പുരുഷന്മാരില്‍ കുത്തിവയ്‌ക്കാവുന്ന ഗര്‍ഭനിരോധന മരുന്ന് പരീക്ഷണം വിജയകരം
Mail This Article
പുരുഷന്മാരില്‍ കുത്തിവയ്‌ക്കാവുന്ന ലോകത്തിലെ ആദ്യ ഗര്‍ഭനിരോധന മരുന്ന് ഇന്ത്യയില്‍ വിജയകരമായി പരീക്ഷിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. റിവേഴ്സിബിള്‍ ഇന്‍ഹിബിഷന്‍ ഓഫ് സ്‌പേം അണ്ടര്‍ ഗൈഡന്‍സ് (ആര്‍ഐഎസ്‌യുജി) എന്ന ഈ മരുന്നിന്റെ പരീക്ഷണം ഡല്‍ഹി, ഉധംപുര്‍, ലുധിയാന, ജയ്‌പുര്‍, ഖരഗ്‌പുര്‍ എന്നിവിടങ്ങളിലായിരുന്നു. ശുക്ലത്തില്‍നിന്ന് ബീജകോശങ്ങളെ ഒഴിവാക്കുന്നതില്‍ ഈ മരുന്ന് 97.3 ശതമാനം വിജയം കൈവരിച്ചെന്നും 99.02 ശതമാനം കാര്യക്ഷമതയോടെ ഗര്‍ഭനിയന്ത്രണം സാധ്യമാക്കാനും ഈ മരുന്നിനു കഴിയുമെന്ന് ഐസിഎംആറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മരുന്നിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണമാണ് അഞ്ച് കേന്ദ്രങ്ങളിലായി ഇപ്പോള്‍ നടന്നത്. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന്റെ അനുമതിയോടെയായിരുന്നു പരീക്ഷണം. അതില്‍ 25നും 40നും ഇടയില്‍ പ്രായമുള്ള 303 പേര്‍ പങ്കെടുത്തു. കാര്യമായ പാര്‍ശ്വഫലങ്ങളില്ലാത്ത ഈ കുത്തിവയ്‌പ്പ് സുരക്ഷിതമാണെന്ന് ഗവേഷകര്‍ പറയുന്നു. ഹോര്‍മോണല്‍ ഇന്‍ജക്ടബള്‍ കോണ്‍ട്രാസെപ്‌റ്റീവ് പോലെ മറ്റ് ശരീര ഭാഗങ്ങളുമായി ഈ മരുന്ന് ബന്ധപ്പെടുന്നില്ലെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. രാജ്യാന്തര ജേണലായ ആന്‍ഡ്രോളജിയിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.