സോഷ്യൽമീഡിയ ഉപയോഗം കുറയ്ക്കുന്നത് മാനസികാരോഗ്യവും തൊഴിലിലെ സംതൃപ്‌തിയും വര്‍ധിപ്പിക്കും
Mail This Article
സോഷ്യൽമീഡിയ ഉപയോഗം 30 മിനിട്ടെങ്കിലും ദിവസവും കുറയ്‌ക്കാന്‍ സാധിക്കുന്നത് മാനസികാരോഗ്യവും തൊഴിലിലെ സംതൃപ്‌തിയും വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് പഠനത്തില്‍ കണ്ടെത്തി. ഓണ്‍ലൈന്‍ അല്ലാതിരിക്കുമ്പോള്‍ തങ്ങളുടെ നെറ്റ് വര്‍ക്കില്‍ നടക്കുന്ന സുപ്രധാന കാര്യങ്ങള്‍ അറിയാതെ പോകുമോ എന്ന ഫിയര്‍ ഓഫ് മിസിങ്ങ് ഔട്ട് (ഫോമോ) കുറയ്‌ക്കാനും സമൂഹ മാധ്യമങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതിലൂടെ സാധിക്കുമെന്നും പഠനം പറയുന്നു.
ബോഹം റുഹര്‍ സര്‍വകലാശാലയിലെയും ജെര്‍മന്‍ സെന്റര്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്തിലെയും ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. സമൂഹമാധ്യമങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് ജോലിക്കായി വിനിയോഗിക്കാന്‍ കൂടുതല്‍ സമയം നല്‍കുമെന്നും ജോലിയില്‍ നന്നായി ശ്രദ്ധിക്കാന്‍ സഹായിക്കുമെന്നും ബിഹേവിയര്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
ജോലിക്കാരായ 166 പേരിലാണ് പഠനം നടത്തിയത്. ഇവര്‍ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കല്ലാതെ കുറഞ്ഞത് 35 മിനിട്ടെങ്കിലും ഒരു ദിവസം സമൂഹമാധ്യമം ഉപയോഗിക്കുന്നവരായിരുന്നു. ഇവരെ രണ്ട് സംഘങ്ങളായി തിരിച്ചു. ഒരു സംഘം ഇവരുടെ സോഷ്യൽമീഡിയ ഉപയോഗത്തില്‍ മാറ്റങ്ങളൊന്നും വരുത്തിയില്ല. മറ്റേ സംഘമാവട്ടെ ദിവസം 30 മിനിട്ട് വച്ച് ഏഴ് ദിവസത്തേക്ക് അവരുടെ സമൂഹമാധ്യമ ഉപയോഗം കുറച്ചു.
പരീക്ഷണത്തില്‍ പങ്കെടുത്തവരുടെ പ്രതികരണങ്ങള്‍ ചോദ്യോത്തരങ്ങളിലൂടെ പഠനത്തിന് മുന്‍പും ശേഷവും ശേഖരിച്ചു. അവരുടെ ജോലിഭാരം, തൊഴിലിലെ സംതൃപ്‌തി, ആത്മസമര്‍പ്പണം, മാനസികാരോഗ്യം, സമ്മര്‍ദ്ദ തോത്, ഫോമോ, സമൂഹമാധ്യമ ഉപയോഗത്തിലെ ആസക്തി എന്നിവയെ സംബന്ധിക്കുന്നതായിരുന്നു ചോദ്യങ്ങള്‍. വെറും ഏഴ് ദിവസം നീണ്ട പഠനമായിരുന്നിട്ടു കൂടി ഗണ്യമായ മാറ്റങ്ങള്‍ തൊഴില്‍ സംതൃപ്‌തിയിലും മാനസികാരോഗ്യത്തിലും സാമൂഹിക മാധ്യമ ഉപയോഗം കുറച്ച സംഘത്തില്‍ കണ്ടെത്താനായെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ജൂലിയ ബ്രെയ്‌ലോവ്‌സ്‌കിയ പറഞ്ഞു.
കണ്ണിന്റെ ആരോഗ്യം നിലനിർത്താം: വിഡിയോ