അവബോധം കൊണ്ട് പ്രതിരോധിക്കാം എയ്ഡ്സിനെ; 2030 ഓടെ പുതിയ അണുബാധ ഇല്ലാതാക്കാം
Mail This Article
ഡിസംബർ ഒന്നിനെ കലണ്ടറിൽ വെറുമൊരു അക്കമായി മാത്രം കാണേണ്ടതല്ല. എച്ച്ഐവി അണുബാധ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന കാലത്തോളം ഇൗ ദിവസത്തിന് പ്രസക്തിയുണ്ട്. എയ്ഡ്സ് ദിനാചരണത്തിന്റെ മുപ്പത്തിയഞ്ച് വർഷം പിന്നിടുമ്പോൾ എയ്ഡ്സ് രോഗത്തോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടു മാറിയതും നമ്മുടെ സംസ്ഥാനത്ത് എച്ച്ഐവി ബാധയുടെ തോത് കുറച്ചു കൊണ്ടുവരാൻ സാധിച്ചിട്ടുള്ളതും എടുത്തു പറയേണ്ടതാണ്.
1988 മുതൽ ലോകമെമ്പാടും ഡിസംബർ 1 ലോക എയ്ഡ്സ് ദിനമായി (World Aids Day) ആചരിച്ചു വരുന്നു. എച്ച്ഐവി അണുബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും എച്ച്ഐവി പ്രതിരോധത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് ഈ ദിനം ആചരിക്കുന്നത്. എച്ച്ഐവി അണുബാധ നമ്മുടെ സമൂഹത്തിൽ ഇപ്പോഴും ഒരു യാഥാർഥ്യമായി നിലനിൽക്കുന്നു.
ലോകത്താകമാനം 3.9 കോടി എച്ച്ഐവി ബാധിതർ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. 2021 ൽ മാത്രം 0.13 കോടി ആളുകളിൽ അണുബാധ കണ്ടെത്തി. ഇന്ത്യയിൽ 24.01 ലക്ഷം ആളുകൾ എച്ച്ഐവി ബാധിതരാണെന്ന് കണക്കാക്കപ്പെടുന്നു. 2021 ൽ ഇന്ത്യയിൽ 69000 ആളുകളിൽ പുതുതായി എച്ച്ഐവി അണുബാധ കണ്ടെത്തി. എച്ച്ഐവി ബാധാ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം. പ്രായപൂർത്തിയായവരിലെ എച്ച്ഐവി സാന്ദ്രത ഇന്ത്യയിൽ 0.22 ആണെങ്കിൽ അത് കേരളത്തിൽ 0.06 ആണ്. എച്ച്ഐവി സാന്ദ്രത കുറഞ്ഞ സംസ്ഥാനമാണെങ്കിലും തൊഴിലിനും വിദ്യാഭ്യാസത്തിനുമായി മലയാളികൾ ഇതര സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കുടിയേറുന്നതും ഇതര സംസ്ഥാനങ്ങളിൽനിന്ന് ആളുകൾ വൻ തോതിൽ കേരളത്തിലേക്കെത്തുന്നതും ഇവിടെ എച്ച്ഐവി വ്യാപന സാധ്യത വർധിപ്പിക്കുന്നു.
ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യം അനുസരിച്ച് 2030 ഓടെ പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങൾ. കേരളമാകട്ടെ ഈ ലക്ഷ്യം 2025 ൽ കൈവരിക്കുന്നതിനായിട്ടുള്ള യജ്ഞം ആരംഭിച്ചു കഴിഞ്ഞു. ഇതിനായി ‘ഒന്നായ് പൂജ്യത്തിലേക്ക്’ എന്ന ക്യാംപെയ്ൻ ആരംഭിച്ചിരിക്കുന്നു. ആത്യന്തികമായ ഈ ലക്ഷ്യത്തിലേക്ക് എത്തുന്നതിന് 2025–ഓടുകൂടി 95:95:95 എന്ന ലക്ഷ്യം കൈവരിക്കാൻ ഉദ്ദേശിക്കുന്നു. ഇതിൽ ആദ്യത്തെ 95 എന്നത് എച്ച്ഐവി ബാധിതരായ ആളുകളിലെ 95% ആളുകളും അവരുടെ എച്ച്ഐവി അവസ്ഥ തിരിച്ചറിയുക എന്നുള്ളതാണ്. അണുബാധിതരായിട്ടും അത് തിരിച്ചറിയാതെ ജീവിക്കുന്ന ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്. രണ്ടാമത്തെ 95 എന്നുള്ളത് എച്ച്ഐവി അണുബാധിതരായി കണ്ടെത്തിയ ആളുകളിലെ 95% വും എആർടി ചികിത്സയ്ക്ക് വിധേയരാകുക എന്നതാണ്. ഇിൽ 95% ആളുകളിലും വൈറസ് നിയന്ത്രണ വിധേയമാക്കുക എന്നതാണ് മൂന്നാമത്തെ 95 കൊണ്ട് ലക്ഷ്യമാക്കുന്നത്.
2022 ലെ കണക്കു പരിശോധിക്കുമ്പോൾ ഈ മേഖലയിൽ നാം കൈവരിച്ച നേട്ടം താഴെ പറയും പ്രകാരമാണ്.
∙ ആദ്യത്തെ 95
ഇന്ത്യ 79
കേരളം 86
∙ രണ്ടാമത്തെ 95
ഇന്ത്യ 86
കേരളം 95
∙ മൂന്നാമത്തെ 95
ഇന്ത്യ 93
കേരളം 95
Let communities lead (സമൂഹങ്ങൾ നയിക്കട്ടെ) എന്നതാണ് ഈ വർഷത്തെ ലോക എയ്ഡ്സ് ദിന സന്ദേശം. എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് എച്ച്ഐവി അണുബാധിതരും എച്ച്ഐവി അണുബാധാ സാധ്യത കൂടിയ പാർശ്വവത്കരിക്കപ്പെട്ട ലൈംഗിക ന്യൂനപക്ഷങ്ങളായ ലൈംഗിക തൊഴിലാളികൾ, സ്വവർഗരതിയിൽ ഏർപ്പെടുന്ന പുരുഷൻമാർ, ട്രാൻസ്ജെൻഡേഴ്സ് തുടങ്ങിയവരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് എത്തിക്കുന്നതിന് വർണ്ണ, വർഗ്ഗ, ലിംഗ അസമത്വങ്ങൾ ഇല്ലാതാക്കികൊണ്ടും സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും നിയമപരവുമായ സമത്വം ഉറപ്പാക്കേണ്ടതുണ്ട്. അവരെ സമൂഹത്തിൽനിന്ന് ഒറ്റപ്പെടുത്താതെ അവർക്ക് ആവശ്യമായ പരിരക്ഷയും പരിഗണനയും നൽകുകയും സ്വയം ശാക്തീകരിക്കപ്പെടുന്നതിനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യേണ്ട സമയം ആയി എന്ന് ഈ ലോക എയ്ഡ്സ് ദിനം നമ്മെ ഓർമിപ്പിക്കുന്നു.
