ADVERTISEMENT

ഹൈക്കോടതിയെ സമീപിച്ച് ഡിവിഷൻ ബെഞ്ചിന്റെ അനുകൂല ഉത്തരവ് നേടിയിട്ടും ജോലിയിൽ പ്രവേശിക്കാൻ സാധിക്കാതിരുന്ന ഫോറൻസിക് സർജൻ ഡോ.ഉൻമേഷ്.എ.കെ.യ്ക്ക് ഉമ്മൻചാണ്ടിയുടെ ഒറ്റ ചോദ്യത്തിലൂടെ ഒരാഴ്ചയ്ക്കകം ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞ അനുഭവം അദ്ദേഹം പങ്കുവയ്ക്കുന്നു 

‘ഡോക്ടർക്ക് ഇപ്പോൾ തിരികെ ജോലിയിൽ കയറണം അല്ലേ..? അതല്ലേ ആവശ്യം..?’ എന്റെ കയ്യിലിരുന്ന അപേക്ഷയും അതോടൊപ്പം ഉണ്ടായിരുന്ന ഹൈ കോർട്ട് ഓർഡറും വായിച്ചുനോക്കിയ ശേഷം അദ്ദേഹം ചോദിച്ച ഈ ചോദ്യം ഞാൻ എന്റെ ജീവിതത്തിൽ മറക്കില്ല. കാരണം ഇതേ രേഖകൾ ഉണ്ടായിരുന്നിട്ടും ആറ് മാസത്തിലധികമായി തീരുമാനമാക്കാതെ തള്ളിനീക്കിയിരുന്ന ഒരു ഫയലിന്റെ സെക്രട്ടറിയറ്റ് ജീവിതത്തിന് ആ ചോദ്യത്തോടുകൂടി ആത്മശാന്തി ലഭിക്കുകയായിരുന്നു. അന്നത്തെ ആരോഗ്യമന്ത്രി ആയിരുന്ന വി.എസ്‌ ശിവകുമാറിനെ നേരിട്ട് കണ്ടുസംസാരിച്ചിട്ടും അദ്ദേഹത്തിന്റെ ഓഫീസിൽ പലതവണ കയറിയിറങ്ങിയിട്ടും അക്ഷരാർഥത്തിൽ ഒരൽപ്പം ശത്രുതാമനോഭാവത്തോടുകൂടി പൂഴ്ത്തിവെച്ചിരുന്ന ആ ഫയലിൽ ഒരു കൃത്യമായ തീരുമാനമുണ്ടായത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി സാറിനെ നേരിട്ട് കണ്ടതിലൂടെയും അദ്ദേഹത്തിന്റെ ആ ചോദ്യത്തിലൂടെയും മാത്രം ആയിരുന്നു.

അതു കഴിഞ്ഞു വെറും ഒരാഴ്ചയ്ക്കുള്ളിൽ എനിക്ക് ആലപ്പുഴ മെഡിക്കൽ കോളജിൽ ജോലിയിൽ പ്രവേശിക്കാൻ സാധിച്ചു എന്നതാണ് ആ ചോദ്യത്തിന്റെ അനന്തരഫലം...

സൗമ്യകേസുമായി ബന്ധപ്പെട്ട് 2011 നവംബർ മാസത്തിൽ സസ്‌പെൻഷനിൽ ആവുകയും തുടർന്ന് മാലപ്പടക്കം പോലെ എൻക്വയറികൾ നടക്കുകയും ചെയ്‌തെങ്കിലും എന്തെങ്കിലും ഒരു വ്യക്തമായ തീരുമാനം എടുക്കാതെ ഓരോരോ ന്യായങ്ങൾ പറഞ്ഞ് (സത്യത്തിൽ ഒന്നും പറഞ്ഞിരുന്നില്ല...വെറും നിശബ്ദത ആയിരുന്നു പ്രതികരണം) നീട്ടിക്കൊണ്ടുപോയിരുന്ന ഒരു സസ്‌പെൻഷൻ കാലയളവ്.

