ADVERTISEMENT

മധുരത്തിന് പകരം സോഡ ചേര്‍ന്ന ചില മധുരപാനീയങ്ങളിലും ച്യൂയിങ് ഗമ്മിലും ഐസ്ക്രീമിലും യോഗര്‍ട്ടിലും ടൂത്ത്പേസ്റ്റിലുമെല്ലാം ഉപയോഗിക്കുന്ന കൃത്രിമ മധുരമാണ് അസ്പാടേം. ഇതിന്‍റെ ഉപയോഗം അര്‍ബുദത്തിന് കാരണമാകാമെന്ന് ലോകാരോഗ്യ സംഘടനയുടെ ഭാഗമായ ഇന്‍റര്‍നാഷനല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍(ഐഎആര്‍സി) കഴിഞ്ഞ ദിവസം പുറത്ത് വിട്ട പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കരളിനെ ബാധിക്കുന്ന ഒരു തരം അര്‍ബുദമായ ഹെപ്പാറ്റോ സെല്ലുലാർ കാര്‍സിനോമയുമായി അസ്പാടേം ഉപയോഗത്തിന് ബന്ധമുണ്ടെന്ന് ഐഎആര്‍സി റിപ്പോര്‍ട്ട് പറയുന്നു. 

 

ലോകാരോഗ്യ സംഘടനയും ഐഎആര്‍സിയും ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍റെ ജോയിന്‍റ് എക്സ്പര്‍ട്ട് കമ്മിറ്റി ഓണ്‍ ഫുഡ് അഡിറ്റീവ്സും(ജെഇസിഎഫ്എ) ചേര്‍ന്നാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. അര്‍ബുദകാരണമാകുന്ന വസ്തുക്കളുടെ പട്ടികയിലെ ഗ്രൂപ്പ് 2ബി വിഭാഗത്തിലാണ് ഐഎആര്‍സി അസ്പാടേമിനെ ഉൾപെടുത്തിയിരിക്കുന്നത്.  മനുഷ്യരില്‍  അര്‍ബുദം ഉണ്ടാക്കുമെന്നതിന് പരിമിതമായ തെളിവുകള്‍  മാത്രം ലഭിച്ചിട്ടുള്ള വസ്തുക്കളാണ് ഗ്രൂപ്പ് 2ബി വിഭാഗത്തിലുള്ളത്. പട്ടികയുടെ ഗ്രൂപ്പ് 1 ല്‍ അര്‍ബുദകാരണമാകാമെന്ന് ഉറപ്പുള്ള വസ്തുക്കളെ ഉള്‍പ്പെടുത്തിയിരിക്കുമ്പോൾ  ഗ്രൂപ്പ് 2എയില്‍ മനുഷ്യരില്‍ അര്‍ബുദ കാരണമാകാമെന്ന് പരിമിത തെളിവും മൃഗങ്ങളിലെ പരീക്ഷണങ്ങളില്‍ ആവശ്യത്തിന് തെളിവും ലഭിച്ച ഉത്പന്നങ്ങള്‍ ഇടം പിടിച്ചിരിക്കുന്നു. ഈ രണ്ട് ഗ്രൂപ്പുകള്‍ക്കും ശേഷം മൂന്നാമതാണ് ഗ്രൂപ്പ് 2 ബിയുടെ സ്ഥാനം. 

 

6000ലധികം ഉത്പന്നങ്ങളില്‍ അസ്പാടേം ചേര്‍ന്നിരിക്കുന്നതായി കണക്കാക്കുന്നു. തലവേദന, ഓര്‍മക്കുറവ്, മൂഡ് മാറ്റങ്ങള്‍, വിഷാദം പോലുള്ള നാഡീവ്യൂഹപരമായ പ്രശ്നങ്ങളുമായി ചില പഠനങ്ങള്‍ അസ്പാടേമിന് ബന്ധിപ്പിക്കുന്നു.  

 

എന്നാല്‍ പരിമിതമായ തോതില്‍ അസ്പാടേം ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ജെഇഎഫ്സിഎയുടെ കണക്കനുസരിച്ച് ഓരോ കിലോ ശരീരഭാരത്തിനും 40 മില്ലിഗ്രാം എന്ന തോതില്‍ അസ്പാടേം ഉപയോഗിക്കുന്നത് സുരക്ഷിതമാണ്. ഒരു മധുരപാനീയത്തില്‍ 200 മുതല്‍ 300 മില്ലാഗ്രാം അസ്പാടേം അടങ്ങിയിട്ടുണ്ടെങ്കില്‍ 70 കിലോ ശരീരഭാരമുള്ള ഒരാള്‍ക്ക് ഒരു ദിവസം ഒന്‍പത് മുതല്‍ 14 ക്യാന്‍ വരെ ഈ മധുരപാനീയം കഴിക്കാമെന്ന് ജെഎഎഫ്സിഎ ചൂണ്ടിക്കാണിക്കുന്നു. 

 

എന്നാല്‍ ഫിനൈല്‍കെറ്റോന്യൂറിയ പോലുള്ള ജനിതകപരമായ  രോഗങ്ങളുള്ളവര്‍ അസ്പാടേം പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. കുട്ടികളും അമിതമായ തോതില്‍ അസ്പാടേം ചേര്‍ന്ന ഉത്പന്നങ്ങള്‍ കഴിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടിനെ അമേരിക്കയിലെ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനെ പോലുള്ള ചില ഏജന്‍സികള്‍ തള്ളിക്കളയുന്നു. അസ്പാടേം തികച്ചും സുരക്ഷിതമെന്നാണ് യുഎസ് എഫ്ഡിഎ വിദഗ്ധർ  പറയുന്നത്.

Content Summary: Sweetener Aspartame safe within advised limits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com