ADVERTISEMENT

ഓരോ വര്‍ഷവും ലോകത്ത്‌  400 ദശലക്ഷം പേരെ ബാധിക്കുന്ന രോഗമാണ്‌ ഡെങ്കിപ്പനി (Dengue). കൊതുക്‌ പരത്തുന്ന ഈ രോഗത്തിന്‌ ഇതുവരെ മരുന്നുകളൊന്നും ലഭ്യമല്ലായിരുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള ഉഷ്‌ണ, മിതോഷ്‌ണ മേഖലകളില്‍ വ്യാപകമായ ഡെങ്കിപ്പനിക്കെതിരെ ഫലപ്രദമായ ഒരു ആന്റിവൈറല്‍ മരുന്ന്‌ വികസിപ്പിച്ചിരിക്കുകയാണ്‌ ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണ്‍. ജെഎന്‍ജെ-1802 എന്ന ഈ മരുന്ന്‌ മനുഷ്യരില്‍ ഇതാദ്യമായി വിജയകരമായി പരീക്ഷിച്ചു വിജയിച്ചതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജോണ്‍ ഹോപ്‌കിന്‍സ്‌ ബ്ലൂംബെര്‍ഗ്‌ സ്‌കൂള്‍ ഓഫ്‌ പബ്ലിക്‌ ഹെല്‍ത്തുമായി ചേര്‍ന്ന്‌ നടത്തിയ ആദ്യ ഘട്ട പരീക്ഷണത്തില്‍ 10 വൊളന്റിയര്‍മാരാണ്‌ പങ്കെടുത്തത്‌. 

ഡെങ്കിപ്പനി വൈറസ്‌ കുത്തിവയ്‌ക്കുന്നതിന്‌ അഞ്ച്ു ദിവസം മുന്‍പ്‌ ഇവര്‍ക്ക്‌ ഉയര്‍ന്ന ഡോസില്‍ ജെഎന്‍ജെ-1802 നല്‍കി. തുടര്‍ന്ന്‌ 21 ദിവസത്തേക്കും ഇവര്‍ മരുന്നുകള്‍ കഴിച്ചു. 85 ദിവസത്തേക്ക്‌ ഇവരെ നിരീക്ഷിച്ചതില്‍ പത്തില്‍ ആറ്‌ പേര്‍ക്കും രക്തത്തില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. വൈറസ്‌ ഇരട്ടിക്കുന്നതില്‍ നിന്ന്‌ ആന്റിവൈറല്‍ മരുന്നിന്‌ ശരീരത്തിനെ സംരക്ഷിക്കാനായതായി പരീക്ഷണം ചൂണ്ടിക്കാട്ടുന്നു. ലാബിന്‌ പുറത്ത്‌ യഥാർ‌ഥ സാഹചര്യങ്ങളില്‍ ഈ മരുന്നിന്റെ രണ്ടാം ഘട്ട പരീക്ഷണം നടത്തുകയാണ്‌. ഉയര്‍ന്ന പനി, കടുത്ത തലവേദന, കണ്ണിനു പിന്നില്‍ വേദന, പേശിവേദന, സന്ധിവേദന, ഓക്കാനം, ഛര്‍ദ്ദി, വീര്‍ത്ത ഗ്രന്ഥികള്‍, ശരീരത്തില്‍ തിണര്‍പ്പുകള്‍ എന്നിവയെല്ലാമാണ്‌ ഡെങ്കിപ്പനി ലക്ഷണങ്ങള്‍. രണ്ടാം തവണ ഡെങ്കിപ്പനി ഒരാളെ ബാധിക്കുമ്പോഴാണ്‌ ഈ രോഗം ഏറ്റവും മാരകമാകുന്നതെന്ന്‌ ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു. 

വയറുവേദന, നിരന്തരമായ ഛര്‍ദ്ദി, വേഗത്തിലുള്ള ശ്വാസോച്ഛാസം, മോണയില്‍നിന്ന്‌ രക്തമൊഴുക്ക്‌, ക്ഷീണം, അമിതമായ ദാഹം എന്നിവയെല്ലാം രോഗം തീവ്രമാകുന്ന ഘട്ടത്തില്‍ പ്രത്യക്ഷമാകുന്ന ലക്ഷണങ്ങളാണ്‌. പുതിയ മരുന്ന്‌ വിജയകരമായാല്‍ ഏഷ്യയിലെയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെയും ലക്ഷണക്കണക്കിന്‌ പേരെ ഡെങ്കിപ്പനി മൂലമുള്ള മരണത്തില്‍നിന്നു രക്ഷിക്കാന്‍ സാധിക്കുമെന്ന്‌ ശാസ്‌ത്രജ്ഞര്‍ വിശ്വസിക്കുന്നു. 

വെറ്റമിൻ ഡി കുറഞ്ഞാൽ സംഭവിക്കുന്നത് - വിഡിയോ

English Summary:

First pill for dengue shows result at human challenge trial, promises hope

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com