ഹ്രസ്വകാലത്തെ വായു മലിനീകരണം പോലും പക്ഷാഘാത സാധ്യത ഉയര്‍ത്തും
Mail This Article
വായുമലിനീകരണം ശ്വാസകോശത്തെയോ കണ്ണുകളെയോ മാത്രം ബാധിക്കുന്ന ഒന്നല്ല. ഇതിന്റെ പ്രത്യാഘാതം തലച്ചോറിനെയും ഹൃദയസംവിധാനത്തെയും വരെ ദോഷകരമായി ബാധിക്കാം. അഞ്ചു ദിവസം പോലും വായുമലിനീകരണം നേരിടേണ്ടി വരുന്നത് പക്ഷാഘാത സാധ്യത ഗണ്യമായി വർധിപ്പിക്കുമെന്ന് ജോര്‍ദാന്‍ സര്‍വകലാശാലയില്‍ നടന്ന പഠനം ചൂണ്ടിക്കാണിക്കുന്നു. നൈട്രജന്‍ ഡയോക്‌സൈഡ്, ഓസോണ്‍, കാര്‍ബണ്‍ മോണോക്‌സൈഡ്, സള്‍ഫര്‍ ഡയോക്‌സൈഡ് എന്നിങ്ങനെ വായു മലിനമാക്കുന്ന വാതകങ്ങളും പക്ഷാഘാതവും തമ്മിലുള്ള ബന്ധമാണ് പഠനത്തില്‍ പരിശോധിച്ചത്. ഇതിന് വേണ്ടി ഏഷ്യ, യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നടന്ന 110 നിരീക്ഷണ പഠനങ്ങളുടെ ഡേറ്റ ഗവേഷകര്‍ ഉപയോഗപ്പെടുത്തി. പൊടിപടലങ്ങളും പുക പോലുള്ള സൂക്ഷ്‌മമായ വായുകണികകളുടെ സ്വാധീനവും ഇവര്‍ പരിശോധിച്ചു. അഞ്ച് ദിവസം നൈട്രജന്‍ ഡയോക്‌സൈഡ് ശ്വസിക്കേണ്ടി വരുന്നത് പക്ഷാഘാത സാധ്യത 30 ശതമാനം വർധിപ്പിക്കുമെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു.
കാര്‍ബണ്‍ മോണോക്‌സൈഡിന് ഇത് 26 ശതമാനവും സള്‍ഫര്‍ ഡയോക്‌സൈഡിന് 15 ശതമാനവും ഓസോണിന് 5 ശതമാനവുമാണ്. നൈട്രജന്‍ ഡയോക്‌സൈഡ് ഹ്രസ്വകാലത്തേക്ക് പോലും ശ്വസിക്കേണ്ടി വരുന്നത് പക്ഷാഘാതം മൂലമുള്ള മരണ സാധ്യത 33 ശതമാനം വര്‍ദ്ധിപ്പിക്കുന്നതായും പഠനത്തില്‍ കണ്ടെത്തി. സള്‍ഫര്‍ ഡയോക്‌സൈഡിനെ സംബന്ധിച്ച് പക്ഷാഘാത മരണ സാധ്യത 60 ശതമാനം അധികമാണ്. പിഎം 2.5 (2.5 മൈക്രോണിലും താഴെ വ്യാസമുള്ള) പൊടിപടലം ശ്വസിക്കുന്നത് പക്ഷാഘാത സാധ്യത 15 ശതമാനം വര്‍ദ്ധിപ്പിക്കുമെന്നും പഠനം കൂട്ടിച്ചേര്‍ക്കുന്നു. ഇത്തരം വാതകങ്ങളും പൊടിപടലങ്ങളും ശ്വസിക്കുന്നത് ശ്വാസകോശത്തില്‍ നീര്‍ക്കെട്ടിനും അസ്വസ്ഥതയ്‌ക്കും കാരണമാകും. ഇത് മൂലമുള്ള പ്രതിരോധ പ്രതികരണം ശരീരം മുഴുവന്‍ നീര്‍ക്കെട്ട് പടരാന്‍ കാരണമാകും. ഇത് രക്തധമനികളെ ചുരുക്കുകയും ക്ലോട്ടുകള്‍ ഉണ്ടാക്കാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. ഈ സമയത്ത് ശരീരം രക്തത്തിലെ ക്ലോട്ടിങ് ഏജന്റായ ത്രോംബിന്റെയും ഉത്‌പാദനം വർധിപ്പിക്കും. ഇവയെല്ലാം ക്ലോട്ടുകള്‍ തലച്ചോറിലേക്ക് സഞ്ചരിച്ച് പക്ഷാഘാതമുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും. ന്യൂറോളജി ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.
ഏതു തരത്തിലുള്ള തലവേദനയും അകറ്റാൻ ഇതാ സിംപിൾ ടിപ്സ് - വിഡിയോ