പനിയും ജലദോഷവും ഉള്ളപ്പോൾ കാപ്പി കുടിക്കരുത്; വാസ്തവം അറിയാം
Mail This Article
പനിയോ ജലദോഷമോ ഒക്കെ ഉള്ളപ്പോൾ ഇടയ്‌ക്കിടെ ചൂട് വെള്ളം കുടിക്കണമെന്നു പലപ്പോഴും ആരോഗ്യവിദഗ്‌ധര്‍ ശുപാര്‍ശ ചെയ്യാറുണ്ട്. തേന്‍ ചേര്‍ത്ത ചൂട് വെള്ളം, ചൂട് ചായ, ഗ്രീന്‍ ടീ, ഹെര്‍ബല്‍ ടീ, കഞ്ഞിവെള്ളം എന്നിവയെല്ലാം അസുഖബാധിതര്‍ക്കു കൊടുക്കാവുന്ന പാനീയങ്ങളാണ്. എന്നാല്‍ ഈ കൂട്ടത്തില്‍ പലപ്പോഴും കാപ്പി നിര്‍ദ്ദേശിക്കപ്പെടാറില്ലെന്നു കാണാം. അതെന്താ അങ്ങനെ എന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ? രോഗം ബാധിച്ചു കിടക്കുമ്പോള്‍ കാപ്പി കുടിക്കരുതെന്ന് പറയുന്നത് ഇനി പറയുന്ന കാരണങ്ങള്‍ കൊണ്ടാണ്.
1. കാപ്പി ഉറങ്ങാന്‍ അനുവദിക്കില്ല
കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫൈന്‍ ശരീരത്തിന് ഊര്‍ജ്ജവും ഉണര്‍വും നല്‍കി ശരീരത്തെ ജാഗ്രതാവസ്ഥയില്‍ നിര്‍ത്തും. എന്നാല്‍ അസുഖബാധിതനായി കിടക്കുമ്പോള്‍ ശരീരത്തിന് ആവശ്യം വിശ്രമമാണ്, അല്ലാതെ ഈ ജാഗ്രതാവസ്ഥയല്ല. എത്ര ഉറക്കം കിട്ടുന്നോ അത്രയും നല്ലത്. കാപ്പി കുടിക്കുന്നത് ശരീരത്തെ വിശ്രമിക്കാനും ഉറങ്ങാനും സഹായിക്കില്ലെന്നതിനാല്‍ അസുഖബാധിതര്‍ കാപ്പി കഴിവതും ഒഴിവാക്കേണ്ടതാണ്.
2. നിര്‍ജലീകരണം
കാപ്പിയിലെ കഫൈന്‍ ശരീരത്തെ നിര്‍ജലീകരിക്കാന്‍ കാരണമാകും. കാപ്പി കുടിച്ച് കഴിഞ്ഞാല്‍ ഇടയ്‌ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നതിന്റെ കാരണമിതാണ്. എത്രയധികം കാപ്പി കുടിക്കുന്നുവോ അത്രയധികം നിര്‍ജലീകരണം ശരീരത്തിന് അനുഭവപ്പെടാം. അസുഖ ബാധിതരായിരിക്കുമ്പോള്‍ ശരീരത്തില്‍ ജലാംശം അത്യാവശ്യമാണ്. ഇതിനാല്‍ ഈ സമയത്ത് കാപ്പി ഒഴിവാക്കുന്നതാണ് ഉചിതം.
3. വയറിനു പ്രശ്‌നമുണ്ടാകാം
കാപ്പി കുടിക്കുന്നത് വയറിനെ ബാധിച്ച് പെട്ടെന്ന് മലവിസര്‍ജ്ജനം നടത്താനുള്ള തോന്നല്‍ ചിലരില്‍ ഉണ്ടാക്കാം. അസുഖം മൂലം അല്ലെങ്കില്‍ തന്നെ ബുദ്ധിമുട്ടിലായിരിക്കുന്ന വയറിന് കൂടുതല്‍ പണി നല്‍കാന്‍ കാപ്പി കുടി കാരണമാകുമെന്ന് ചുരുക്കം. കാപ്പി മാത്രമല്ല സോഡ, കോള്‍ഡ് കോഫി, എനര്‍ജി ഡ്രിങ്കുകള്‍, മധുരം അധികം ചേര്‍ന്ന പാനീയങ്ങള്‍ എന്നിവയും അസുഖബാധിതരായിരിക്കുമ്പോള്‍ ഒഴിവാക്കേണ്ടതാണ്. ശരീരത്തിനു നല്ല വിശ്രമവും പോഷകസമ്പുഷ്ടമായതും എളുപ്പം ദഹിക്കുന്നതുമായ ആഹാരവുമാണ് ഈ സമയത്ത് ആവശ്യം. ചൂട് വെള്ളം, ഹെര്‍ബല്‍ ടീ എന്നിവയ്‌ക്ക് പുറമേ ചിക്കന്‍, വെജിറ്റബിള്‍ സൂപ്പുകളും ഈ സമയത്ത് കുടിക്കുന്നത് വളരെ നല്ലതാണ്.
പനി വന്നാൽ ഒപ്പം തലവേദനയും വരാറില്ലേ? തലവേദന അകറ്റാന്‍ ഇതാ സിംപിൾ ടിപ്സ്: വിഡിയോ