ADVERTISEMENT

ഓർമവച്ച നാൾ മുതൽ കേൾക്കാൻ തുടങ്ങിയതാണ് ഉമ്മൻചാണ്ടി സാറെന്ന കോട്ടയത്തുകാരുടെ സ്വന്തം O.C യെ കുറിച്ച്. പ്രഗൽഭരായ നിരവധി രാഷ്ട്രീയ നേതാക്കൾക്ക് ജന്മം കൊടുത്ത കോട്ടയത്തിന്റെ മണ്ണ് ഉമ്മൻചാണ്ടി എന്ന അതികായനേയും കേരളത്തിന്റെ രാഷ്ട്രീയത്തിന് സമ്മാനിച്ചു. പത്രം വായന തുടങ്ങിയതു മുതലാണ് ഉമ്മൻചാണ്ടി സാറിന്റെ രാഷ്ട്രീയത്തെ കുറിച്ച് അടുത്തറിയാൻ തുടങ്ങിയത്. പാവപ്പെട്ടവർക്ക് വേണ്ടി എന്നും നിലകൊണ്ട അദ്ദേഹം കോൺഗ്രസിന്റെ കേരളത്തിലെ ഏറ്റവും ജനസമ്മതിയുള്ള നേതാവായിരുന്നുവെന്ന് എതിരാളികൾ പോലും സമ്മതിക്കും.

ലളിതമായ ജീവിതവും കറ പുരളാത്ത രാഷ്ട്രീയവും അദ്ദേഹത്തിന്റെ കൈമുതലായിരുന്നു. 

തനിക്കു മാത്രം സ്വന്തമായ ഒരു O. C സ്റ്റൈൽ അദ്ദേഹത്തിനുണ്ടായിരുന്നു എന്ന് നമുക്ക് അറിയാവുന്നതാണ്. മറ്റാർക്കും അത് സാധ്യമായ ഒന്നല്ല. അദ്ദേഹം നടത്തിയിരുന്ന ജനസമ്പർക്ക പരിപാടി തന്നെ അതിന് ഉദാഹരണമാണ്. ഒരു ഗ്ലാസ് കഞ്ഞി വെള്ളമോ കരിക്കിൻ വെള്ളമോ കുടിച്ചുകൊണ്ട് മണിക്കൂറുകളോളം ജനങ്ങളുടെ ഇടയിൽ നിന്നുകൊണ്ട് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം നൽകാൻ കഴിയുന്ന ഉമ്മൻചാണ്ടി സാറിനെ നമുക്കെല്ലാവർക്കും അറിയാം. കോട്ടയത്തെ തൊട്ടടുത്ത മണ്ഡലമായ പുതുപ്പള്ളിയെ അദ്ദേഹം 50ലേറെ വർഷത്തോളമാണ്  പ്രതിനിധീകരിച്ചത്. ഞാനിപ്പോൾ താമസിക്കുന്ന വീട്ടിൽ നിന്നും 5 കിലോമീറ്റർ താഴെയാണ് അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള ദൂരം.

അദ്ദേഹത്തെ കാണണമെന്നും പരിചയപ്പെടണമെന്നും ചെറുപ്പകാലം മുതലേയുള്ള ഒരു ആഗ്രഹമായിരുന്നു. ചില പൊതു പരിപാടികളിൽ കണ്ടുവെന്നത് ഒഴിച്ചാൽ ആ ആഗ്രഹം മനസ്സിൽ മൂടി കിടന്നു.

നിർഭാഗ്യമെന്ന് പറയട്ടെ ആ അവസരം ലഭിച്ചത് അദ്ദേഹം കാൻസർ ബാധിതനായതിന് ശേഷമാണ്. ആദ്യം കണ്ടത് അദ്ദേഹത്തിന്റെ പത്നി മറിയമ്മയെയും മകൻ ചാണ്ടി ഉമ്മനെയുമാണ്.

വർഷങ്ങൾക്കു മുൻപ് ഞാൻ തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ജി. ജി  ആശുപത്രിയിലേക്ക് അദ്ദേഹത്തിന്റെ ചില റിപ്പോർട്ടുകളുമായി അവർ വന്നു. ചികിത്സയെ സംബന്ധിച്ച കാര്യങ്ങൾ അവരുമായി സംസാരിച്ചു.

