ADVERTISEMENT

എത്ര വെള്ളം കുടിച്ചാലും മാറാത്ത ദാഹവുമായാണ് ജോനാഥന്‍ പ്ലമ്മര്‍ എന്ന നാല്‍പത്തിയൊന്നുകാരന്‍ ഇംഗ്ലണ്ടിലെ കോണ്‍വാളിലുള്ള ആശുപത്രിയിലെത്തുന്നത്. ദിവസം 10 ലീറ്റര്‍ വെള്ളം കുടിച്ചാലും ദാഹം മാറുന്നില്ലെന്ന് ജോനാഥന്‍ ഡോക്ടര്‍മാരോട് പറഞ്ഞു. പ്രമേഹമായിരിക്കാം ഈ ദാഹത്തിന് പിന്നിലെന്ന് ഡോക്ടര്‍മാര്‍ ആദ്യം കരുതി. എന്നാല്‍ പ്രമേഹ രോഗനിര്‍ണയത്തിന്‍റെ ഫലം വന്നപ്പോള്‍ നെഗറ്റീവ്. പിന്നീട് നടന്ന ഒരു കണ്ണ് പരിശോധനയിലാണ് ജോനാഥന്‍റെ അമിത ദാഹത്തിന് പിന്നില്‍ തലച്ചോറിനെ ബാധിക്കുന്ന മുഴയാണെന്ന് കണ്ടെത്തിയത്. തലച്ചോറിലെ ശ്ലേഷ്മഗ്രന്ഥി അഥവാ പിറ്റ്യൂറ്ററി ഗ്ലാന്‍ഡില്‍ വന്ന മുഴയാണ് ഇതിലേക്ക് നയിച്ചത്. 

 

തലച്ചോറിനുള്ളില്‍ കാണുന്ന പയറുമണിയോളം വലുപ്പത്തിലുള്ള ഗ്രന്ഥിയാണ് പിറ്റ്യൂറ്ററി ഗ്രന്ഥി. ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടാകുമ്പോൾ  വെള്ളം കുടിക്കാനുള്ള സന്ദേശം  ഈ ഗ്രന്ഥി നൽകും. എന്നാല്‍ മുഴയെ തുടര്‍ന്ന് ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനം അവതാളത്തിലായതാണ് ജോനാഥനില്‍ തീരാത്ത ദാഹം ഉണ്ടാക്കിയത്. ഈ ദാഹം മൂലം ജോനാഥന് ജോലിക്ക് പോകാന്‍ കഴിയാതെ വരുകയും അമിതമായ ക്ഷീണം അനുഭവപ്പെടുകയും ചെയ്തു. സാധാരണ ജീവിതത്തെ ദാഹം ബാധിച്ചതോടെയാണ് ജോനാഥന്‍ ആശുപത്രിയിലെത്തിയത്. 

 

 

സാധാരണ ഗതിയില്‍ അണ്ഡകോശത്തിലും വൃഷണങ്ങളിലും കാണപ്പെടുന്ന ജേം കോശങ്ങളില്‍ വളരുന്ന മുഴയാണ് ജോനാഥന് പിറ്റ്യൂറ്ററി ഗ്രന്ഥിയില്‍ ഉണ്ടായത്. രോഗനിര്‍ണയത്തിന് ശേഷം 30 റൗണ്ട് നീണ്ട റേഡിയോ തെറാപ്പിക്കും സ്റ്റിറോയ്ഡ് തെറാപ്പിക്കും ജോനാഥന്‍ വിധേയനായി. ഈ ചികിത്സയുടെ പാര്‍ശ്വഫലമായി ജോനാഥന്‍റെ ഭാരം 76 കിലോയില്‍ നിന്ന് 114 കിലോയായി വര്‍ധിച്ചു. ഇപ്പോള്‍ മുഴകളില്ലാതെയുള്ള ജീവിതം നയിക്കുന്ന ജോനാഥന്‍ ഭാരം കുറയ്ക്കാനായി ഓട്ടവും നീന്തലുമൊക്കെ പരിശീലിക്കുന്നു. നേരത്തെയുള്ള രോഗനിര്‍ണയം ഇത്തരം മുഴകളുടെ ചികിത്സയില്‍ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. 

Content Summary: Man diagnosed with brain tumor after battling constant thirst

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com