ADVERTISEMENT

പ്രായമായവരെ ബാധിക്കുന്ന സ്മൃതിനാശരോഗമാണ് അൽസ്ഹൈമേഴ്സ്. ഓർമശക്തിയെ ക്രമേണ നശിപ്പിക്കുന്ന തലച്ചോറിനെ ബാധിക്കുന്ന അൽസ്ഹൈമേഴ്സ് സുഖപ്പെടുത്താനാവില്ല. ഓർമ, ചിന്താശക്തി ഇവയെല്ലാം ക്രമേണ നഷ്ടപ്പെടുന്ന ഈ രോഗത്തെ തെറാപ്പികളിലൂടെയും ചില മരുന്നുകളിലൂടെയും നിയന്ത്രിച്ചു നിർത്താൻ മാത്രമേ സാധിക്കൂ. 

 

50 വയസ്സിനു മുകളിൽ പ്രായമായവരെ ബാധിക്കുന്ന മറവി രോഗമാണ് അൽസ്ഹൈമേഴ്സ്. സമയം കഴിയുന്തോറും ഈ ന്യൂറോഡീജനറേറ്റീവ് രോഗത്തിന്റെ ലക്ഷണങ്ങൾ അധികരിക്കും. ആദ്യ ലക്ഷണം പ്രകടമാകുന്നതിന് പത്ത് വർഷങ്ങൾക്കു മുൻപുതന്നെ രോഗം ആരംഭിച്ചിട്ടുണ്ടാകും. 

 

ലോകത്ത് 24 ദശലക്ഷത്തോളം പേരെ ബാധിക്കുന്ന രോഗമാണ് അൽസ്ഹൈമേഴ്സ്. പത്തിൽ ഒരാൾക്ക് എന്ന തോതിലും എൺപത്തഞ്ചു വയസു കഴിഞ്ഞ മൂന്നിൽ ഒരാൾക്കു വീതവും ഈ രോഗാവസ്ഥയുണ്ടെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കുന്നു. 

 

അൽസ്ഹൈമേഴ്സിന്റെ ലക്ഷണങ്ങൾ

∙ഓർമ നഷ്ടപ്പെടുക. 

∙സങ്കീർണമായ പ്രവൃത്തികൾ ചിന്തിച്ചു ചെയ്യാൻ കഴിയാതെ വരുക. 

∙വളരെ പരിചിതമായ ഒരു ഭാഷ മനസ്സിലാക്കാൻ പ്രയാസം അനുഭവപ്പെടുക. 

∙ദൃശ്യരൂപവും പ്രതലവും തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നതിൽ പ്രയാസം.

∙പെരുമാറ്റത്തിലും വ്യക്തിത്വത്തിലും മാറ്റങ്ങൾ ഉണ്ടാകുക. 

∙സമയവും സ്ഥലവും സംബന്ധിച്ച ആശയക്കുഴപ്പം. 

∙വസ്തുക്കൾ ശരിയായ സ്ഥലത്തു വയ്ക്കാതിരിക്കുകയും വഴികൾ ഓർമിച്ചെടുക്കാൻ കഴിയാതെ വരികയും ചെയ്യുക. 

∙ഒരു കാര്യത്തിൽ തീരുമാനം എടുക്കാൻ പറ്റാതെ വരുക, തെറ്റായ തീരുമാനത്തിലെത്തുക. 

∙സാമൂഹികവും ജോലി സംബന്ധവുമായ പ്രവൃത്തികളിൽ നിന്നുള്ള പിൻവാങ്ങൽ.

∙ക്രമരാഹിത്യം

∙ദൃശ്യപരമായ ധാരണകളില്‍ മാറ്റം. 

 

അൽസ്ഹൈമേഴ്സിന്റെ വ്യത്യസ്ത ഘട്ടങ്ങൾ

ലക്ഷണങ്ങൾ അനുസരിച്ച് അൽസ്ഹൈമേഴ്സ് രോഗത്തിന് വിവിധഘട്ടങ്ങള്‍ ഉണ്ടെന്ന് അൽസ്ഹൈമേഴ്സ് അസോസിയേഷൻ വ്യക്തമാക്കുന്നു. ഓരോ വ്യക്തിക്കും രോഗം വരുന്നത് ഓരോ തരത്തിലാവും. വ്യത്യസ്തവേഗതയിൽ പല ഘട്ടങ്ങളിലൂടെയാണ് രോഗം പ്രകടമാകുന്നത്. 

 

ഡിമെന്‍ഷ്യയുടെ അടിസ്ഥാനത്തിലാണ് ചില സംഘടനകൾ അൽസ്ഹൈമേഴ്സ് രോഗത്തിന്റെ വിവിധഘട്ടങ്ങളെ രൂപപ്പെടുത്തിയിരിക്കുന്നത് എന്ന് ക്ലീവ്‌ലാൻഡ് ക്ലിനിക് പറയുന്നു. 

∙പ്രീ ക്ലിനിക്കൽ അൽസ്ഹൈമേഴ്സ് രോഗം

∙നേരിയ ഓർമക്കുറവ്

∙അൽസ്ഹൈമേഴ്സ് മൂലമുള്ള നേരിയ മറവിരോഗം

∙മിതമായ ഡിമൻഷ്യ

∙കടുത്ത ഡിമൻഷ്യ

നേരിയ, മിതമായ, കടുത്ത എന്നിങ്ങനെയുള്ള ഘട്ടങ്ങളിലൂടെ രോഗം മൂർച്ഛിക്കുന്നു.

Content Summary: Early warning signs of Alzheimer's disease

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com