ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എന്നും ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യില്ല!
Mail This Article
ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരാൻ ആഗ്രഹിക്കുന്നവർ പഴങ്ങളും പച്ചക്കറികളും ഡയറ്റിൽ എന്തായാലും ഉൾപ്പെടുത്തും. പഴങ്ങൾക്കു പകരം ജ്യൂസ് കുടിക്കുന്നതാണ് പലർക്കും ഇഷ്ടം. പലപ്പോഴും ഭക്ഷണം ഒഴിവാക്കുകയും പകരം ഒരു ഗ്ലാസ് ജ്യൂസ് കുടിക്കുകയും ചെയ്യുന്ന രീതി പലരിലും കാണാറുമുണ്ട്. എന്നാൽ ഫ്രൂട്ട് ജ്യൂസ് ഹെൽത്തി ആണെങ്കിലും ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവർക്ക് ഗുണം ചെയ്യില്ലെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. മറിച്ച് എന്നും ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് ശരീരഭാരം കൂടാൻ ഇടയാക്കും. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ബാധകമാണെന്ന് ജാമാ പീഡിയാട്രിക്സ് എന്ന ജേണലിൻ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു.
100 ശതമാനം ഫ്രൂട്ട് ജ്യൂസ് അഥവാ ആഡഡ് ഷുഗർ ഒട്ടും ചേർക്കാത്ത ജ്യൂസ് ദിവസവും കുടിക്കുന്നതാണ് പ്രശ്നമെന്നാണ് പറയുന്നത്. 42 വിവിധ പഠനങ്ങളെ ആസ്പദമാക്കി നടത്തിയ അവലോകനത്തിൽ 11 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളിൽ ഓരോ എട്ട് ഔൺസ് അധിക ഫ്രൂട്ട് ജ്യൂസ് കുടിക്കുമ്പോഴും ബി.എം.ഐയിൽ വർധനവ് വരുന്നുണ്ടെന്നാണ് പഠനത്തിലുള്ളത്.
ജ്യൂസിലടങ്ങിയിരിക്കുന്ന ലിക്വിഡ് കാലറിയാവാം ഈ ഭാരവർധനവിനു കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. എന്നു കരുതി ജ്യൂസ് കുടിക്കുന്നത് പാടെ ഒഴിവാക്കണം എന്നൊരു അർഥം ഇതിനില്ല. ശരീരഭാരം നിയന്ത്രിക്കണമെന്ന് ആഗ്രഹിക്കുന്നവർ ജ്യൂസിന്റെ അളവ് കുറയ്ക്കണമെന്നുമാത്രം. പഴങ്ങൾ ജ്യൂസാക്കാതെ അതേപടി കഴിക്കുന്നതാണ് എപ്പോഴും നല്ലത്. കാരണം പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന ഫൈബർ ജ്യൂസിലുണ്ടാകില്ല. അക്കാരണത്താൽ പെട്ടന്ന് വയറു നിറഞ്ഞെന്ന തോന്നലും ഉണ്ടാകില്ല. ഇത് സ്വാഭാവികമായും ജ്യൂസ് അധികം കുടിക്കാൻ ഇടയാക്കും.
അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് നിർദേശിക്കുന്നതുപ്രകാരം 1 മുതൽ 3 വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് 4 ഔൺസ് ജ്യൂസും 4 മുതൽ 6 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 6 ഔൺസ് ജ്യൂസും 7 മുതൽ 18 വരെ പ്രായമുള്ളവർ 8 ഔൺസുമാണ് കുടിക്കേണ്ടത്.
എപ്പോൾ, എന്ത്, എങ്ങനെ കഴിക്കണം: വിഡിയോ