എച്ച്ഐവി നിയന്ത്രണം, അണുബാധിതരുടെ ചികിത്സ, പരിചരണം തുടങ്ങിയ മേഖലകളിൽ സംസ്ഥാന ആരോഗ്യവകുപ്പിനു കീഴിലുള്ള കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. നമ്മുടെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ എച്ച്ഐവി ബാധയുടെ തോത് കുറച്ചു കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. ഇതിനായി കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വിവിധ സേവന കേന്ദ്രങ്ങളുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
ജ്യോതിസ് കേന്ദ്രങ്ങൾ (ഐസിടിസി)
രക്തപരിശോധയയിലൂടെ മാത്രമേ എച്ച്ഐവി അണുബാധ കണ്ടെത്താൻ സാധിക്കുകയുള്ളൂ. എച്ച്ഐവിക്കെതിരെയുള്ള പ്രതിവസ്തു (ആന്റിബോഡി) രക്തത്തിൽ ഉണ്ടോ എന്നാണ് പരിശോധിക്കുന്നത്. സാധാരണഗതിയിൽ ഈ പ്രതിവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തുവാൻ രോഗാണു ശരീരത്തിൽ പ്രവേശിച്ചതു മുതൽ മൂന്നുമാസം വരെ സമയമെടുക്കും. ആദ്യ പരിശോധയയിൽ എച്ച്ഐവി അണുബാധയുണ്ടെന്ന് കണ്ടെത്തിയാൽ രണ്ടു ടെസ്റ്റുകളും കൂടി ചെയ്തു നോക്കും. ഈ മൂന്ന് പരിശോധനകളുടെയും ഫലം പോസിറ്റീവ് ആണെങ്കിൽ മാത്രമേ ആ വ്യക്തി എച്ച്ഐവി പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയുള്ളൂ.
സംസ്ഥാനത്ത് 688 ജ്യോതിസ് കേന്ദ്രങ്ങൾ (ഐസിടിസി) കൗൺസലിങ്ങിനും പരിശോധനക്കുമായി പ്രവർത്തിക്കുന്നു. അതിൽ സർക്കാർ ആശുപത്രികളിൽ 150 എണ്ണം (2 മൊബൈൽ ഐസിടിസികൾ ഉൾപ്പടെ) കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും 538 എണ്ണം സൊസൈറ്റിയുടെ സാങ്കേതിക സഹായത്തോടു കൂടിയും 90 എണ്ണം സ്വകാര്യ മേഖലയിലും പ്രവർത്തിക്കുന്നു. ഇതുകൂടാതെ 64 സുരക്ഷ പ്രോജക്ടുകൾ വഴിയും നടത്തുന്നുണ്ട്. ഇവിടെ എച്ച്ഐവി പരിശോധനയും കൗൺസലിങ്ങും സൗജന്യമായി നൽകുകയും പരിശോധന സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും. എച്ച്ഐവി അണുബാധയുണ്ടെന്നു കണ്ടെത്തിയാൽ അവരെ കൂടുതൽ ചികിത്സയ്ക്കും മറ്റ് സേവനങ്ങൾക്കും വേണ്ടി എആർടി കേന്ദ്രങ്ങളിലേക്ക് അയക്കും.
ഉഷസ് കേന്ദ്രങ്ങൾ (എആർടി)
സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിലും കണ്ണൂർ, കൊല്ലം ജില്ലാ ആശുപത്രികളിലും മാനന്തവാടി, കാസർകോട്, എറണാകുളം ജനറൽ ആശുപത്രികളിലുമായി 15 ഉഷസ് കേന്ദ്രങ്ങൾ (എആർടി) പ്രവർത്തിക്കുന്നുണ്ട്. പത്തനംനിട്ട, മലപ്പുറത്തെ തിരൂർ, മഞ്ചേരി, വയനാട്ടിലെ മാനന്തവാടി, ഇടുക്കിയിലെ പൈനാവ, കാഞ്ഞങ്ങാട് തുടങ്ങിയ ജില്ലാ/ജനറൽ ആശുപത്രികളിലും നെയ്യാറ്റിൻകര, കൊട്ടാരക്കര, പീരുമേട്, പുനലൂർ താലൂക്ക് ആശുപത്രികളിലും ലിങ്ക് എആർടി സെന്ററുകളായി ഉഷസ് ഉപകേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഇതുവരെയുള്ള കണക്കനുസരിച്ച് 28057 എച്ച്ഐവി അണുബാധിതരാണ് ഉഷസ് കേന്ദ്രങ്ങളിൽ പേര് റജിസ്റ്റർ ചെയ്തിട്ടുള്ളത്. നിലവിൽ എആർടി ചികിത്സയിലുള്ളത് 16295 പേരാണ്.