ഉമ്മൻചാണ്ടി സാറിനെ പോലെ ഒരു വി.വി.ഐ.പിയെ ചികിത്സിക്കുമ്പോൾ സ്വാഭാവികമായും പല കോണുകളിൽ നിന്നും പല സമ്മർദ്ദങ്ങളും, അഭിപ്രായങ്ങളും ഉണ്ടാകും. അതുകൊണ്ടുതന്നെ വലിയ ജാഗ്രതയും വേണ്ടിവരും.

ചികിത്സ, കൃത്യമായ പ്രോട്ടോക്കോൾ പാലിച്ചും അതേസമയം സാറിന്റെ കുടുംബത്തിന്റെ കൂടെ അഭിപ്രായങ്ങളെ മുഖവിലക്കെടുത്തുമാണ് മുന്നോട്ടുപോയത്. എന്ത് ചികിത്സ എടുക്കണം എന്നുള്ളത് തികച്ചും വ്യക്തിപരമായിട്ടുള്ളതും കുടുംബത്തിന്റേതുമായിട്ടുള്ള തീരുമാനമാണ്.

Read Also: ‘ഡോക്ടർക്ക് ഇപ്പോൾ തിരികെ ജോലിയിൽ കയറണം അല്ലേ?’; ഉമ്മൻചാണ്ടിയുടെ ഒറ്റ ചോദ്യത്തിലൂടെ സംഭവിച്ചത്

അതിനുശേഷം പലപ്പോഴും ചികിത്സയെ സംബന്ധിച്ച വിശദാംശങ്ങൾ സംസാരിക്കാൻ ഉമ്മൻചാണ്ടി സാർ ഫോണിൽ ബന്ധപ്പെടുമായിരുന്നു. പിന്നീട് നമുക്കെല്ലാം അറിയുന്നതുപോലെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിക്കൊണ്ടിരുന്നു. ചാണ്ടി ഉമ്മനുമായും രോഗ വിവരങ്ങളും ചികിത്സയുടെ കാര്യങ്ങളും സംസാരിച്ചിരുന്നു.

ബെംഗളൂരുവിൽ പോയി തിരിച്ചു വരുമ്പോൾ അദ്ദേഹം എന്നെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായി കുടുംബാംഗങ്ങൾ പറഞ്ഞതനുസരിച്ച്  ഞാൻ അദ്ദേഹത്തിന്റെ തിരുവനന്തപുരത്തുള്ള വസതിയിൽ ചെന്ന് കാണുകയും ചെയ്തു. എപ്പോഴും ആൾക്കൂട്ടത്തിന്റെ ഇടയിൽ ആയിരുന്ന അദ്ദേഹത്തെ അടുത്ത് കാണാൻ ബുദ്ധിമുട്ടായിരിക്കും എന്നാണ് ആളുകൾ വിശ്വസിച്ചിരുന്നത്. കുളിമുറിയുടെ പുറത്തുപോലും ആളുകൾ എപ്പോഴും ഉണ്ടാകും എന്നൊരു ചൊല്ലും നിലവിൽ ഉണ്ടായിരുന്നു.

എന്നാൽ അവിടെ ചെന്നപ്പോൾ അദ്ദേഹവും ഭാര്യയും രണ്ട് സഹായികളുമാണ് ഉണ്ടായിരുന്നത്. അല്പസമയം കാത്തിരുന്നു. നോക്കുമ്പോൾ എന്റെ അടുത്തേക്ക് ഉമ്മൻചാണ്ടി സാർ നടന്നുവരുന്നു.

സാറിനെ കണ്ടപ്പോൾ വലിയ വിഷമം തോന്നി. ചെറുപ്പം മുതലേ കണ്ടിരുന്ന ഊർജ്ജസ്വലനായ ഉമ്മൻചാണ്ടി സാറിൽ നിന്ന്  തികച്ചും വ്യത്യസ്തമായിരുന്നു അദ്ദേഹത്തിന്റെ അപ്പോഴത്തെ ശാരീരിക അവസ്ഥ. അദ്ദേഹത്തിന്റെ ശബ്ദം വളരെയധികം നേർത്തു പോയിരുന്നു. തുടർചികിൽസയെക്കുറിച്ച് അദ്ദേഹം എന്നോട് ചോദിച്ചു. 

