ഗ്യാസിനുള്ള ഗുളിക അമിതമായി കഴിക്കുന്നത് ഹൃദയാഘാതത്തിനു കാരണമാകാം
Mail This Article
വയറിന് എന്തെങ്കിലും ചെറിയ അസ്വസ്ഥത തോന്നിയാലുടനെ ഗ്യാസിനുള്ള അന്‍റാസിഡ് ഗുളിക കഴിക്കുന്നയാളാണോ നിങ്ങള്‍? ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമല്ലാതെ കാല്‍സ്യം സപ്ലിമെന്‍റുകള്‍ ദിവസവും അകത്താക്കാറുണ്ടോ? എങ്കില്‍ സൂക്ഷിക്കുക. ഹൃദയാഘാതത്തിനുള്ള സാധ്യത നിങ്ങള്‍ക്ക് അധികമാണെന്ന് സ്റ്റാന്‍ഫോഡ് സര്‍വകലാശാല നടത്തിയ ഗവേഷണ പഠനം മുന്നറിയിപ്പ് നല്‍കുന്നു. പ്രോട്ടോണ്‍ പമ്പ് ഇന്‍ഹിബിറ്ററുകളും അന്‍റാസിഡുകളും ഉപയോഗിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയാഘാത സാധ്യത 16 മുതല്‍ 21 ശതമാനം അധികമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
കാല്‍സ്യമാണ് ഇവിടെ വില്ലനാകുന്നത്. കാല്‍സ്യത്തിന്‍റെ തോത് ശരീരത്തില്‍ കൂടിയാലും കുറഞ്ഞാലും അപകടമാണ്. അന്‍റാസിഡുകളിലുള്ള കാല്‍സ്യം സംയുക്തങ്ങളും കാല്‍സ്യം സപ്ലിമെന്‍റുകളും രക്തപ്രവാഹത്തിലെ കാല്‍സ്യം തോത് വര്‍ധിപ്പിക്കുന്നു. ഓരോ ഹൃദയമിടിപ്പിലും ഹൃദയത്തിലെ പേശികളിലേക്ക് കയറുന്ന കാല്‍സ്യം ഇവിടുത്തെ ഇലക്ട്രിക് സിഗ്നലുകളെ നിയന്ത്രിക്കുന്നു. ഹൃദയം എത്ര വേഗത്തില്‍ മിടിക്കുന്നു എന്നതിലും ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് രക്തം എത്ര കാര്യക്ഷമമായി എത്തിക്കുന്നു എന്നതിലും ഇതിനാല്‍ തന്നെ കാല്‍സ്യത്തിന് നിര്‍ണായക സ്വാധീനം ചെലുത്താനാകും. കാല്‍സ്യത്തിന്റെ തോത് കൂടുന്നതും കുറയുന്നതും അസാധാരണമായ ഇലക്ട്രിക് സിഗ്നലുകള്‍ക്കും ഹൃദയതാളത്തിനും കാരണമാകും.
അമിതമായ കാല്‍സ്യം രക്തക്കുഴലുകളിലെ ആവരണത്തെ പ്രതികൂലമായി ബാധിക്കുകയും ക്ലോട്ടുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇതും ഹൃദ്രോഗത്തിന് കാരണമാകാം. ഹൃദയധമനികളെ കട്ടിയാക്കാനും വാല്‍വുകളുടെ പ്രവര്‍ത്തനം തകരാറിലാക്കാനും അമിതമായ കാല്‍സ്യം നിക്ഷേപങ്ങള്‍ കാരണമാകാമെന്നും ഹൃദ്രോഗ വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു. അന്‍റാസിഡുകള്‍ ശരീരത്തിലെ മഗ്നീഷ്യം തോത് കുറയ്ക്കുന്നത് വൃക്ക പ്രശ്നങ്ങളിലേക്കും നയിക്കാം.
Content Summary: Hidden Dangers of Antacids and Calcium Supplements on Heart Health