ഉഷസ് കേന്ദ്രങ്ങൾ
1. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി
2. കൊല്ലം ജില്ലാ ആശുപത്രി
3. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി
4. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി
5. എറണാകുളം ജനറൽ ആശുപത്രി
6. തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രി
7. പാലക്കാട് മെഡിക്കൽ കോളജ് ആശുപത്രി
8. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി
9. കണ്ണൂർ ജില്ലാ ആശുപത്രി
10. കാസർകോട് ജനറൽ ആശുപത്രി
11. എറണാകുളം മെഡിക്കൽ കോളജ് ആശുപത്രി, കളമശ്ശേരി
12. പരിയാരം മെഡിക്കൽ കോളജ് ആശുപത്രി, കണ്ണൂർ
13. മാനന്തവാടി ജനറൽ ആശുപത്രി, വയനാട് മെഡിക്കൽ കോളേജ് ആശുപത്രി
14. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി, മലപ്പുറം
15. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി
കെയർ സപ്പോർട്ട് കേന്ദ്രങ്ങൾ (സിഎസ്‌സി)
എആർടി കേന്ദ്രങ്ങളിൽ റജിസ്റ്റർ ചെയ്ത് ചികിത്സ എടുക്കുന്ന എച്ച്ഐവി അണുബാധിതർക്ക് ആവശ്യമായ തുടർ സേവനങ്ങൾ ലഭ്യമാക്കുന്നതിന് അണുബാധിതരുടെ കൂട്ടായ്മകളിലൂടെ സംസ്ഥാനത്ത് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, പാലക്കാട്, കാസർകോട് എന്നീ ജില്ലകളിൽ കെയർ സപ്പോർട്ട് കേന്ദ്രങ്ങൾ (സിഎസ്‌സി) 2021 ഒക്ടോബർ 1 മുതൽ നാഷനൽ എയ്ഡ്സ് നിയന്ത്രണ ഓർഗനൈസേഷന്റെ മാർഗനിർദേശത്തോടു കൂടി കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്നു.
പുലരി കേന്ദ്രങ്ങൾ (എസ്ടിഐ)
പുലരി കേന്ദ്രത്തിലൂടെ (എസ്ടിഐ) ലൈംഗികജന്യ രോഗങ്ങൾക്കുള്ള ചികിത്സ സൗജന്യമായി ലഭ്യമാക്കുന്നു. സംസ്ഥാനത്തെ ജില്ലാ ആശുപത്രികളിലും ഗവൺമെന്റ് മെഡിക്കൽ കോളജുകളിലുമായി 23 പുലരി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ലക്ഷ്യാധിഷ്ഠിത ഇടപെടൽ കേന്ദ്രങ്ങൾ (ടിഐ)
കേരളത്തിലെ 14 ജില്ലകളിലായി എച്ച്ഐവി അണുബാധാ സാധ്യത കൂടുതലുള്ള ലക്ഷ്യ വിഭാഗങ്ങൾക്കിടയിൽ എച്ച്ഐവി പ്രതിരോധ പ്രവർത്തനങ്ങൾക്കായി 64 സുരക്ഷാ പദ്ധതികൾ (ടിഐ) പ്രവർത്തിച്ചു വരുന്നു. ലക്ഷ്യ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർ, സ്ത്രീലൈംഗിക തൊഴിലാളികൾ, പുരുഷ സ്വവർഗാനുരാഗികൾ, ലഹരിമരുന്നു കുത്തിവയ്ക്കുന്നവർ, ട്രാൻസ്ജെൻഡർ, അതിഥിത്തൊഴിലാളികൾ, ദീർഘദൂര ട്രക്ക് ഡ്രൈവർമാർ എന്നിവരാണ്. സന്നദ്ധസംഘടനകൾ, സമൂഹാധിഷ്ഠിത സംഘടനകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ വഴിയാണ് സുരക്ഷാ പദ്ധതികൾ നടപ്പിലാക്കുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, ലഹരിമരുന്ന് കുത്തിവയ്പുകൾ എന്നിവയിലൂടെ വരാൻ സാധ്യതയുള്ള അണുബാധകൾ തടയുന്നതിനായി ഗർഭനിരോധന ഉറകളുടെയും സൂചി, സിറിഞ്ച് എന്നിവയുടെയും വിതരണം പദ്ധതിയുടെ ഭാഗമായി നടത്തി വരുന്നു. ലഹരിമരുന്ന് കുത്തിവയ്ക്കുന്നവരിൽ അപകട സാധ്യത കുറയ്ക്കുന്നതിനും ആസക്തി ചികിത്സിക്കുന്നതിനും അനുയോജ്യമായ 11 കേന്ദ്രങ്ങൾ വഴി സംസ്ഥാനത്തുണ്ട്.
