മസ്തിഷ്കാഘാതം ജീവിതത്തിന്റെ അവസാനമല്ല; അടുത്തറിയാം പുനരധിവാസത്തിലെ വെല്ലുവിളികളും മാനസികപ്രശ്നങ്ങളും
Mail This Article
വളരെ സജീവമായി നടന്ന ഒരാൾ പെട്ടെന്ന് ഒരിടത്തേക്ക് ഒതുങ്ങി പോവുക. പരസഹായമില്ലാതെ പ്രാഥമിക കാര്യങ്ങൾ പോലും ചെയ്യാാൻ കഴിയാതിരിക്കുക. ഇൗ വരികൾ വായിച്ചു പോകാൻ എളുപ്പമാണെങ്കിലും സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം വന്നവരുടെ സ്ഥിതി അത്ര നിസാരമല്ല. പ്രമേഹരോഗവും കൂടിയ രക്തസമ്മർദവുമുള്ളവരുടെ എണ്ണം വർധിക്കുന്നതിനാൽ മസ്തിഷ്കാഘാതവും (സ്ട്രോക്ക് – Stroke) കൂടി. മുൻകരുതൽ ഉണ്ടെങ്കിൽ രോഗം ഒരു പരിധിവരെ തടയാം. സമയത്തു ചികിത്സ ലഭ്യമാക്കിയാൽ പകുതിയിലേറെപ്പേർക്കും പൂർണ സുഖം കിട്ടുകയും ചെയ്യും. ലക്ഷണങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ് എത്രയും വേഗം ആശുപത്രിയിൽ എത്തിച്ചില്ലെങ്കിൽ മരണമോ, ശിഷ്ടകാലം നീണ്ടുനിൽക്കുന്ന വൈകല്യങ്ങളോ സംഭവിച്ചേക്കാം. ലോകാരോഗ്യ സംഘടനയുടെ 2022ലെ കണക്കനുസരിച്ച് മനുഷ്യരിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണമാകുന്ന രണ്ടാമത്തെ കാരണം സ്ട്രോക്കാണ്. ഇന്ത്യയിൽ 60 ശതമാനമാണ് മരണനിരക്ക്.
ഏതെങ്കിലും കാരണവശാൽ തലച്ചോറിലേക്ക് ആവശ്യമായ രക്തം എത്താതെ വരുമ്പോഴാണ് മസ്തിഷ്കാഘാതം സംഭവിക്കുന്നത്. മുൻപ് 65 വയസ് കഴിഞ്ഞവരിലാണ് സ്‌ട്രോക്കിന് സാധ്യത കൂടുതലെന്ന് കരുതിയിരുന്നെങ്കിൽ ഇപ്പോൾ ചെറുപ്പക്കാരിലും മസ്തിഷ്കാഘാതം റിപ്പോർട്ട് ചെയ്യുന്നുണ്ട്. സ്ട്രോക്കിന്റെ കാരണം തേടി പോയാൽ മാറിയ ജീവിതശൈലി തന്നെയാണ് വില്ലൻ. സാരമായ മറ്റ് രോഗങ്ങളോ അവയവങ്ങൾക്ക് പ്രശ്നങ്ങളോ ഇല്ലാത്ത ചെറുപ്പക്കാർ സ്ട്രോക്ക് വന്നാലും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യത കൂടുതലാണ്.
