സസ്യാഹാരികൾക്ക് ഇടുപ്പിന് പൊട്ടൽ ഉണ്ടാകാൻ സാധ്യത കൂടുതൽ; പഠനം
Mail This Article
സസ്യാഹാരം മാത്രം കഴിക്കുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും പതിവായി മാംസം കഴിക്കുന്നവരെക്കാള്‍ ഇടുപ്പിന് പൊട്ടലോ ഒടിവോ ഉണ്ടാകാനുള്ള സാധ്യത അന്‍പതുശതമാനത്തിലും അധികമാണെന്നു പഠനം. 4,13,914 സ്ത്രീപുരുഷന്മാരുടെ വിവരങ്ങൾ പരിശോധിച്ച് ലീഡ്സ് സർവകലാശാലാ ഗവേഷകരാണ് പഠനം നടത്തിയത്. ഇറച്ചി കഴിക്കുന്ന പുരുഷന്മാരേക്കാള്‍ സസ്യാഹാരികളായ പുരുഷന്മാർക്ക് ഇടുപ്പിന് പൊട്ടല്‍ ഉണ്ടാകാൻ സാധ്യത കൂടുതലാണെന്നു കണ്ടു.
പഠനത്തിൽ പങ്കെടുക്കുന്നവരുടെ ഭക്ഷണരീതി അനുസരിച്ച് അവരെ തരംതിരിച്ചു. പതിവായി ആഴ്ചയിൽ അഞ്ചോ അതിലധികമോ തവണ ഇറച്ചി കഴിക്കുന്നവർ, ആഴ്ചയിൽ അഞ്ചിൽ കുറവ് തവണ ഇറച്ചി കഴിക്കുന്നവർ, മത്സ്യം കഴിക്കും എന്നാൽ മാംസം കഴിക്കാത്തവർ, മത്സ്യമോ മാംസമോ കഴിക്കാതെ പാലുൽപന്നങ്ങൾ കഴിക്കുന്ന സസ്യാഹാരികൾ എന്നിങ്ങനെ തരംതിരിച്ചു. 2006 മുതൽ 2021 വരെയുള്ള കാലയളവിൽ ഇടുപ്പിന് ഒടിവ് ഉണ്ടായതിന്റെ ആശുപത്രി രേഖകൾ പരിശോധിച്ചു.
പഠനത്തിൽ പങ്കെടുത്ത 4,13,914 േപരിൽ 3503 പേർക്ക് ഇടുപ്പിന് പൊട്ടൽ (hip fracture) ഉണ്ടായതായി കണ്ടു. ഒരു ശതമാനത്തിലും താഴെയാണ് അപകടനിരക്ക് എങ്കിലും സസ്യാഹാരികൾക്കും പതിവായി ഇറച്ചി കഴിക്കുന്നവർക്കും തമ്മിൽ കാര്യമായ വ്യത്യാസമുണ്ടായിരുന്നു. സ്ത്രീപുരുഷഭേദമന്യെ പതിവായി ഇറച്ചി കഴിക്കുന്നവരെക്കാൾ സസ്യാഹാരികൾക്ക് അപകടസാധ്യത 50 ശതമാനത്തിലും അധികമാണെന്നു കണ്ടു. ഇടയ്ക്കു മാത്രം ഇറച്ചി കഴിക്കുന്നവർക്കും പതിവായി ഇറച്ചി കഴിക്കുന്നവർക്കും റിസ്ക് ഒരേപോലെയായിരുന്നു.
മത്സ്യം മാത്രം കഴിക്കുന്നവർക്ക് ഇറച്ചി കഴിക്കുന്നവരെക്കാൾ അപകടസാധ്യത അൽപം കൂടുതലായിരുന്നു. സ്കൂൾ ഓഫ് ഫുഡ് സയൻസ് ആൻഡ് ന്യുട്രീഷനിലെ ഗവേഷകനായ ജെയിംസ് വെബ്സ്റ്ററിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. പ്രായമായവർക്കിടയിൽ ഇടുപ്പിന് പൊട്ടലും ഒടിവും ഉണ്ടാകുന്നത് വളരെ കൂടുതലാണെന്ന് അദ്ദേഹം പറയുന്നു.
സസ്യാഹാരികൾക്ക് ഒടിവിനുള്ള സാധ്യത കൂടുതലാകാനുള്ള കാരണം കുറഞ്ഞ ബോഡിമാസ് ഇൻഡക്സ് ആകാമെന്ന് പഠനം പറയുന്നു.
മാംസാഹാരികളെ അപേക്ഷിച്ച് സസ്യാഹാരികൾക്ക് 17 ശതമാനം കുറവ് പ്രോട്ടീൻ ആണ് ലഭിക്കുന്നത്. അതുകൊണ്ട് സസ്യഭക്ഷണം മാത്രം കഴിക്കുന്നവർ സമീകൃത ഭക്ഷണം കഴിക്കാനും, ആവശ്യമായ പ്രോട്ടീൻ ശരീരത്തിനു ലഭിക്കാനും ആരോഗ്യകരമായ ബിഎംഐ നിലനിർത്താനും ശ്രദ്ധിക്കണമെന്നു പഠനം നിർദേശിക്കുന്നു. ഇത് സസ്യാഹാരികളില്‍ എല്ലുകളുടെയും പേശികളുടെയും ആരോഗ്യം നിലനിർത്താൻ സഹായിക്കും.
Content Summary: Vegetarians increased the risk of hip fracture: Study