Read Also: ‘ഡോക്ടറെ ഞാൻ ഉമ്മൻ ചാണ്ടിയാണ്’; ‘ഫോൺ വച്ചിട്ട് പോടാ ഉമ്മൻ ചാണ്ടി’ എന്ന് ഞാനും;ഡോ.സുൽഫി നൂഹൂവിന് പറ്റിയ അബദ്ധം

അതിനെത്തുടർന്നാണ് ഞാൻ ഹൈ കോടതിയെ സമീപിച്ചതും ഡിവിഷൻ ബെഞ്ചിന്റെ ഒരു അനുകൂല ഉത്തരവ് നേടിയതും. 2012 മാർച്ച് മാസംമുതൽ അന്നത്തെ ആരോഗ്യമന്ത്രിയെയും ആരോഗ്യവകുപ്പിലെ മറ്റു അധികാരികളെയും പലതവണ കണ്ടിട്ടും മാസങ്ങളായി യാതൊരു അനുകൂലനടപടിയും ഇല്ലാതായപ്പോഴാണ് മെഡിക്കൽ കോളജ് സെർവിസിൽ നിന്നും റിട്ടയർ ചെയ്ത അനാട്ടമി വിഭാഗം പ്രൊഫസർ ഡോ. കുര്യൻ സർ വിളിച്ചിട്ട് നമുക്കൊന്ന് ഓ.സിയെ നേരിട്ട് കാണാം എന്നു നിർദ്ദേശിച്ചത്.

ആദ്യം കാര്യം മനസ്സിലായില്ലെങ്കിലും മുഖ്യമന്ത്രിയെ കാണാം എന്നതും ഉമ്മൻ ചാണ്ടി സാറിനെ സ്നേഹപൂർവ്വം വിശേഷിപ്പിക്കുന്ന പേരായിരുന്നു ഓ.സി എന്നതും പിന്നീടാണ് എനിക്ക് മനസ്സിലായത്.

പിന്നീടൊരു ദിവസം, 2012 ഒക്ടോബർ മാസത്തിൽ കുര്യൻ സാറിനോടൊപ്പം മുഖ്യമന്ത്രിയെ കണ്ടപ്പോഴാണ് അദ്ദേഹത്തിന്റെ ആ ചോദ്യം.

ഏതെങ്കിലും തരത്തിലുള്ള മുൻവിധികളില്ലാതെ,

എന്തെങ്കിലും തരത്തിലുള്ള നീരസങ്ങൾ കാണിക്കാതെ,

തികച്ചും സൗമ്യമായും, സംയമനത്തോടെയും ആയിരുന്നു അദ്ദേഹം കാര്യങ്ങൾ ചോദിച്ചറിഞ്ഞത്...

അതിന്റെ തുടർച്ചയായിരുന്നു ആ ചോദ്യവും...

അതുകഴിഞ്ഞു ഫോറൻസിക് മെഡിസിനെ സംബന്ധിച്ച പൊതുവായ ചില ചോദ്യങ്ങളും.

ഇനി മന്ത്രിയുടെ ഓഫീസിൽ പോകേണ്ടതില്ലെന്നും കൂടുതൽ കാര്യങ്ങൾ ആരോഗ്യവകുപ്പിൽ അന്വേഷിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞപ്പോൾ അതിന്റെ ഫലപ്രാപ്തിക്കായി ഒരാഴ്ചയിൽ കുറവേ എടുക്കൂ എന്നു ഞാൻ സ്വപ്നത്തിൽപോലും കരുതിയിരുന്നില്ല...

Read Also: മറ്റ് ചികിത്സയ്ക്കുള്ള ആരോഗ്യസ്ഥിതി അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല; ബെംഗളൂരുവിൽ പോയി തിരിച്ചുവന്ന ഉമ്മൻചാണ്ടിയെക്കുറിച്ച് ഡോ.ബോബൻ തോമസ് 

അങ്ങനയാണ് ഒരു വർഷം നീണ്ട ആ സസ്‌പെൻഷൻ കാലയളവിന് ഒരു തിരശീല വീഴുന്നതും ആലപ്പുഴ മെഡിക്കൽ കോളജിൽ ജോലിയിൽ പ്രവേശിക്കുന്നതും.

ആ 'തിരികെ കയറൽ' ഒരു നാഴികക്കല്ലായിരുന്നു...

തുടർന്നും പൊരുതിക്കൊണ്ടേയിരിക്കാനുള്ള ഊർജ്ജവും ആർജ്ജവവും പകർന്നുതന്ന ഒരു മാറ്റം...

കടപ്പാടുണ്ട്, അദ്ദേഹത്തോട്...

പറഞ്ഞറിയിക്കാനോ എഴുതിവയ്ക്കാനോ കഴിയാത്തത്ര...

ആദരാഞ്ജലികൾ...

Content Summary: Dr Unmesh about Former Cheif Minister Oommen Chandy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com