മസ്തിഷ്കാഘാതം ശരീരത്തിനുണ്ടാകുന്ന വൈകല്യങ്ങൾ ഭേദമാകാനും ചലനശേഷി പഴയതുപോലെ വീണ്ടെടുക്കാനും ചിലപ്പോൾ വർഷങ്ങൾ നീളുന്ന നിരന്തര ചികിത്സ ആവശ്യമായി വന്നേക്കാം. അതുവരെ സമൂഹത്തിൽ സജീവമായി ഇടപഴകുകയും പുറത്തെ വിശാലമായ ലോകത്ത് സന്തോഷത്തോടെ ജീവിക്കുകയും ചെയ്തിരുന്നവർ പെട്ടെന്ന് മുറിയിലേക്കോ കിടക്കയിലേക്കോ ഒതുങ്ങാൻ സ്ട്രോക്ക് നിർബന്ധിതരാക്കുന്നു. സ്ട്രോക്കിനെ അതിജീവിച്ച രോഗികൾ പിന്നീട് ഒറ്റപ്പെടലും ആകുലതയും വിഷാദവും അനുഭവിച്ച് മാനസികരോഗങ്ങളിലേക്ക് വഴുതിപ്പോകുന്നതായി ഡോക്ടർമാർ പറയുന്നു. സ്ട്രാക്കിനെ അതിജീവിച്ചവരോട് സ്നേഹവും കരുതലുമുള്ള ബന്ധുക്കൾ നിരന്തരം വിശ്രമിക്കാൻ ആവശ്യപ്പെടുകയും ലഘുവായ ദൈനംദിന ജോലികളിൽ നിന്നുപോലും മാറ്റിനിർത്തുകയും ചെയ്യാറുണ്ട്. പക്ഷേ സ്ട്രോക്ക് വീണ്ടും വരാനുള്ള സാധ്യതയെ ഭയന്ന് ജീവിതകാലം മുഴുവൻ അവരെ കിടക്കയിൽ തളച്ചിടേണ്ടതുണ്ടോ?
പാഴാക്കരുത് വിലപ്പെട്ട ആദ്യ മണിക്കൂറുകൾ
സ്ട്രോക്കിനു പ്രായം മാത്രമല്ല റിസ്ക് ഫാക്ടർ. പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ, പുകവലി, പാരമ്പര്യം എന്നീ പ്രശ്നങ്ങളുള്ളവർ സ്‌ട്രോക്കിനെ കരുതിയിരിക്കണം. മസ്തിഷ്കാഘാതത്തിന്റെ പ്രകടമായ ലക്ഷണങ്ങൾ കണ്ടാൽ പലപ്പോഴും കുടുംബാംഗങ്ങൾക്ക് മനസിലാകണമെന്നില്ല. അക്കാരണത്താൽ ചികിൽസ വൈകുകയും മരണം വരെ സംഭവിക്കുകയോ ചെയ്തേക്കാം. ഒരാൾക്ക് പെട്ടെന്ന് രോഗലക്ഷണം കണ്ടാൽ സ്ട്രോക്ക് ആണോ എന്ന് തിരിച്ചറിയാനുള്ള ശേഷി എല്ലാവരും സ്വായത്തമാക്കണം. കാരണം അത്തരമൊരു തിരിച്ചറിവ് വിലപ്പെട്ട ഒരു ജീവൻ രക്ഷിക്കാൻ സഹായിക്കും. ഓക്കാനം, ഛർദി, രാത്രിയിൽ തീവ്രത കൂടുന്ന തലവേദന, ഇടയ്ക്കിടെ ബോധം നഷ്ടമാകുക, കൈയിലോ കാലിലോ മുഖത്തോ പെട്ടെന്നുണ്ടാകുന്ന മരവിപ്പ്, ബലഹീനത, അവ്യക്തമായ സംസാരം, നാവുകുഴയൽ, കാഴ്ചയും ഓർമയും നഷ്ടമാകുക, ശരീരത്തിന്റെ ചലനങ്ങൾ നിയന്ത്രിക്കാൻ കഴിയാതാവുക എന്നിവ മസ്തിഷ്‌കാഘാതത്തിന്റെ പ്രകടമായ ലക്ഷണങ്ങളാണ്. ഇങ്ങനെയൊരു സാഹചര്യത്തിൽ സമചിത്തത കൈവിടാതെ രോഗിയുടെ കൈ ഉയർത്തി നോക്കാം. ഉയർത്തിപ്പിടിക്കാൻ കഴിയാത്ത രീതിയിൽ ബലഹീനമായി കൈകൾ താഴേക്ക് പതിക്കുകയാണെങ്കിൽ ഉടനെ ചികിത്സ തേടുന്നതാണ് വേണ്ടത്.