ഈ സാഹചര്യത്തിൽ ഇമ്മ്യൂണോ തെറാപ്പി മാത്രമേ ഫലപ്രദമാകൂ എന്ന് ഞാൻ പറഞ്ഞു. മറ്റ് ചികിത്സയ്ക്കുള്ള ആരോഗ്യസ്ഥിതി അദ്ദേഹത്തിനുണ്ടായിരുന്നില്ല. അദ്ദേഹം അത് എടുക്കാൻ തീരുമാനിക്കുകയും ബെംഗളൂരുവിൽ പോയി ചികിത്സ തുടരുകയും ചെയ്തു. കുടുംബാംഗങ്ങളുമായി നിരന്തരം സംസാരിക്കാറുണ്ടായിരുന്നു.

വർഷങ്ങളായി കാൻസറിന് ചികിത്സിക്കുന്ന അദ്ദേഹത്തിന് അപ്പോഴത്തെ ആരോഗ്യസ്ഥിതി വച്ച് വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുവാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും പൂർവ സ്ഥിതിയിൽ എത്തണമെന്ന് തന്നെയായിരുന്നു നമ്മളുടെ പ്രാർഥന.

പിന്നീട് മാധ്യമങ്ങളിൽ നിന്ന് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാകുന്നത് നമ്മളെല്ലാം അറിഞ്ഞു. അവസാനം ഇന്ന് രാവിലെ ആ വാർത്ത നമ്മളെ തേടിയെത്തി. നമുക്കെല്ലാം പ്രിയപ്പെട്ട ഉമ്മൻചാണ്ടി സാർ വിട പറഞ്ഞിരിക്കുന്നു.

അന്ന് വീട്ടിൽ ചെന്ന്  കണ്ടപ്പോൾ അദ്ദേഹത്തോട് ഒരു ഓർമ പങ്കിട്ടിരുന്നു. അത് മാന്നാനം കെ. ഇ കോളേജിൽ കെഎസ്‌യു ന് വേണ്ടി പ്രവർത്തിച്ചിരുന്ന സമയത്ത് ആവേശത്തോടെ അദ്ദേഹത്തിന് വേണ്ടി മുദ്രാവാക്യം വിളിച്ചതിനെ കുറിച്ചായിരുന്നു.

അദ്ദേഹത്തോട് അത് പറയുമ്പോഴും ആവേശം കൊണ്ട് ഞാൻ വീർപ്പുമുട്ടി. അത് കേട്ടപ്പോൾ അദ്ദേഹത്തിനും സന്തോഷമായി. പുഞ്ചിരിച്ചു.

Read Also: ‘ഡോക്ടറെ ഞാൻ ഉമ്മൻ ചാണ്ടിയാണ്’; ‘ഫോൺ വച്ചിട്ട് പോടാ ഉമ്മൻ ചാണ്ടി’ എന്ന് ഞാനും;ഡോ.സുൽഫി നൂഹൂവിന് പറ്റിയ അബദ്ധം

പിന്നീട് ഞാൻ സാറിനോട് കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണം എന്ന ആഗ്രഹം പ്രകടിപ്പിച്ചു. അദ്ദേഹം സന്തോഷത്തോടെ അതിന് സമ്മതിച്ചു. അതായിരുന്നു ഉമ്മൻചാണ്ടി സാർ.

ആർക്കും എപ്പോഴും എവിടെ വെച്ചും എന്താവശ്യത്തിനും സമീപിക്കാവുന്ന സവിശേഷമായ വ്യക്തിത്വം.

എല്ലാ മരണങ്ങളും നഷ്ടങ്ങൾ ആണെങ്കിലും ഈ നഷ്ടം ഇനിയൊരിക്കലും ആർക്കും നികത്താൻ ആവാത്തത് തന്നെയാണ്.

ഒരുപാട് സ്നേഹത്തോടെ..

ആദരാഞ്ജലികൾ..

Content Summary: Dr.Boben Thomas about Oommen Chandy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com