ADVERTISEMENT

ഇന്ത്യയില്‍ 100 ദശലക്ഷത്തിലധികം പേര്‍ പ്രമേഹബാധിതരാണെന്ന്‌ (Diabetes) മദ്രാസ്‌ ഡയബറ്റീസ്‌ റിസര്‍ച്ച്‌ ഫൗണ്ടേഷനും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ചും ചേര്‍ന്ന്‌ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.  ചെറുപ്പക്കാരിലെ പ്രമേഹമാണ്‌ ഇന്ന്‌ ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്ന്‌. ഹൃദ്രോഗം, പക്ഷാഘാതം എന്നിങ്ങനെ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന പ്രമേഹം മനുഷ്യരുടെ പെരുമാറ്റശീലങ്ങളെയും പ്രതികൂലമായി ബാധിക്കാമെന്ന്‌ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. പ്രമേഹ നിയന്ത്രണവുമായി ബന്ധപ്പെട്ട സമ്മർദമാണ്‌ ഈ പെരുമാറ്റ വ്യതിയാനങ്ങളുടെ മുഖ്യ കാരണമെന്ന്‌ ഫരീദബാദ്‌ മെട്രോ ഹോസ്‌പിറ്റലിലെ എന്‍ഡോക്രിനോളജി ആന്‍ഡ്‌ ഡയബറ്റോളജി ഡയറക്ടര്‍ ഡോ. അരുണ്‍ സി. സിങ് ടൈംസ്‌ ഓഫ്‌ ഇന്ത്യയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ജീവിതകാലം മുഴുവന്‍ മരുന്നും കുത്തിവയ്‌പ്പും ഭക്ഷണ നിയന്ത്രണങ്ങളും അടങ്ങിയതാണ്‌ പ്രമേഹരോഗ നിയന്ത്രണം. വ്യായാമത്തിനും പ്രാധാന്യം നല്‍കേണ്ടി വരും. ഇതെല്ലാം രോഗികളില്‍ മാനസിക സമ്മർദമുണ്ടാക്കാം. കൃത്യസമയത്ത്‌ മരുന്ന്‌ കഴിക്കുകയെന്നതെല്ലാം പല രോഗികള്‍ക്കും വലിയ വെല്ലുവിളിയാണ്‌. മരുന്ന്‌ കഴിക്കുന്ന കാര്യം ഓര്‍ക്കാതെ പോകുന്നതും ഇതിനെ തുടര്‍ന്ന്‌ രക്തത്തിലെ പഞ്ചസാരയുടെ തോതില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നതും മാനസിക സംഘര്‍ഷത്തിലേക്ക്‌ നയിക്കാം.

സമ്മർദത്തിന്‌ പുറമേ ഉത്‌കണ്‌ഠയും ദേഷ്യവുമൊക്കെ ഇത്‌ മൂലം ഉണ്ടാകാം. രക്തത്തിലെ പഞ്ചസാരയുടെ തോത്‌ മാറി മറിയുന്നത്‌ മൂഡ്‌ മാറ്റങ്ങള്‍ക്കും കാരണമാകാം. ദേഷ്യം, ഉത്‌കണ്‌ഠ, വിഷാദരോഗം, മാനസികമായി നില തെറ്റിയ അവസ്ഥ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി രോഗികളില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാറുണ്ടെന്ന്‌ ഡോ. അരുണ്‍ സി.സിങ്‌ ചൂണ്ടിക്കാട്ടി. ഉറക്കമില്ലായ്‌മ, അടിക്കടി മൂത്രമൊഴിക്കാന്‍ മുട്ടല്‍, രക്തത്തിലെ പഞ്ചസാര നാഡീവ്യൂഹങ്ങളെ ബാധിക്കുന്ന അവസ്ഥ എന്നിവയും മൂഡ്‌ മാറ്റങ്ങള്‍ക്ക്‌ കാരണമാകാം. പ്രമേഹത്തിന്‌ ചികിത്സിക്കുന്നവര്‍ ഇത്തരം പെരുമാറ്റ വ്യതിയാനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കൗണ്‍സിലര്‍മാരുടെ സഹായം തേടേണ്ടതാണെന്നും ആരോഗ്യവിദഗ്‌ധര്‍ ചൂണ്ടിക്കാണിക്കുന്നു. വൈകാരികമായി പിന്തുണ ലഭിക്കുന്നതിന്‌ പ്രമേഹ സപ്പോര്‍ട്ട്‌ ഗ്രൂപ്പില്‍ നേരിട്ടോ ഓണ്‍ലൈനായോ അംഗമാകാവുന്നതാണ്‌. പ്രമേഹ നിയന്ത്രണത്തിൽ പലരുടെയും അനുഭവങ്ങളില്‍നിന്ന്‌ പാഠം ഉള്‍ക്കൊള്ളാന്‍ ഇത്തരം ഗ്രൂപ്പുകള്‍ സഹായിക്കും.

പ്രമേഹ നിയന്ത്രണത്തില്‍ യാഥാർഥ്യ ബോധമുള്ള ലക്ഷ്യങ്ങള്‍ വച്ച്‌ പുലര്‍ത്താനും ശ്രദ്ധിക്കേണ്ടതാണ്‌. ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോള്‍ മാറുന്നതല്ല പ്രമേഹരോഗം എന്നത്‌  പ്രത്യേകം ഓര്‍മിക്കേണ്ടതാണ്‌.  അതിന്‌ ദീര്‍ഘകാലത്തെ ചികിത്സയും ഭക്ഷണനിയന്ത്രണവും വ്യായാമവുമെല്ലാം ആവശ്യമാണ്‌. സമ്മർദമകറ്റാന്‍ യോഗ, ധ്യാനം പോലുള്ളവയും പരീക്ഷിക്കാം. ഡയബറ്റീസ്‌ മാനേജ്‌മെന്റ്‌ ആപ്പുകളുടെ സഹായവും പ്രമേഹ നിയന്ത്രണത്തില്‍ തേടാവുന്നതാണ്‌.

പ്രമേഹം ചികിത്സിച്ചു മാറ്റാമോ? - വിഡിയോ

 

Content Summary : Can diabetes cause behavioral changes? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com