പിന്നെയുള്ള ഓരോ മിനിറ്റും നിർണായകമാണ്. മസ്തിഷ്കാഘാതം സംഭവിച്ചത് മുതൽ ആശുപത്രിയിൽ എത്തുന്നത് വരെയുള്ള സമയം വിലപ്പെട്ടതാണ്. സമയം ഓരോ മിനിട്ടിലും തലച്ചോറിലെ ലക്ഷക്കണക്കിന് ന്യൂറോണുകൾ നശിച്ചുകൊണ്ടിരിക്കുകയാണ് എന്ന ബോധ്യം വേണം. ഒരു മണിക്കൂറിനുള്ളിൽ സ്ട്രോക്ക് ചികിത്സയ്ക്ക് സംവിധാനങ്ങളുള്ള ആശുപത്രിയിൽ തന്നെ രോഗിയെ എത്തിക്കേണ്ടതാണ്. സ്ട്രോക്കിനു മതിയായ സൗകര്യങ്ങളില്ലാത്ത ആശുപത്രിയിൽ രോഗിയെ എത്തിച്ച് വിലപ്പെട്ട സമയം കളയരുത്. വൈകിയാൽ ചലനശേഷിയും സംസാരശേഷിയും ചിലപ്പോൾ പൂർണമായും നഷ്ടമായെന്നുവരാം. ചിലപ്പോൾ മരണവും സംഭവിച്ചേക്കാം. പരമാവധി നാലു മണിക്കൂറിനുള്ളിലെങ്കിലും ആശുപത്രിയിൽ എത്തിക്കണം.
തലച്ചോർ മരിച്ചുതുടങ്ങുമ്പോൾ
ഏറെ സങ്കീർണതയുള്ള മനുഷ്യശരീരത്തിന്റെ ഓരോ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന കേന്ദ്രമാണ് തലച്ചോർ. തലച്ചോറിന് ആവശ്യമായ രക്തം കിട്ടാതെ അതിന്റെ പ്രവർത്തനം താളംതെറ്റുന്ന അവസ്ഥ ഏറെ ഭയാനകമാണ്. മസ്തിഷ്കാഘാതത്തിന്റെ തീവ്രതയും ആശുപത്രിയിൽ എത്താനെടുക്കുന്ന സമയവും അനുസരിച്ചായിരിക്കും, രോഗിയുടെ പിന്നീടുള്ള ജീവിതം എങ്ങനെയായിരിക്കും എന്ന് നിർണയിക്കപ്പെടുന്നത്. മസ്തിഷ്കകാഘാതം സംഭവിച്ച ചിലർക്ക് നടക്കാൻ കഴിയില്ല. സ്ഥലകാലബോധം നഷ്ടപ്പെടുകയും സംസാരിക്കാനും ആളുകളെ തിരിച്ചറിയാനും കഴിയാതെയാവുകയും ചെയ്യുന്നവരുമുണ്ട്. ഒരുപരിധിവരെ, ഇതെല്ലാം താല്കാലികമാണ് എന്നുപറയാം. ഫിസിയോ തെറാപ്പി, സ്പീച് തെറാപ്പി, ഒക്യുപ്പേഷണൽ തെറാപ്പി പോലെയുള്ള അനുബന്ധ ചികിത്സകളിലൂടെ ഭൂരിഭാഗം രോഗികളെയും സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ കഴിയും. രോഗമുക്തിയും പുനരധിവാസവും ഒരു നീണ്ട യാത്രയാണ്. ഓരോ രോഗിയിലും രോഗം ഭേദമാകുന്ന തോതും വ്യത്യാസപ്പെട്ടിരിക്കും.
