ഓർമക്കുറവ്, വിഷാദരോഗം, പ്രമേഹം എന്നിവ മാത്രമല്ല, ഉറക്കമില്ലായ്മ അർബുദത്തിനും കാരണമായേക്കാം
Mail This Article
ആധുനിക ജീവിതത്തിലെ തിരക്കുകള്‍ക്കും വിനോദോപാധികള്‍ക്കും ഇടയില്‍ പലപ്പോഴും പലരും നഷ്ടപ്പെടുത്തുന്ന ഒന്നാണ് ഉറക്കം. ഉറക്കമില്ലായ്മ ഓര്‍മ്മക്കുറവ്, വിഷാദരോഗം, പ്രമേഹം എന്നിവയുള്‍പ്പെടെ പല ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കാറുണ്ട്. എന്നാല്‍ ഇത് മാത്രമല്ല ഉറക്കക്കുറവ് അര്‍ബുദത്തിനും കാരണമാകാമെന്ന് ചില പഠനങ്ങള്‍ പറയുന്നു.
രാത്രിയില്‍ ആറു മണിക്കൂറില്‍ കുറവോ ഒരു ദിവസം മൊത്തത്തില്‍ ഏഴ് മണിക്കൂറില്‍ കുറവോ സ്ഥിരമായി ഉറങ്ങുന്നത് അര്‍ബുദം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ശരീരത്തിന്റെ ആന്തരിക ക്ലോക്കായ സിര്‍കാഡിയന്‍ റിഥത്തില് വരുന്ന താളപ്പിഴകള്‍ സ്തനം, കുടല്, അണ്ഡാശയം, പ്രോസ്ട്രേറ്റ് എന്നിവയെ ബാധിക്കുന്ന അര്‍ബുദങ്ങളുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു.
രാത്രി ഷിഫ്റ്റ് ജോലികള്‍ ചെയ്യേണ്ടി വരുന്നവര്‍ തുടര്‍ച്ചയായ പ്രകാശത്തിന് വിധേയരാക്കപ്പെടുന്നതിനാല്‍ അവരുടെ ശരീരത്തില്‍ മെലോടോണിന്‍ ഹോര്‍മോണിന്റെ അളവ് കുറയാന്‍ സാധ്യതയുണ്ട്. ഉറക്കത്തിന്റെയും ഉണര്‍ച്ചയുടെയും ചക്രത്തെ നിയന്ത്രിക്കുന്ന ഈ ഹോര്‍മോണിന്റെ കുറവ് അര്‍ബുദകോശങ്ങളുടെ വളര്‍ച്ചയ്ക്കും വഴിയൊരുക്കാം. ശരീരത്തിലെ പ്രതിരോധ കോശങ്ങളായ ടി-കോശങ്ങളുടെ വളര്‍ച്ചയിലും പ്രവര്‍ത്തനത്തിലും ഉറക്കത്തിന് നിര്‍ണ്ണായക പങ്കുണ്ട്. ഉറക്കം ടി-കോശങ്ങളെ ബാധിക്കുന്നതും അര്‍ബുദത്തിന് കാരണമാകാം.
നല്ല ഉറക്കത്തിന് ഇനി പറയുന്ന കാര്യങ്ങള്‍ സഹായകമാണ്.
1. ഉറക്കക്രമം
എന്നും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക. കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും രാത്രിയില്‍ തുടര്‍ച്ചയായി ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
2. ഉപകരണങ്ങള്‍ മാറ്റിവയ്ക്കുക
ഉറങ്ങുന്നതിന് അരമണിക്കൂര്‍ മുന്‍പെങ്കിലും മൊബൈല്‍, ലാപ്ടോപ്, ടാബ് പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം മാറ്റി വയ്ക്കുക. ഇത് പെട്ടെന്ന് ഉറക്കം വരാന്‍ സഹായിക്കും.
3. കഫൈന്‍ ഒഴിവാക്കാം
ഉറങ്ങുന്നതിന് മുന്‍പുള്ള മണിക്കൂറുകളില്‍ കഫൈന്‍ ഉള്‍പ്പെട്ട ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കണം. ഇവയും ഉറക്കത്തെ കെടുത്തുന്നതാണ്. ചായ, കാപ്പി എന്നിവയെല്ലാം ഉറങ്ങാന്‍ പോകുമ്പോള്‍ കുടിക്കരുത്.
4. ചൂട് വെള്ളത്തില്‍ കുളി
ചെറു ചൂട് വെള്ളത്തില്‍ കുളിക്കുന്നത് ശരീരത്തിന് വിശ്രമം നല്‍കുകയും നല്ല ഉറക്കത്തിലേക്ക് നയിക്കുകയും ചെയ്യും.
5. വ്യായാമം
പകല്‍ സമയത്ത് എന്തെങ്കിലും തരത്തിലുള്ള വ്യായാമത്തില്‍ ഏര്‍പ്പെടുന്നത് രാത്രിയില്‍ വേഗം ഉറങ്ങാന്‍ സഹായിക്കും.