ദീര്‍ഘകാല കോവിഡ് പോലെ ദീര്‍ഘകാല ജലദോഷവും വരാം
Mail This Article
ദീര്‍ഘകാല കോവിഡിന്റേതിന് സമാനമായി, ജലദോഷവും ഇന്‍ഫ്‌ളുവന്‍സയും ന്യുമോണിയയും മറ്റ് ശ്വാസകോശരോഗങ്ങളും ബാധിച്ചവര്‍ക്കും വിട്ടുമാറാത്ത ലക്ഷണങ്ങള്‍ അനുഭവപ്പെടാമെന്ന് പഠനം. കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയവര്‍ക്ക് പോലും കടുത്ത ശ്വാസകോശ അണുബാധയ്‌ക്ക്g ശേഷം കുറഞ്ഞത് നാലാഴ്‌ചത്തേക്ക് ലക്ഷണങ്ങള്‍ തുടരാമെന്ന് ലണ്ടനിലെ ക്വീന്‍ മേരി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ചുമ, വയറിന് അസ്വസ്ഥത, അതിസാരം പോലുള്ള ലക്ഷണങ്ങളും ഇവയില്‍ ഉള്‍പ്പെടാമെന്ന് ലാന്‍സെറ്റിന്റെ ഇക്ലിനിക്കല്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു. ക്വീന്‍ മേരി സര്‍വകലാശാലയുടെ കോവിഡ് പഠനമായ കോവിഡെന്‍സ് യുകെയുടെ ഭാഗമാണ് ഈ ഗവേഷണം.2021 ജനുവരിക്കും ഫെബ്രുവരിക്കും ഇടയില്‍ യുകെയിലെ 10,171 പേരില്‍ നിന്ന് എടുത്ത പ്രതികരണങ്ങള്‍ ഉപയോഗിച്ചാണ് ഗവേഷണം നടത്തിയത്.
ദീര്‍ഘകാല കോവിഡുമായി ബന്ധപ്പെട്ട 16 ലക്ഷണങ്ങളില്‍ ഊന്നിയായിരുന്നു ചോദ്യങ്ങള്‍. ചുമ, ഉറക്കപ്രശ്‌നം, ഓര്‍മക്കുറവ്, ശ്രദ്ധക്കുറവ്, സന്ധിവേദന, പേശിവേദന, മണത്തിലും രുചിയിലും വ്യത്യാസം, അതിസാരം, വയര്‍വേദന, ശബ്ദവ്യതിയാനം, മുടികൊഴിച്ചില്‍, തലകറക്കം, അമിതമായ വിയര്‍പ്പ്, ശ്വാസംമുട്ടല്‍, വിഷാദം, ഉത്‌കണ്‌ഠ, ക്ഷീണം, ഹൃദയമിടിപ്പ് പോലുള്ള ലക്ഷണങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയവരിലും ശ്വാസകോശ അണുബാധ പോലുള്ള രോഗങ്ങള്‍ക്ക് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്ന് ക്വീന്‍ മേരി സര്‍വകലാശാലയിലെ പ്രഫ. അഡ്രിയാന്‍ മാര്‍ട്ടിനോ പറയുന്നു.
കോവിഡും പ്രമേഹവും - വിഡിയോ