മാനസികപിന്തുണയുടെ പ്രാധാന്യം
രോഗം ബാധിച്ച് ഒരുവർഷമൊക്കെ കഴിയുമ്പോഴാണ് പല രോഗികളിലും ഗുരുതരമായ മാനസികപ്രശ്നങ്ങളും കണ്ടുതുടങ്ങുന്നത്. വിഷാദത്തിലേക്ക് വീണുകഴിഞ്ഞാൽ ചില രോഗികളിൽ അതിനും പ്രത്യേകം മരുന്നുകൾ കഴിക്കേണ്ടതായി വരും. നേരത്തെ വിഷാദം പോലെയുള്ള മാനസികരോഗങ്ങൾ ഉണ്ടായിട്ടുള്ളവരാണെങ്കിൽ പ്രത്യേകിച്ച്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണ ഏറ്റവുമധികം വേണ്ട സമയമാണിത്. ജീവിതത്തോട് മടുപ്പും അസംതൃപ്തിയും തോന്നിത്തുടങ്ങിയാൽ പിന്നീട് രോഗികൾ ഫിസിയോതെറാപ്പി പോലെയുള്ള ചികിത്സകളിൽ പങ്കെടുത്തില്ലെന്ന് വരാം. അലസതയും നിർവികാരതയും പിടിമുറുക്കുകയും, രോഗം ഭേദമാകാനുള്ള സാധ്യതകൾ മങ്ങിത്തുടങ്ങുകയും ചെയ്യും. അത്തരം സാഹചര്യങ്ങളൊഴിവാക്കാൻ കൂടെയുള്ളവർ നിരന്തരം ശ്രദ്ധിക്കണം. രോഗിക്ക് പോസിറ്റീവായ പ്രോത്സാഹനം നൽകണം. മസ്തിഷ്കാഘാതം സംഭവിച്ചവരെ ഒറ്റപ്പെടുത്തുകയോ മാറ്റിനിർത്തുകയോ ചെയ്യാതിരിക്കാൻ ശ്രമിക്കണം. ദൈനംദിന കാര്യങ്ങളിൽ അവരെ അല്പമെങ്കിലും ഉൾക്കൊള്ളിക്കുന്നത് സാധാരണ ജീവിതത്തിലേക്കുള്ള അവരുടെ തിരിച്ചുവരവ് എളുപ്പമാക്കും. ജോലി ചെയ്തുകൊണ്ടിരുന്നവരാണെങ്കിൽ നിരന്തരം വിശ്രമിക്കാൻ ആവശ്യപ്പെടാതെ, കരുതലോടെ സാധാരണ ജോലികളിലേക്ക് മടങ്ങാനുള്ള മാനസിക ഉത്തേജനം നൽകുകയും അവരെ സജീവമാക്കി നിർത്താനുള്ള അവസരങ്ങൾ കണ്ടെത്തുകയുമാണ് അടുത്തുള്ളവർ ചെയ്യേണ്ടത്.
മസ്തിഷ്കാഘാതമുണ്ടായാൽ ജീവിതം അവസാനിച്ചു എന്ന തെറ്റിദ്ധാരണ പൊതുവെ സമൂഹത്തിലുണ്ട്. രോഗിയും അങ്ങനെ ചിന്തിക്കുന്നുണ്ടെങ്കിൽ ആ ധാരണ മാറ്റേണ്ടത് അത്യാവശ്യമാണ്. അല്പം സമയമെടുത്താണെങ്കിലും ഈ രോഗത്തെ പൂർണമായും അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നവരും അവരുടെ കഥകളും നമുക്ക് ചുറ്റും ഒരുപാടുണ്ട്. അത്തരം പോസിറ്റീവായ അനുഭവങ്ങളിലേക്ക് രോഗിയും അവരെ പരിചരിക്കുന്നവരും ശ്രദ്ധതിരിക്കണം. എനിക്കും രോഗമുക്തി നേടാൻ കഴിയുമെന്ന ആത്മവിശ്വാസം രോഗിയിൽ ഉണ്ടാക്കിയെടുക്കണം. ശിഷ്ടകാലം എല്ലാത്തിനും മറ്റൊരാളുടെ സഹായം വേണമെന്ന തോന്നൽ രോഗിയെ കൂടുതൽ മാനസികസമ്മർദ്ദത്തിലേക്ക് നയിച്ചേക്കും. അതുകൊണ്ട് കഴിയുന്നവിധത്തിൽ കാര്യങ്ങൾ സ്വയം ചെയ്യാനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചു കൊടുക്കാം. മാനസികമായും വൈകാരികമായും സാമ്പത്തികമായും പര്യാപ്തത കൈവരിക്കണം. സുഖകരമായ ഉറക്കം ഇക്കാലത്ത് പ്രധാനമാണ്.
പ്രമേഹവും ബിപിയും ഉള്ള രോഗികളാണെങ്കിൽ കൂടുതൽ ശ്രദ്ധ വേണം. മസ്തിഷ്കാഘാതം സംഭവിച്ചാൽ പിന്നെ ഒരിക്കലും പുകവലിക്കാൻ പാടില്ല. മദ്യപാനവും പൂർണമായും ഒഴിവാക്കണം. കൃത്യമായ ഇടവേളകളിൽ പരിശോധനകൾക്ക് വിധേയരാകണം. ചില മരുന്നുകൾ ജീവിതകാലം മുഴുവൻ കഴിക്കേണ്ടി വരും. നല്ല ഭക്ഷണരീതികളും ലഘുവ്യായാമങ്ങളും ശീലമാക്കണം. കാരണം മസ്തിഷ്കാഘാതം ഉണ്ടായവരിൽ പിന്നീട് ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഹൃദയത്തിന്റെ പമ്പിങ്ങിലെ കുറവ്, ഹൃദയമിടിപ്പിലെ വ്യത്യാസം, ഹൃദയവാൽവിലെ ചുരുക്കം എന്നിവയാണ് ചെറുപ്പക്കാരെ സ്‌ട്രോക്കിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങൾ.
