ADVERTISEMENT

പ്രമേഹത്തിന് എന്തുകൊണ്ടാണ് ഇത്ര അധികം പ്രാധാന്യം നൽകുന്നത്?
വളരെ പ്രസക്തമായ ചോദ്യമാണ്. പ്രമേഹത്തെ ഓർക്കാൻ നവംബർ 14 എന്ന ഒരു ദിവസമുണ്ട്. ലോകം മുഴുവൻ പ്രമേഹത്തെക്കുറിച്ചുള്ള ചർച്ചകളാണ് ഈ ദിനം. മറ്റൊരു രോഗത്തിനും കിട്ടാത്ത പ്രാധാന്യമാണ് എന്നു വേണമെങ്കിൽ പറയാം. എന്തുകൊണ്ടാണെന്നല്ലേ? പ്രമേഹ ചികിത്സ അവഗണിച്ചാൽ വലിയ വില കൊടുക്കേണ്ടി വരും. 100 ലറെ മാരക രോഗങ്ങൾക്കു വഴി തെളിക്കുന്ന അപകടകാരിയാണ് പ്രമേഹം. ഹൃദയാഘാതം, വൃക്കതകരാർ, അന്ധത, ഉണങ്ങാത്ത പാദവ്രണങ്ങൾ, ക്ഷയരോഗം, അർബുദം..... ഈ പട്ടിക നീണ്ടതാണ്. പ്രമേഹം ഇല്ലാത്തവരെ അപേക്ഷിച്ച് പ്രമേഹമുള്ളവർക്ക് ഇത്തരം രോഗങ്ങൾ മൂലമുളള അപകടസാധ്യതകളും മരണ സാധ്യതയും വളരെ കൂടുതലാണ്. 

jothydevs-diabetes-research-centre-image-three

പ്രമേഹ ചികിൽസ ചെലവേറിയതാണോ? 
ഇത് പൊതുവെയുള്ള ഒരു തെറ്റിദ്ധാരണയാണ്. പ്രമേഹ ചികിത്സയ്ക്ക് ചെലവു കൂടുന്നതും വരുമാനത്തിന്റെ നല്ലൊരു ഭാഗം ചികിത്സയ്ക്കു ചെലവഴിക്കേണ്ടി വരുന്നതും സമഗ്ര പ്രമേഹ പരിരക്ഷ സ്വീകരിക്കാത്ത രോഗികൾക്കാണ്. പ്രമേഹത്തിനുപയോഗിക്കുന്ന നൂതന ഔഷധങ്ങൾ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതോടൊപ്പം പ്രധാന അവയവങ്ങളെ കൂടി സംരക്ഷിക്കുന്നവയാണ്. പ്രമേഹ ചികിത്സയിലെ വിജയം ആരോഗ്യ വിദ്യാഭ്യാസത്തിലാണ്. വസ്തുതകൾ മനസ്സിലാക്കാതെ പ്രമേഹത്തിനു ചികിത്സ തുടങ്ങിയാൽ രോഗികൾക്ക് പതിയെപ്പതിയെ ഓരോ അവയവങ്ങളെയും ബാധിക്കുന്നു. കൈകാലുകളിലെ നീറ്റലും പെരുപ്പും, ലൈംഗികശേഷിക്കുറവ്, ഹൃദയാഘാതം, വൃക്കസ്തംഭനം, അന്ധത,  പക്ഷാഘാതം ഇങ്ങനെ ഓരോ രോഗങ്ങൾ ക്ഷണിച്ചു വരുത്തുമ്പോഴാണ് ചികിത്സച്ചെലവു ഭീമമായി വർധിക്കുന്നത്. പ്രാരംഭത്തിൽത്തന്നെ ശരിയായ ചികിത്സ സ്വീകരിച്ചാൽ ചികിത്സച്ചെലവു വർധിക്കില്ല.

പ്രമേഹ സാധ്യത കണ്ടെത്താൻ കഴിയുമോ?
2023 ലെ പ്രമേഹ ദിന സന്ദേശം ‘പ്രമേഹസാധ്യത തിരിച്ചറിയൂ, അതിനെതിരെ പ്രവർത്തിക്കൂ’ എന്നതാണ്. അടുത്ത ബന്ധുവിനുള്ള  പ്രമേഹം, പുകവലി, അമിതവണ്ണം, രക്തസമ്മർദ്ദം, രക്തത്തിലെ കൊഴുപ്പ് കൂടുതൽ ഇവയെല്ലാം പ്രമേഹ സാധ്യത വർധിപ്പിക്കും. ടൈപ്പ് 2 പ്രമേഹം വന്നാൽ എട്ടു വർഷത്തോളം മിക്ക രോഗികളിലും രോഗലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. അവിടെയാണ് ചതി സംഭവിക്കുന്നത്. ആറു മാസത്തിലൊരിക്കൽ രക്തപരിശോധന നടത്തുന്നതിലൂടെ മാത്രമേ, രോഗലക്ഷണങ്ങൾ ഒന്നുമില്ലാത്ത ഈ ഘട്ടത്തിൽ പ്രമേഹത്തെ തിരിച്ചറിയാൻ കഴിയുകയുള്ളൂ. മൂന്നുമാസത്തെ രക്തത്തിലെ പഞ്ചസാരയുടെ ശരാശരിയായ HbA1c വളരെ പ്രയോജനമുള്ള ഒരു പരിശോധനയാണ്. HbA1c യുടെ നോർമൽ 5.7% ൽ താഴെയാണ്.  ഈ പരിശോധനയുടെ പ്രധാനപ്പെട്ട പരിമിതി, നാഷനൽ ഗ്ലൈക്കോഹീമോഗ്ലോബിൻ സ്റ്റാൻഡേഡൈസേഷൻ പ്രോഗ്രാം (എൻജിഎസ്പി) അംഗീകൃത ഉപകരണങ്ങളിൽ ചെയ്യുകയാണെങ്കിൽ മാത്രമേ കൃത്യമായ ഫലം കിട്ടുകയുള്ളൂ എന്നതാണ്. കൂടാതെ, രക്തത്തിലെ പഞ്ചസാര നേരിട്ടു പരിശോധിച്ചും പ്രമേഹ സാധ്യത കണ്ടെത്താം.

