാതെ സൂക്ഷിച്ചതു കൊണ്ടു മാത്രമായില്ല, അവ നന്നായി പരിപാലിച്ച് മോണരോഗമുണ്ടാകാതെ കാക്കണമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ടൊഹോകു  സര്‍വകലാശാലയിലെ സതോഷി യമാഗുച്ചി പറഞ്ഞു. ന്യൂറോളജി ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.

Content Summary: Poor Oral Hygiene May Shrink the Brain and Increase Alzheimer's Risk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com