ഏരിസ് വകഭേദത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ഡോക്ടര്‍മാര്‍
Mail This Article
ഏരിസ് എന്നറിയപ്പെടുന്ന കോവിഡിന്റെ ഇജി 5.1 വകഭേദത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. ഓഗസ്‌റ്റ് 9ന് താൽപര്യമുണര്‍ത്തുന്ന വകഭേദങ്ങളുടെ(വേരിയന്റ് ഓഫ് ഇന്ററസ്റ്റ്) പട്ടികയിലേക്ക് ഇജി.5.1നെ ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ ഒരു കേസ് മാത്രമേ ഏരിസിന്റേതായി ഇത് വരെ രേഖപ്പെടുത്തിയിട്ടുള്ളൂ.
മെയ് 10ന് മഹാരാഷ്ട്രയില്‍ നിന്നാണ് ഇന്ത്യയിലെ ഏരിസ് കേസ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതിനു ശേഷം രാജ്യമെമ്പാടും നിന്ന് 335 സാംപിളുകള്‍ ശേഖരിച്ചെങ്കിലും ഒന്നു പോലും പോസിറ്റീവായി കാണപ്പെട്ടില്ല. കുറഞ്ഞ തീവ്രതയും മിതമായ വളര്‍ച്ച സാധ്യതകളും ആന്റിബോഡികളെ വെട്ടിച്ച് രക്ഷപ്പെടാന്‍ മിതമായ ശേഷിയും മാത്രമാണ് ഏരിസ് പ്രകടിപ്പിക്കുന്നതെങ്കിലും മാസ്‌ക് പോലുള്ള സുരക്ഷ മുന്‍കരുതലുകള്‍ എടുക്കുന്നത് നന്നായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
എക്‌സ്‌ബിബി 1.9.2 വകഭേദത്തിന്റെ തുടര്‍ച്ചയായി പരിണാമം സംഭവിച്ചെത്തിയ വകഭേദമാണ് ഇജി 5.1. ഇതിന്റെ സ്‌പൈക് അമിനോ ആസിഡ് പ്രൊഫൈലിന് എക്‌സ്‌ബിബി 1.5വുമായി സാമ്യമുണ്ട്. ഫെബ്രുവരി 17ന് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ വകഭേദം ജൂലൈ 19ന് നിരീക്ഷിക്കപ്പെടുന്ന കോവിഡ് വകഭേദമായി പ്രഖ്യാപിച്ചു. ഓഗസ്‌റ്റ് 7 വരെയുള്ള കണക്കുകള്‍ പ്രകാരം 51 രാജ്യങ്ങളില്‍ നിന്നായി 7354 സീക്വന്‍സുകള്‍ ഇജി5ന്റേതായി ഗ്ലോബല്‍ ഇനീഷ്യേറ്റീവ് ഓണ്‍ ഷെയറിങ് ഓള്‍ ഇന്‍ഫ്‌ളുവന്‍സ ഡേറ്റയില്‍(ജിഐഎസ്‌എഐഡി) സമര്‍പ്പിക്കപ്പെട്ടു.
ഈ സീക്വന്‍സുകളില്‍ ഭൂരിപക്ഷവും ചൈനയില്‍ നിന്നാണ്-2247. അമേരിക്കയില്‍ നിന്ന് 1356ഉം, ദക്ഷിണ കൊറിയയില്‍ നിന്ന് 1040 ഉം, ജപ്പാനില്‍ നിന്ന് 814ഉം, കാനഡയില്‍ നിന്ന് 392ഉം ഓസ്‌ട്രേലിയയില്‍ നിന്ന് 158ഉം സീക്വന്‍സുകള്‍ സമര്‍പ്പിക്കപ്പെട്ടു. ജപ്പാന്‍, ദക്ഷിണകൊറിയ പോലുള്ള രാജ്യങ്ങളില്‍ ഏരിസിന്റെ വ്യാപന തോതും കോവിഡ് മൂലമുള്ള ആശുപത്രി പ്രവേശനങ്ങളും ഈ കാലയളവില്‍ വര്‍ധിച്ചതായും ശ്രദ്ധയില്‍പ്പെട്ടു.
ഇന്ത്യയില്‍ എക്‌സ്‌ബിബി വകഭേദം മൂലം ഏപ്രില്‍ 2023നുണ്ടായ ചെറിയ കോവിഡ് തരംഗത്തിനു ശേഷം കേസുകള്‍ കുറഞ്ഞു വരികയാണ്. എക്‌സ്‌ബിബിക്ക് മുന്‍പ് ബിഎ.5, ബിഎ.2 വകഭേദങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
ഇജി.5ന് സ്‌പൈക് പ്രോട്ടീനില്‍ എക്‌സ്‌ബിബി 1.9.2നെയും എക്‌സ്‌ബിബി 1.5നെയും അപേക്ഷിച്ച് എഫ്456എല്‍ എന്ന അധിക അമിനോ ആസിഡ് മ്യൂട്ടേഷന്‍ ഉണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇജി.5.1നാകട്ടെ ക്യു52എച്ച് എന്ന അധിക സ്‌പൈക് മ്യൂട്ടേഷനും കൂടിയുണ്ട്. വാക്‌സീനുകള്‍ കഴിഞ്ഞാല്‍ കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഏറ്റവും ഫലപ്രദമായി കാണപ്പെട്ടത് മാസ്‌കുകളും സാമൂഹിക അകലവും കൈ ശുചിയാക്കലുമാണ്. ഏരിസ് തൽകാലം ഭീഷണിയല്ലെങ്കിലും ജാഗ്രത കൈവെടിയരുതെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദ്ദേശം.
Content Summary: Doctors urge people to stay vigilant against COVID-19 variant EG.5.1