സെർവിക്കൽ കാൻസർ തടയാൻ എച്ച്പിവി വാക്സീന്; പെൺകുട്ടികൾക്കു പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പാക്കാം
Mail This Article
സ്ത്രീകളില്‍ സര്‍വസാധാരണമായി കാണുന്ന അര്‍ബുദങ്ങളില്‍ നാലാം സ്ഥാനത്താണ് ഹ്യൂമന്‍ പാപ്പിലോമ വൈറസ് (എച്ച്പിവി) മൂലമുണ്ടാകുന്ന ഗര്‍ഭാശയമുഖ അര്‍ബുദം അഥവാ സെര്‍വിക്കല്‍ കാന്‍സര്‍. ലൈംഗികമായി സജീവമായ പലരിലും ജീവിതത്തിന്റെ ഏതെങ്കിലുമൊക്കെ ഘട്ടത്തില്‍ എച്ച്പിവി എത്തിയിട്ടുണ്ടാകാമെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു. വിവിധ തരത്തില്‍പ്പെട്ട എച്ച്പിവികളില് പലതും നിര്ദോഷമാണ്. പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും ഉണ്ടാക്കുകയില്ല. എന്നാല്‍ ചിലതരം എച്ച്പിവികള് ലൈംഗിക അവയവങ്ങളില്‍ കുരുക്കളും ഗര്‍ഭാശയ മുഖ അര്‍ബുദം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നു.
ചര്‍മ്മത്തെയും ലൈംഗിക അവയവങ്ങളെയും തൊണ്ടയെയും ബാധിക്കുന്ന എച്ച്പിവി ലൈംഗിക ബന്ധത്തിലൂടെയാണ് പകരാറുള്ളത്. 2018ല്‍ മാത്രം 43 ലക്ഷം പേര്‍ക്ക് എച്ച്പിവി അണുബാധയുണ്ടായതായും ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. എച്ച്പിവി 16, എച്ച്പിവി 18 എന്നീ വിഭാഗങ്ങളില്‍ പെടുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസാണ് ഭൂരിഭാഗം ഗര്‍ഭാശയമുഖ അര്‍ബുദങ്ങളുടെയും പിന്നില്‍. സെര്‍വിക്സിന്റെ എപ്പിത്തീലിയല്‍ കോശങ്ങളില്‍ മാറ്റങ്ങളുണ്ടാക്കിയാണ് എച്ച്പിവി അര്‍ബുദത്തിലേക്കു നയിക്കുന്നത്. വൈറസ് ഉണ്ടാക്കുന്ന ഇ6, ഇ7 പ്രോട്ടീനുകള്‍ അര്‍ബുദത്തെ അമര്‍ത്തിവയ്ക്കുന്ന ട്യൂമര്‍ സപ്രസര്‍ ജീനുകളെ ബാധിക്കുന്നു.
പുകവലി, ദുര്‍ബലമായ പ്രതിരോധ സംവിധാനം, ഗര്‍ഭനിരോധന മരുന്നുകളുടെ ദീര്‍ഘ ഉപയോഗം എന്നിവ ഗര്‍ഭാശയമുഖ അര്‍ബുദ സാധ്യത വർധിപ്പിക്കുന്നു.
ലക്ഷണങ്ങള്‍
ആദ്യ ഘട്ടങ്ങളില്‍ ഗര്‍ഭാശയമുഖ അര്‍ബുദം ലക്ഷണങ്ങളൊന്നും പ്രകടമാക്കിയെന്നു വരില്ല. എന്നാല്‍ അര്‍ബുദം പുരോഗമിക്കുന്നതോടെ യോനിയില്‍ നിന്ന് രക്തസ്രാവം, ലൈംഗിക ബന്ധത്തിനു ശേഷമുള്ള രക്തസ്രാവം, ആര്‍ത്തവത്തിനിടയിലോ ആര്‍ത്തവവിരാമത്തിനു ശേഷമോ ഉള്ള രക്തസ്രാവം, യോനിയില്‍ നിന്ന് ദുര്‍ഗന്ധത്തോടു കൂടിയ സ്രവങ്ങള്‍, അടിവയറ്റില്‍ വേദന, ലൈംഗികബന്ധ സമയത്ത് വേദന എന്നിവയെല്ലാം ഗര്‍ഭാശയമുഖ അര്‍ബുദ ലക്ഷണങ്ങളാണ്.
ഹ്യൂമന്‍ പാപ്പിലോമ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ എച്ച്പിവി വാക്സീന് വഴി സാധിക്കും. പെണ്‍കുട്ടികള്‍ ഒന്‍പത് വയസ്സിനും 13 വയസ്സിനും ഇടയില്‍ എച്ച്പിവി പ്രതിരോധ കുത്തിവയ്പ്പെടുക്കണമെന്നു ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നു. ലൈംഗിക ജീവിതം ആരംഭിക്കുന്നതിന് മുന്‍പ് ഈ വാക്സീന് എടുക്കുന്നതാണ് അഭികാമ്യം.
ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിച്ച സെര്‍വവാക് വാക്സീന് ഗര്‍ഭാശയമുഖ അര്‍ബുദത്തെ തടയുന്നതില്‍ അമേരിക്കന്‍ കമ്പനിയായ മെര്‍ക് നിര്‍മ്മിച്ച ഗര്ഡാസിലിനോളം തന്നെ ഫലപ്രദവും സുരക്ഷിതവുമാണെന്ന് ലാന്‍സെറ്റ് ഓങ്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഗര്‍ഭാശയമുഖ അര്‍ബുദത്തെ കുറിച്ച് ബോധവത്ക്കരണം വളര്‍ത്തുന്നതിന് ജനുവരി മാസം ഗര്‍ഭാശയമുഖ അര്‍ബുദ ബോധവത്ക്കരണ മാസമായി ആചരിക്കുന്നു.
പിസിഒഡി അകറ്റാൻ യോഗ: വിഡിയോ