തെറ്റിദ്ധാരണകൾ വേണ്ട, തിമിര ശസ്‌ത്രക്രിയക്ക് സമയമായോ എന്ന് എങ്ങനെ അറിയാം?
Mail This Article
ആരും ക്ഷണിക്കാതെ വീട്ടിലേക്ക് വലിഞ്ഞു കയറി വരുന്ന ചില അതിഥികളെ പോലെയാണ് പല രോഗങ്ങളും. നേത്രരോഗങ്ങളാണെങ്കില്‍ പ്രത്യേകിച്ചും. അത് വരെ തെളിഞ്ഞ് വിളങ്ങി നിന്ന ലോകമെല്ലാം പെട്ടെന്നങ്ങ് മങ്ങാനും മായാനും അവ്യക്തമാകാനും തുടങ്ങുന്നത് നമ്മുടെ ജീവിതത്തെ കുറച്ചൊന്നുമല്ല ബാധിക്കുന്നത്. നേത്രരോഗങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വ്യാപകമായ ഒന്നാണ് തിമിരം അഥവാ കാറ്ററാക്ട്.
ഇന്ത്യയില്‍ 22 ദശലക്ഷം അന്ധമായ കണ്ണുകളില്‍ 80.1 ശതമാനത്തിനും പിന്നില്‍ തിമിരമാണെന്നു ലോകാരോഗ്യ സംഘടനയുടെ പഠനം ചൂണ്ടിക്കാണിക്കുന്നു. കണ്ണിലെ ലെന്‍സിന്റെ തകരാര്‍ മൂലം കാഴ്‌ച മങ്ങുന്ന രോഗമാണ് തിമിരം. ഈ രോഗം ബാധിച്ചവര്‍ക്ക് ലെന്‍സിലൊരു പാല്‍പാട പറ്റിയതു പോലെ ദൃശ്യങ്ങള്‍ മങ്ങാനാരംഭിക്കും. സാധാരണമായി പ്രായമായവരെ ബാധിക്കുന്നതാണെങ്കിലും തിമിരം ഏത് പ്രായത്തിലും ഉണ്ടാകാം.
പ്രമേഹം, കണ്ണിനു സംഭവിച്ച ആഘാതം, പാരമ്പര്യം, ചില മരുന്നുകളുടെ ദീര്‍ഘ ഉപയോഗം എന്നിവയെല്ലാം ചിലരില്‍ തിമിരം നേരത്തെ ഉണ്ടാകാന്‍ കാരണമാകാം. തുള്ളിമരുന്നുകളോ മറ്റ് മരുന്നുകളോ ഉപയോഗിച്ച് തിമിരം മാറ്റിയെടുക്കാന്‍ സാധിക്കില്ല. തിമിരം ബാധിച്ച ലെന്‍സ് മാറ്റി പകരം കൃത്രിമമായ ഇന്‍ട്രാ ഓക്കുലര്‍ ലെന്‍സ് ഘടിപ്പിക്കുക മാത്രമാണ് ഇതിനുള്ള പരിഹാരം.
വൈദ്യലോകത്തിലെ ഏറ്റവും സുരക്ഷിതമായ ശസ്‌ത്രക്രിയകളില്‍ ഒന്നാണ് തിമിരത്തിനുള്ള ശസ്‌ത്രക്രിയ. എന്നാല്‍ ഇത് എപ്പോള്‍ ചെയ്യണമെന്ന കാര്യത്തില്‍ പലര്‍ക്കും സംശയം ഉണ്ടാകാറുണ്ട്. തിമിര ശസ്‌ത്രക്രിയക്ക് ഏറ്റവും പറ്റിയത് തണുപ്പ് കാലമാണെന്ന ചില തെറ്റിദ്ധാരണകളും നിലവിലുണ്ട്. എന്നാല്‍ താപനില ഈ ശസ്‌ത്രക്രിയയില്‍ ഒരു പങ്കും വഹിക്കുന്നില്ല എന്നതാണ് സത്യം. തിമിരം നന്നായി പുരോഗമിച്ച് കണ്ണ് തീരെ കാണാതായിട്ട് മതി ശസ്‌ത്രക്രിയ എന്ന വിശ്വാസവും ചിലര്‍ക്കുണ്ട്. എന്നാല്‍ ഇത് തെറ്റാണ്. ഇത്തരത്തില്‍ തിമിരം ഏറ്റവും മോശമാകാനായി കാത്തിരുന്നാല്‍ ഇത് ശസ്‌ത്രക്രിയയുടെ സമയത്ത് സങ്കീര്‍ണ്ണതകള്‍ ഉണ്ടാക്കാം. തിമിരം നിങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിച്ച് തുടങ്ങുമ്പോള്‍ ശസ്‌ത്രക്രിയ ചെയ്യുന്നതാണ് ഏറ്റവും ഉത്തമം.
വായിക്കാനും വണ്ടി ഓടിക്കാനും മറ്റ് വിനോദങ്ങളില്‍ ഏര്‍പ്പെടാനും തിമിരം ഒരു തടസ്സമായി തോന്നിത്തുടങ്ങുമ്പോള്‍ തിമിര ശസ്‌ത്രക്രിയക്ക് സമയമായെന്ന് കരുതണം. എന്നാല്‍ ഒരാളുടെ ആരോഗ്യസ്ഥിതി ശസ്‌ത്രക്രിയയില്‍ പങ്ക് വഹിച്ചേക്കാം. ഉദാഹരണത്തിന് ഉയര്‍ന്ന തോതില്‍ പ്രമേഹ ബാധിതരായവര്‍ക്ക് തിമിര ശസ്‌ത്രക്രിയക്കായി പഞ്ചസാരയുടെ തോത് കുറയുന്നത് വരെ കാത്തിരിക്കേണ്ടി വരാറുണ്ട്. പ്രമേഹം കണ്ണിലെ മുറിവുണങ്ങാന്‍ കാലതാമസം ഉണ്ടാക്കുകയും അണുബാധ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യാം. ഇത്തരം സാഹചര്യങ്ങളില്‍ പ്രമേഹം നിയന്ത്രണ വിധേയമായിട്ടു മാത്രമേ ശസ്‌ത്രക്രിയ ചെയ്യാവുള്ളൂ.
കണ്ണിന്റെ ആരോഗ്യം നിലനിർത്താം: വിഡിയോ