ADVERTISEMENT

മുതിര്‍ന്നവരെ അപേക്ഷിച്ച്‌ കുട്ടികളില്‍, പ്രത്യേകിച്ച്‌ നവജാത ശിശുക്കളില്‍ ഡെങ്കിപ്പനി (Dengue )തീവ്രമാകാമെന്നും അതിനാല്‍ അവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും ആരോഗ്യവിദഗ്‌ധര്‍. കുട്ടികളിലെ കുറഞ്ഞ പ്രതിരോധ ശേഷിയാണ്‌ അപകടസാധ്യതയും മരണനിരക്കും വർധിപ്പിക്കുന്നത്‌. ഒരു വയസ്സില്‍ താഴെയുള്ളവരിലും നാലിനും ഒന്‍പതിനും ഇടയില്‍ പ്രായമുള്ളവരിലും കടുത്ത ഡെങ്കിപ്പനിക്ക്‌ സാധ്യത അധികമാണെന്ന്‌ ഡോക്ടര്‍മാര്‍ പറയുന്നു. 15 വയസ്സിനു താഴെയുള്ള കുട്ടികളിൽ മുതിര്‍ന്നവരെ അപേക്ഷിച്ച്‌ ഡെങ്കിപ്പനി മൂലമുള്ള മരണസാധ്യത നാലു മടങ്ങ്‌ അധികമാണ്‌. നവജാതശിശുക്കളെയും കുട്ടികളെയും കൊതുകുകടിയില്‍നിന്നു സംരക്ഷിക്കണമെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു.

മൂന്നു ഘട്ടങ്ങളാണ്‌ ഡെങ്കിപ്പനിക്കുള്ളത്‌– പനിയുടെ ആദ്യ ഘട്ടം, രണ്ടാമത്തെ ക്രിട്ടിക്കല്‍ ഘട്ടം, മൂന്നാമത്തെ രോഗമുക്തി ഘട്ടം. പനി മൂന്നുനാലു ദിവസം നീണ്ടു നില്‍ക്കാം. പനി മാറുന്നതോടെയാണ്‌ നിര്‍ണായകമായ ക്രിട്ടിക്കല്‍ ഘട്ടത്തിലേക്ക്‌ കടക്കുന്നത്‌. തീവ്ര ഡെങ്കിപ്പനിയുള്ളവര്‍ക്ക്‌ ഈ ഘട്ടത്തില്‍ രോഗം കൂടുതല്‍ കടുത്തതാകാം. പനി, ശരീരത്തില്‍ തിണര്‍പ്പുകള്‍, ഛര്‍ദ്ദി, തലവേദന, ചെവി വേദന, ശരീരവേദന, അതിസാരം എന്നിവയാണ്‌ ഡെങ്കിപ്പനിയുടെ ആദ്യ ലക്ഷണങ്ങളെന്ന്‌ ഫരീദബാദ്‌ മാരെങ്കോ ഏഷ്യ ഹോസ്‌പിറ്റല്‍സിലെ നിയോനാറ്റോളജി, പീഡിയാട്രിക്‌സ്‌ കണ്‍സൽറ്റന്റ്‌ ഡോ. സഞ്‌ജീവ്‌ ദത്ത ടൈംസ്‌ ഓഫ്‌ ഇന്ത്യയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. നിരന്തരമായ ഛര്‍ദ്ദി, വയര്‍ വേദന, മൂക്കില്‍നിന്നും വായില്‍നിന്നും രക്തസ്രാവം, അത്യധികമായ ക്ഷീണം, ഭക്ഷണം കഴിക്കാനാവാത്ത അവസ്ഥ എന്നിവയെല്ലാം രോഗം തീവ്രമായതിന്റെ സൂചനകളാണ്‌. കടുത്ത ഡെങ്കിപ്പനി ഘട്ടത്തില്‍ പീഡിയാട്രിക്‌ തീവ്രപരിചരണ വിഭാഗത്തില്‍ നിരന്തരമായ പരിചരണവും ഫ്‌ളൂയിഡ്‌ തെറാപ്പിയും അത്യാവശ്യമാണെന്നും ഡോ. സഞ്‌ജീവ്‌ കൂട്ടിച്ചേര്‍ത്തു.

1214503985
Representative Image. Photo Credit : Dragana991 / iStockPhoto.com

ഡെങ്കിപ്പനി തീവ്രമാകുമ്പോള്‍ മയോകാര്‍ഡിയല്‍ ഡിസ്‌ഫങ്‌ഷന്‍, വൃക്ക നാശം, കരള്‍ തകരാര്‍ പോലുള്ള രോഗസങ്കീര്‍ണതകളും ഉണ്ടാകാം. ഒന്നിലധികം അവയവങ്ങളും ഇതു മൂലം തകാരാറിലായെന്ന്‌ വരാം. കൊതുകു കടിയേല്‍ക്കാതെ സൂക്ഷിക്കുക എന്നതാണ്‌ ഡെങ്കിപ്പനി നിയന്ത്രണത്തിലെ സുപ്രധാന കാര്യം. കുട്ടികള്‍ രാവിലെയോ വൈകുന്നേരങ്ങളിലോ പുറത്തിറങ്ങുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണം. ശരീരം മൂടുന്ന തരത്തിലുള്ള വസ്‌ത്രങ്ങളും മോസ്‌കിറ്റോ റിപ്പല്ലന്റ്‌ ക്രീമുകളും സഹായകമാണ്‌. ഉറങ്ങുമ്പോള്‍ നെറ്റ്‌ ഉപയോഗിക്കുന്നതും നല്ലതാണ്‌. വീടിനും സ്‌കൂളിനും ചുറ്റും കൊതുക്‌ മുട്ടയിട്ടു പെരുകാന്‍ സാധ്യതയുള്ള ഇടങ്ങള്‍ ഇല്ലാതാക്കുക. കൊതുക്‌ നാശിനികളും ആവശ്യമായ ഇടങ്ങളില്‍ പ്രയോഗിക്കേണ്ടതാണ്.

കുട്ടികളിലെ കിഡ്നി രോഗ ലക്ഷണങ്ങൾ – വിഡിയോ


 

English Summary:

Rise of dengue in children: Precautionary measures parents can take

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com