താങ്ങാനാവാത്ത ജീവിതഭാരം
സാധാരണക്കാരെ താങ്ങാനാവാത്ത ജീവിതഭാരത്തിലേക്ക് തള്ളിവിടുന്ന അവസ്ഥയാണ് മസ്തിഷ്കാഘാതവും പിന്നീടുള്ള പുനരധിവാസവും. മസ്തിഷ്കാഘാതം ഉണ്ടായാൽ ഐസിയുവിൽ കിടത്തിയുള്ള ചികിത്സയാണ് വേണ്ടത്. ദിവസങ്ങളോ ആഴ്ചകളോ ഇങ്ങനെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയേണ്ടി വരുന്നതിന്റെ ചെലവ് കുടുംബത്തിന്റെ സാമ്പത്തിക അടിത്തറയെ ബാധിച്ചേക്കാം. പെട്ടെന്ന് വിദഗ്ധ ചികിൽസ ലഭ്യമാക്കുക എന്നതാണ് സ്ട്രോക്കിനെ അതിജീവിക്കാനുള്ള സാധ്യത നിർണയിക്കുന്നത്. നഗരത്തിൽ താമസിക്കുന്ന വ്യക്തികൾക്ക് അടിയന്തരമായി ചികിൽസ ലഭ്യമാക്കാനുള്ള സാധ്യതയുണ്ടെങ്കിലും മലയോര മേഖലകളിലുള്ളവർക്ക് ഇപ്പോഴും ചികിൽസ വെല്ലുവിളിയാണ്. വൈകുന്തോറും അതിജീവനസാധ്യതകൾ കുറയുന്നതാണ് സ്ട്രോക്കിന്റെ ചികിൽസയിലെ വെല്ലുവിളി. പണമില്ലാത്തത് കൊണ്ട് ചികിൽസ നിഷേധിക്കപ്പെടുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകാൻ പാടില്ല. കൃത്യസമയത്ത് കൃത്യമായ ചികിത്സ നൽകാനായാൽ രോഗിക്ക് സ്വന്തമായി അധ്വാനിച്ച് ജീവിതച്ചിലവുകൾക്കുള്ള വക കണ്ടെത്താനുള്ള ശേഷി തിരിച്ചുപിടിക്കാൻ കഴിയും. അതുകൊണ്ട് സമയത്ത് ചികിത്സ കിട്ടാത്ത സാഹചര്യം ആർക്കും ഉണ്ടാകരുത്. ആരോഗ്യസംവിധാനങ്ങളുടെ നിലവാരത്തിൽ കടലാസ്സിൽ സ്കാൻഡിനേവിയൻ രാജ്യങ്ങളുടെ തൊട്ടടുത്തുവരെ എത്തുന്നുണ്ട് കേരളം. സംസ്ഥാനത്തെ ഈ ബൃഹത്തായ ആരോഗ്യ ശൃഖലയിലെ കൂടുതൽ ആശുപത്രികളെ മസ്തിഷ്കാഘാത ചികിത്സയ്ക്ക് പ്രാപ്തമാക്കിയെടുക്കുന്നതിനാകണം നമ്മുടെ മുൻഗണന. ആരോഗ്യപ്രവർത്തകർക്ക് ഇത്തരം സാഹചര്യങ്ങളിൽ സമയോചിതമായി ഇടപെടുന്നതിനുള്ള പരിശീലനവും ആവശ്യമാണ്.
(ലേഖകൻ കൊച്ചി ആസ്റ്റർ മെഡ്സിറ്റി ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിയേഷൻ സീനിയർ കൺസൾട്ടന്റാണ്. അഭിപ്രായം വ്യക്തിപരം)