jothydevs-diabetes-research-centre-image-one

എന്താണ് കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്ററിങ് ?
പ്രമേഹരോഗ ചികിത്സയിൽ സുപ്രധാനമായ ഒരു സാങ്കേതികവിദ്യയാണ് കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്ററിങ് (സിജിഎം). സൂചി ഉപയോഗിച്ച് കുത്തിനോവിക്കാതെ തുടർച്ചയായി ഗ്ലുക്കോസ് നില നിരീക്ഷിക്കുന്ന ഉപാധിയാണിത്. രോഗിക്കു ഫോണിൽ ലഭിക്കുന്ന ഗ്ലൂക്കോസ് നില രോഗിയുടെ അടുത്ത ബന്ധുജനങ്ങൾക്ക് അവരുടെ ഫോൺ ആപ്പിൽ അപ്പോൾ അറിയാൻ സാധിക്കും. രക്തത്തിൽ പഞ്ചസാരയുടെ അളവ് രോഗി അറിയാതെ കുറഞ്ഞു പോകുന്നതും കൂടിപ്പോകുന്നതും ജീവനെ തന്നെ അപായപ്പെടുത്തുന്ന ഒന്നാണല്ലോ. ഇത്തരം അപകടങ്ങൾ പൂർണമായി ഒഴിവാക്കാനും ഔഷധം, വ്യായാമം, ഭക്ഷണം എന്നിവ ഓരോ വ്യക്തിക്കും അനുയോജ്യമാകും വിധം സ്വീകരിക്കാനും ഇത് സഹായിക്കും. പ്രമേഹം ഇല്ലാത്തവർ പോലും ലോകമെമ്പാടും സിജിഎം ഉപകരണങ്ങൾഡ സമഗ്ര ആരോഗ്യ പരിപാലത്തിനായി ഉപയോഗിക്കുന്നുണ്ട്.

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പ്രമേഹത്തിനും അമിത വണ്ണത്തിനും നിരവധി നൂതന ചികിൽത്സോപാധികളാണ് നിലവിൽ വന്നിട്ടുള്ളത്. പ്രമേഹ ചികിത്സയിൽ സിജിഎം, കണക്ട‍ഡ് ഡിവൈസ്, റിമോട്ട് മോണിട്ടറിങ്, ടെലി മെഡിസിൻ‌ തുടങ്ങിയ സാങ്കേതിക വിദ്യകൾ രോഗികളുടെ ചികിൽസയിലും ചികിത്സച്ചെലവു വർധന തടയുന്നതിലും പ്രധാന പങ്ക് വഹിക്കുന്നതായി ആഗോളതലത്തിൽ ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഓരോ വ്യക്തിയും ദിവസം അരമണിക്കൂർ എങ്കിലും ഡോക്ടർ നിർദേശിക്കുന്ന വ്യായാമം നിർബന്ധമായും ചെയ്തിരിക്കണം. ദിവസം 6 മുതൽ 8 വരെ മണിക്കൂർ ഉറക്കം നിർബന്ധമാണ്. മാനസിക സംഘർഷവും പ്രമേഹ സാധ്യത വർധിപ്പിക്കുന്നു. ഔഷധങ്ങൾ കൂടാതെ പ്രമേഹ ചികിത്സ സാധിക്കില്ല എന്നു മനസ്സിലായാൽ ഔഷധങ്ങൾ സ്വീകരിക്കുവാൻ വൈകരുത്. മരുന്നുകളോടു മുഖം തിരിക്കുന്ന പ്രവണത അപകടം ക്ഷണിച്ചു വരുത്തും. പ്രമേഹം ഉണ്ടെങ്കിൽ പോലും ആരോഗ്യകരമായ ജീവിതം സാധ്യമാകുന്ന വിധത്തിലുള്ളതാണ് പ്രമേഹ ചികിത്സയിലുണ്ടായ മാറ്റങ്ങൾ.

ഡോ.ജ്യോതിദേവ് കേശവദേവ്  MD, FACE (യുഎസ്എ), FRCP (ലണ്ടൻ), FRCP (ഗ്ലാസ്‌ഗ്), FRCP (എഡിൻ),FACP
Chairman, Jothydev’s Diabetes Research Centers, Kerala
E - Mail ID : jothydev@gmail.com

English Summary:

4 Steps to manage your diabetes for Life - Dr. Jothydev Kesavadev Explains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com