ADVERTISEMENT

രാജ്യത്തെ മികച്ച ആരോഗ്യസേവന സംസ്ഥാനമായി അറിയപ്പെടുന്ന കേരളം ഇനി ഹെല്‍ത്ത് കെയറിൽ ലോക നേതാക്കളാകണം. ഉന്നത ഗുണനിലവാരമുള്ള ഹെൽത്ത് കെയർ സംവിധാനങ്ങളും വിദഗ്ദ്ധരുമുള്ള കേരളത്തിന്റെ മറ്റൊരു മികവ് ചികിത്സാ ചെലവ് കുറവാണെന്നതാണ്. ഇവിടെ പാശ്ചാത്യ രാജ്യങ്ങളിലേതിന്റെ 10 ശതമാനം മാത്രമാണ് ചെലവ്. ഇതെല്ലാം ഉപയോഗപ്പെടുത്താനും നിക്ഷേപം ആകർഷിക്കാനും കഴിഞ്ഞാൽ ഹെൽത് കെയറിൽ ലോകനായകരാകാൻ കേരളത്തിനു കഴിയും. 

കേരളം എന്നും മുന്നിൽ
ആരോഗ്യസേവനരംഗത്ത് കേരളത്തിന്റെ സ്ഥാനം എന്നും ഏറെ മുന്നിലാണ്. ഏറ്റവും മികച്ച ഡോക്റ്റര്‍മാർ, പാരാമെഡിക്കൽ സ്റ്റാഫ്, നഴ്‌സുമാർ എല്ലാം നമ്മുടെ സവിശേഷതയാണ്. ഒപ്പം മോഡേണ്‍‍ മെഡിസിനും പരമ്പരാഗതരീതിയും ഉപയോഗപ്പെടുത്തുന്ന ഹോളിസ്റ്റിക് സമീപനവും മികച്ച ജീവിതനിലവാരവും ചേർന്നതോടെ 20 വർഷമായി ലോകനിലവാരത്തിലെ സേവനം നൽകാനും കഴിയുന്നു. കേരളം സവിശേഷ ശ്രദ്ധ വച്ചിരിക്കുന്നത് വെൽനെസിലും പ്രിവന്റീവ് മെഡിസിനിലുമാണ്. ലോകത്തിലെ മിക്ക രാജ്യങ്ങളുമായും കേരളം വളരെ മികച്ച രീതിയിൽ കണക്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. നാല് എയര്‍പോര്‍ട്ടുകള്‍, മികച്ച റെയിൽ–വാട്ടര്‍ കണക്റ്റിവിറ്റി, എല്ലാം നമുക്കു നേട്ടമാണ്.മാത്രമല്ല ലോകം മുഴുവന്‍ നമ്മുടെ അംബാസഡര്‍മാരായി മലയാളികളുമുണ്ട്. 

ഇനി എന്താണ് വേണ്ടത്?
മെഡിക്കൽ ടൂറിസം കാര്യമായി പ്രോത്സാഹിപ്പിക്കണം.അത് സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണകരമാണ്. പക്ഷേ, ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യ വികസനമാണ് പ്രധാന വെല്ലുവിളി. മിക്ക ആശുപത്രികളിലും അത്യാധുനിക സൗകര്യങ്ങൾ കുറവാണ്. അത് മെച്ചപ്പെടുത്തണം. ലോകത്തിലെ മികച്ച നിലവാരത്തിലുള്ള ചികിത്സയും മരുന്നുകളും ലഭ്യമാക്കുന്നതിനൊപ്പം യാത്രാ നടപടികളും സംവിധാനങ്ങളും ലളിതമാക്കുകയും വേണം. 3.5 കോടിയോളം വരുന്ന ജനത്തിന് ആനുപാതികമായ വിഭവങ്ങളില്ലാത്തതിനാൽ പലർക്കും ആവശ്യമായവ ലഭിക്കുന്നില്ല. ഏറ്റവും കൂടുതൽ നഴ്‌സുമാരെ ഉൽപാദിപ്പിക്കുന്ന കേരളത്തിലെ ആശുപത്രികളിൽ വേണ്ടത്ര നഴ്‌സുമാരില്ല. ഡോക്ടർമാർ, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവയിലും സ്ഥിതി വ്യത്യസ്തമല്ല. വൈദഗ്ധ്യമുള്ള മെഡിക്കല്‍ പ്രൊഫഷണലുകളുടെ പുറത്തേക്കുള്ള ഒഴുക്ക് തടഞ്ഞാലേ സ്ഥിതി മെച്ചമാകൂ.