ബോധവൽക്കരണ വിഭാഗം (ഐഇസി)
എച്ച്ഐവി പ്രതിരോധത്തിന് ഏറ്റവും ഫലപ്രദമായ മാർഗ്ഗം ബോധവൽക്കരണമാണ്. ഇതിനായി കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി വിവിധ മാധ്യമങ്ങളുടെ സഹായത്തോടു കൂടി ബോധവൽക്കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. റേഡിയോ, ടെലിവിഷൻ, അച്ചടി മാധ്യമങ്ങൾ വഴിയും പോസ്റ്ററുകൾ, ബോർഡുകൾ, ബാനറുകൾ തുടങ്ങിയവ പ്രദർശിപ്പിച്ചും ബസുകളിലും ആശുപത്രികളിലും കോളജുകളിലും റയിൽവേ സ്റ്റേഷനുകളിലും പ്രധാന ഷോപ്പിങ് മാളുകളിലും ഡിജിറ്റൽ ബോർഡുകൾ പ്രദർശിപ്പിച്ചു കൊണ്ടും നടപ്പിലാക്കി വരുന്നു. ഇതു കൂടാതെ നാടൻ കലാരൂപങ്ങളുടെ സഹായത്തോടെ എച്ച്ഐവിയെക്കുറിച്ചുള്ള ശരിയായ വിവരം തീരദേശവും, ആദിവാസി മേഖലയും ഉൾപ്പെട്ട ഉൾപ്രദേശങ്ങളിൽ നൽകപ്പെടുന്നു. കോളജുകളിൽ പ്രവർത്തിക്കുന്ന റെഡ് റിബൺ ക്ലബുകൾ വിദ്യാർഥികൾക്കിടയിൽ എച്ച്ഐവിയെക്കുറിച്ചും ലൈംഗികരോഗങ്ങളെക്കുറിച്ചും ബോധവൽക്കരണം നടത്തുകയും സന്നദ്ധ രക്തദാനത്തോട് ആഭിമുഖ്യം വളർത്താൻ സഹായിക്കുയും ചെയ്യുന്നു. കൂടാതെ ജീവിതനൈപുണ്യം കൈവരിക്കുന്നതിനും എച്ച്ഐവി നിയന്ത്രണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനും ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനും കോളജ് വിദ്യാർഥികളെ സഹായിക്കുന്ന പ്രവർത്തനങ്ങളാണ് റെഡ് റിബൺ ക്ലബുകൾ നടത്തിവരുന്നത്. ബോധവൽക്കരണ വിഭാഗത്തിന് കീഴിൽ മുഖ്യധാരാവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളുമായി ചേർന്ന് അനവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു.
