കുരുന്നുകൾക്ക് തുണയാവാൻ വിശ്വശാന്തി ഫൗണ്ടേഷനും ബേബി മെമ്മോറിയൽ ഹോസ്പിറ്റലും
Mail This Article
വിശ്വശാന്തി ഫൗണ്ടേഷൻ ബേബി മെമോറിയൽ ഹോസ്പിറ്റലുമായി ചേർന്ന് നടപ്പിലാക്കുന്ന ജീവകാരുണ്യസംരഭമായ ‘സ്റ്റെപ്പ് ഫോർവേഡിന്’ കണ്ണൂരിൽ തുടക്കം. ഇതിലൂടെ അസ്ഥികൾക്ക് വൈകല്യമുള്ള നിർദ്ധനരായ 25 കുട്ടികളുടെ ശസ്ത്രക്രിയ പൂർണ്ണമായും സൗജന്യമായി നടത്തിക്കൊടുക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ മോഹൻലാൽ പ്രസ്താവിച്ചു. കണ്ണൂർ ബേബി മെമോറിയൽ ആശുപത്രിയുടെ ഒന്നാം വാർഷിക ചടങ്ങിലാണ് ‘സ്റ്റെപ്പ് ഫോർവേഡിൻ്റെ’ ഔദോഗിക ഉദ്ഘാടനം നിർവഹിക്കപ്പെട്ടത്. ചടങ്ങിൽ നിയമസഭാസ്പീക്കർഎ എൻ ഷംസീർ, കടന്നപ്പള്ളി രാമചന്ദ്രൻ എം എൽ എ തുടങ്ങിയ പ്രമുഖർ പങ്കെടുക്കുകയുണ്ടായി. കണ്ണൂരുമായി നാപ്പതുവർഷത്തെ ബന്ധമുണ്ടെന്നും ബേബി മെമോറിയൽ ഹോസ്പ്റ്റലുമായി വർഷങ്ങളുടെ ആത്മബന്ധമാണെന്നും മോഹൻലാൽ പറഞ്ഞു. ഡോ കെ.ജി അലക്സാണ്ടറുടെ നേതൃത്വത്തിൽ ആദർശത്തിലടിയുറച്ച് വളരുന്ന ബേബി മെമോറിയൽ സമൂഹത്തിന് പലരീതിയിലും കൈത്താങ്ങായി മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ‘സ്റ്റെപ് ഫോർവേഡ്’ എന്ന സ്വപ്നസംരഭം ബേബി മെമോറിയലുമായി ചേർന്ന് നടപ്പിലാക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു. മോഹൻലാലിന്റെ അച്ഛന്റെയും അമ്മയുടേയും പേരിൽ ആരംഭിച്ച വിശ്വശാന്തി ഫൗണ്ടേഷൻ ഇതിനോടകം ഒട്ടനവധി ജീവകാരുണ്യ സന്നദ്ധപ്രവർത്തനങ്ങൾ കേരളത്തിനകത്തും പുറത്തുമായി നടത്തിയിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് ഫൗണ്ടേഷൻ്റെ പ്രധാന പ്രവർത്തനങ്ങൾ. അശരണർക്കും ആലംബഹീനർക്കും കൈത്താങ്ങായി മാറുക എന്ന ദൗത്യത്തിൻ്റെ പ്രധാനപ്പെട്ട മറ്റൊരു ചുവടുവെപ്പാണ് സ്റ്റെപ് ഫോർവേഡ് എന്ന സംരംഭം.