എങ്ങനെ ചെലവ് കുറയ്ക്കാം?
ലോകതലത്തിൽ അഫോർഡബിൾ ഹെൽത്ത് കെയർ എന്നു പറയുമ്പോഴും നാട്ടിലുള്ളവർക്ക് ചികിത്സ താങ്ങാൻ സാധിക്കുന്നില്ല . ഗുണമേന്മയുള്ള ചികിത്സയും മരുന്നും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കണം. രോഗം വരാതിരിക്കാനുള്ള സംവിധാനങ്ങളിൽ വലിയ ശ്രദ്ധ വേണം. പലപ്പോഴും അവസാന ഘട്ടങ്ങളിലാണ് ആളുകൾ ചികിത്സയ്‌ക്കെത്തുന്നത്. നേരത്തെ രോഗം കണ്ടെത്തിയാൽ ചികിത്സിച്ചു ഭേദമാക്കാം, ചെലവ് കുറയ്ക്കാം. ഇതിനായി രോഗങ്ങളുടെ ആദ്യകാല ലക്ഷണങ്ങളടക്കം ജനങ്ങളെ പഠിപ്പിക്കണം.

ഹെൽത്ത് ഇൻഷുറൻസ്
മികച്ച ചികിത്സ എന്നത് ഓരോരുത്തരുടെയും അവകാശമാണ്. എല്ലാ പൗരന്മാര്‍ക്കും ഒരേ നിലവാരത്തില്‍ ചികിത്സ നല്‍കുന്നതിൽ വിട്ടുവീഴ്ച പാടില്ല. അതിന് ചെലവ് വെല്ലുവിളിയാകരുത്. എല്ലാവർക്കും നിർബന്ധിത ഹെൽത്ത് ഇൻഷുറൻസ് ഏർപ്പെടുത്തുകയാണ് പ്രതിവിധി. മെഡിക്കൽ സെസ് പോലുള്ളവ ഏര്‍പ്പെടുത്തി ഇന്‍ഷുറൻസ് നല്‍കാനുള്ള ചെലവ് കണ്ടെത്താം. ഉപകരണങ്ങളുടെ ചെലവ് കുറയ്ക്കാനായി വ്യത്യസ്ത നികുതി നിരക്കുകൾ ഏകീകരിക്കാം. താങ്ങാവുന്ന നിരക്ക്, ഉന്നത ഗുണനിലവാരം, സമഗ്രമായ ആരോഗ്യ സേവനങ്ങൾ എന്നിവയാണ് ആരോഗ്യരംഗത്തെ കേരള മോഡലിനു ഫോക്കസ് ചെയ്യേണ്ട മൂന്ന് കാര്യങ്ങൾ.

ചെയ്യേണ്ട പ്രധാന കാര്യങ്ങൾ
1. അടിസ്ഥാനസൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കണം. ഗ്രാമത്തിലും നഗരത്തിലും സൗകര്യങ്ങൾ മെച്ചപ്പെടുത്തണം. 
2. ടെലി മെഡിസിൻ വഴി മറ്റ് രാജ്യങ്ങളിലും ചികിത്സാ ഉപദേശങ്ങൾ ലഭ്യമാക്കണം. 
3. പബ്ലിക്ക് പ്രൈവറ്റ് പാർട്ണർഷിപ്പ് പദ്ധതികൾ പ്രോത്സാഹിപ്പിക്കണം
4. മെഡിക്കൽ പ്രൊഫഷണലുകളുടെ പുറത്തേക്കുള്ള ഒഴുക്ക് തടയണം
5. അന്താരാഷ്ട്രതലത്തിൽ പങ്കാളിത്തത്തിൽ ഏര്‍പ്പെടണം. 
6 മുതൽമുടക്കാൻ വിദേശ– ആഭ്യന്തര നിക്ഷേപകരെ പ്രോല്‍സാഹിപ്പിക്കണം. 

എവിടെയെല്ലാം നിക്ഷേപിക്കാം
ആരോഗ്യ അടിസ്ഥാന സൗകര്യ മേഖല, ഹോസ്പിറ്റൽ മാനേജ്‌മെന്റ്,സ്‌പെഷലൈസ്ഡ് സർവീസ്, ഫാർമ ഇൻഡസ്ട്രി,മെഡിക്കൽ കോളജുകളും ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളും സ്ഥാപിക്കാൻ. സ്റ്റാര്‍ട്ടപ്പുകളിലും, മെഡിക്കല്‍ ടെക്‌നോളജി എന്നിവയിലെല്ലാം അവസരങ്ങൾ ഉണ്ട് 

ഡോ. അരുൺ ഉമ്മൻ 
(ന്യൂറോസർജൻ, വിപിഎസ് ലേക്‌ഷോറിലെ സീനിയർ ന്യൂറോ സർജൻ. വിവിധ ആശുപത്രികളിൽ കൺസൾട്ടന്റ്. 3600ലധികം ബ്രെയിൻ, സ്പൈൻ സർജറികള്‍ വിജയകരമായി പൂർത്തിയാക്കി. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദമുള്ള ഇന്ത്യയിലെ ചുരുക്കം ന്യൂറോസർജൻമാരിൽ ഒരാൾ. സെഹിയോൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ മാനേജിങ് ഡയറക്ടർ)

English Summary:

Kerala Business Summit - Kerala should be able to introduce medical insurance for everyone : Dr. Arun Oommen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com