എച്ച്ഐവി ആൻഡ് എയ്ഡ്സ് (തടയലും നിയന്ത്രണവും) നിയമം 2017 നിലവിൽ വന്നിട്ടുണ്ട്. ഇതു പ്രകാരം എച്ച്ഐവി ബാധിച്ച ഒരാളെക്കുറിച്ചുള്ള വിവരങ്ങൾ സ്വകാര്യമായി സൂക്ഷിക്കുന്നത് ഉറപ്പു നൽകുന്നു. കോടതി ഉത്തരവ് ഉണ്ടെങ്കിലോ ശരിയായ ചികിത്സ ഉറപ്പാക്കുന്നതിനോ ഒഴികെയുള്ള സാഹചര്യങ്ങളിൽ ഒരാളും എച്ച്ഐവി ബാധിതരുടെ സ്റ്റാറ്റസോ അതുമായി ബന്ധപ്പെട്ട വിവരങ്ങളോ പുറത്തു പറയുവാൻ പാടുള്ളതല്ല. എച്ച്ഐവി പരിശോധനയോ ഗവേഷണമോ അതാത് വ്യക്തിയുടെ അറിവോ സമ്മതമോ ഇല്ലാതെ നടത്തുകയില്ലെന്ന് ഈ നിയമം ഉറപ്പു വരുത്തുന്നു. അതുപോലെ എച്ച്ഐവി പരിശോധനയ്ക്ക് മുൻപും, പിൻപും കൗൺസലിങ്ങിനുമുള്ള അവസരം ഉണ്ടായിരിക്കണം. എച്ച്ഐവി ബാധിതരായ വ്യക്തികൾക്കെതിരെ ഏതെങ്കിലും തരത്തിലുള്ള വിവേചനമോ വെറുപ്പോ കാണിക്കുന്നത് ഈ നിയമം തടയുന്നു. ആശുപത്രികൾ, ഓഫിസുകൾ, കോളജുകൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ വിവേചനം കാണിക്കുന്നത് തടയുന്നു. തൊഴിലിടങ്ങളിൽ വെച്ച് എച്ച്ഐവി അണുബാധ ഉണ്ടാകുന്നത് തടയുവാൻ സുരക്ഷിതമായ ഒരു തൊഴിലിടം സൃഷ്ടിക്കുന്നതിന് പോസ്റ്റ് എക്സ്പോഷർ പ്രോഫിലാക്സിനുള്ള സഹായം, കരുതലെടുക്കുവാനും എച്ച്ഐവി യിൽ നിന്ന് സ്വയം സംരക്ഷണം നേടാനുള്ള പൂർണ വിവരങ്ങൾ എന്നിവ നൽകേണ്ടതാണ്. ഈ നിയമത്തിന്റെ ലംഘനം, ഇത് നൽകുന്ന ആരോഗ്യ സേവനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള പരാതികൾ കൈകാര്യം ചെയ്യുന്നതിനായി ആരോഗ്യ വകുപ്പ് അഡിഷനൽ ഡയറക്ടർ (വിജിലൻസ്) നെ ഓംബുഡ്സ്മാനായി നിയമിച്ചിരിക്കുന്നു. അതുപോലെ 100 അല്ലെങ്കിൽ അതിലും അധികം ജീവനക്കാരുള്ള ഏതു സ്ഥാപനവും, 20 അല്ലെങ്കിൽ അതിലും അധികം ജീവനക്കാരുള്ള ആരോഗ്യ പരിപാലന സ്ഥാപനവും പരാതി പരിഹാരത്തിനായി ഒരു കംപ്ലെയ്ൻസ് ഓഫിസറെ നിയമിക്കുകയും വേണം. നിയമ ലംഘനങ്ങൾ ഉണ്ടായാൽ 3 മാസം മുതൽ 2 വർഷം വരെ ജയിൽ വാസമോ ഒരു ലക്ഷം രൂപ പിഴയോ ഇവ രണ്ടുമോ ശിക്ഷ വിധിക്കുന്നതായിരിക്കും.
എച്ച്ഐവി അണുബാധിതർക്കായി കേരള സർക്കാർ നടപ്പിലാക്കി വരുന്ന സാമൂഹിക സുരക്ഷാ പദ്ധതികൾ
1. പ്രതിമാസ ചികിത്സാ ധനസഹായ പദ്ധതി – എആർടി ചികിത്സ എടുക്കുന്ന എച്ച്ഐവി അണുബാധിതർക്ക് പ്രതിമാസം 1000/– രൂപാ വീതം നൽകി വരുന്നു.
