ഇന്ത്യയിലെ സ്‌തനാര്‍ബുദ രോഗികളുടെ അഞ്ച് വര്‍ഷ അതിജീവന നിരക്ക് 66.4 ശതമാനം
Mail This Article
ഇന്ത്യയില്‍ സ്‌തനാര്‍ബുദം ബാധിക്കപ്പെട്ട സ്‌ത്രീകളുടെ അഞ്ച് വര്‍ഷ അതിജീവന നിരക്ക് 66.4 ശതമാനമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ പഠനത്തില്‍ കണ്ടെത്തി. രാജ്യത്തെ സ്‌ത്രീകളെ ബാധിക്കുന്ന അര്‍ബുദങ്ങളില്‍ 28.2 ശതമാനവും സ്‌തനാര്‍ബുദം മൂലമാണ്.
കൊല്ലം, തിരുവനന്തപുരം, മുംബൈ എന്നിവയുള്‍പ്പെടെയുള്ള 11 ജനസംഖ്യാധിഷ്‌ഠിത കാന്‍സര്‍ രജിസ്‌ട്രികളില്‍ നിന്നുള്ള ഡേറ്റയെ അടിസ്ഥാനമാക്കിയാണ് ഐസിഎംആര്‍ പഠനം നടത്തിയത്. 2012നും 2015നും ഇടയില്‍ 17,331 സ്‌തനാര്‍ബുദ കേസുകളാണ് ഈ രജിസ്‌ട്രികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
മിസോറാം, അഹമ്മദാബാദ്-അര്‍ബന്‍, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലെ അഞ്ച് വര്‍ഷ അതിജീവന നിരക്ക് ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നതാണെന്നും പഠനം പറയുന്നു. അരുണാചല്‍ പ്രദേശിലെ പാസിഘട്ടിലാണ് ഏറ്റവും കുറഞ്ഞ അതിജീവന നിരക്ക് രേഖപ്പെടുത്തിയത്, 41.9 ശതമാനം.
ആദ്യ ഘട്ടങ്ങളില്‍ സ്‌തനാര്‍ബുദം നിര്‍ണ്ണയിക്കപ്പെടുന്നവര്‍ക്ക് അവസാന ഘട്ടങ്ങളില്‍ നിര്‍ണ്ണയിക്കപ്പെട്ടവരെ അപേക്ഷിച്ച് 4.4 മടങ്ങ് അധികം അതിജീവന സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. 65 വയസ്സിന് മുകളിലുള്ള രോഗികള്‍ക്ക് 15-39 പ്രായവിഭാഗത്തിലുള്ള രോഗികളേക്കാള്‍ അതിജീവന സാധ്യത 16 ശതമാനം കുറഞ്ഞിരിക്കുന്നതായും അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ കാന്‍സര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ 90.2 ശതമാനമാണ് സ്‌തനാര്‍ബുദ ബാധിതരായ സ്‌ത്രീകളുടെ അഞ്ച് വര്‍ഷ അതിജീവന നിരക്ക്. വൈകിയുള്ള രോഗനിര്‍ണ്ണയവും ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്‌തതയും മൂലമാണ് ഇന്ത്യയില്‍ അതിജീവനനിരക്ക് ഇതിനെ അപേക്ഷിച്ച് കുറഞ്ഞിരിക്കുന്നത്. തെക്ക് കിഴക്കന്‍ ഏഷ്യന്‍ പ്രദേശത്ത് സ്‌തനാര്‍ബുദ മരണങ്ങള്‍ 2040ഓട് കൂടി 61.7 ശതമാനമായി വര്‍ധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
അർബുദത്തെ അതിജീവിച്ച മാലാഖ: വിഡിയോ