2. പോഷകാഹാര വിതരണ പദ്ധതി – തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിർദ്ദേശപ്രകാരം ജില്ലാ പഞ്ചായത്തുകളുടെ തനത് ഫണ്ട് ഉപയോഗിച്ച് ജില്ലാതല നെറ്റ് വർക്കുകൾ മുഖേന പോഷകാഹാര വിതരണം നടത്തുന്നു. 4500 കുടുംബങ്ങൾ ഗുണഭോക്താക്കളായിട്ടുണ്ട്.
3. എച്ച്ഐവി അണുബാധിത കുടുംബങ്ങള ബിപിഎൽ വിഭാഗത്തിൽ ഉൾപ്പെടുത്തി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നുണ്ട്.
4. എച്ച്ഐവി അണുബാധിതരായ കുട്ടികൾക്ക് ‘സ്നേഹപൂർവം’ സ്ക്കോളർഷിപ്പ് വിദ്യാഭ്യാസ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നു.
5. എച്ച്ഐവി അണുബാധിതരെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ആരോഗ്യ പരിരക്ഷ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നു.
6. എച്ച്ഐവി അണുബാധിതരായ സ്ത്രീകൾക്ക് സൗജന്യ പാപ്സ്മിയർ പരിശോധന.
7. ലൈഫ് മിഷൻ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂമി ഉള്ള അണുബാധിതർക്ക് ഭവനം ലഭ്യമാക്കി വരുന്നു.
ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ
സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് കേരള സംസ്ഥാന ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയോടൊപ്പം പ്രവർത്തിക്കുന്നു. എച്ച്ഐവി പോലെയുള്ള അണുബാധകൾ രക്തത്തിലൂടെ പകരുന്നതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഈ സാഹചര്യത്തിൽ സുരക്ഷിത രക്തം ലഭ്യമാക്കുക എന്നത് പ്രാധാന്യമുള്ള കാര്യമാണ്. സംസ്ഥാനത്ത് 190 അംഗീകൃത രക്തബാങ്കുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 42 എണ്ണം സർക്കാർ മേഖലയിലും ബാക്കിയുള്ളവ സഹകരണ മേഖലയിലും സ്വകാര്യ മേഖലയിലുമായി പ്രവർത്തിക്കുന്നു. പ്രതിവർഷം ശരാശരി 6.5 ലക്ഷം യൂണിറ്റ് രക്തം നമ്മുടെ സംസ്ഥാനത്ത് ആവശ്യമായി വരുന്നു. ഇത് 100% സന്നദ്ധ രക്തദാനത്തിലൂടെ സാധ്യമാക്കുവാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. പുതിയ എച്ച്ഐവി അണുബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നു എന്നത് നമ്മുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ്. എങ്കിലും നിലവിൽ ഒരു മാസം ശരാശരി 100 പുതിയ എച്ച്ഐവി ബാധിതർ ഉണ്ടാകുന്നു എന്നുള്ളത് ആശങ്കയുളവാക്കുന്നു. അതിനാൽ സമഗ്രമായ പ്രവർത്തനങ്ങളിലൂടെ ആരോഗ്യ സംരക്ഷണ അവകാശം ഉറപ്പാക്കിക്കൊണ്ട് എച്ച്ഐവി അണുബാധ കേരളത്തിൽ നിന്നു തന്നെ തുടച്ചു നീക്കുന്നതിനും അണുബാധിതരെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനും എല്ലാ വിഭാഗം ജനങ്ങളും ഒത്തൊരുമിച്ചു നീങ്ങേണ്ടത് അത്യാവശ്യമാണ്.
വിശദവിവരങ്ങൾക്ക് സന്ദർശിക്കുക : https://ksacs.kerala.gov.in/