ലോകത്തിലെ അര്‍ബുദ കേസുകള്‍ അടുത്ത മൂന്ന് ദശാബ്ദത്തില്‍ 77% വര്‍ധിക്കും
Mail This Article
ആഗോള തലത്തിലെ അര്‍ബുദ കേസുകള്‍ 2050 ഓട് കൂടി 77 ശതമാനം വര്‍ധിച്ച് 35 ദശലക്ഷത്തിലെത്തുമെന്ന് ലോകാരോഗ്യ സംഘടന. 2022ല്‍ 20 ദശലക്ഷം കേസുകളും 97 ലക്ഷം മരണങ്ങളുമാണ് അര്‍ബുദം മൂലം ഉണ്ടായതെന്ന് ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ (ഐഎആര്‍സി) പുറത്ത് വിട്ട സര്‍വേ ഫലം വ്യക്തമാക്കുന്നു.
അര്‍ബുദ നിര്‍ണ്ണയത്തിനു ശേഷം അഞ്ച് വര്‍ഷം ജീവിച്ചവര്‍ 53.5 ദശലക്ഷത്തോളം പേരാണ്. അഞ്ചില്‍ ഒരാള്‍ക്ക് തങ്ങളുടെ ജീവിതകാലത്ത് അര്‍ബുദം വരുന്നുണ്ടെന്നാണ് കണക്ക്. പുരുഷന്മാരില്‍ ഒന്‍പതില്‍ ഒരാള്‍ എന്ന നിരക്കിലും സ്‌ത്രീകളില്‍ 12ല്‍ ഒരാള്‍ എന്ന നിരക്കിലും അര്‍ബുദം മൂലം മരണപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ഐഎആര്‍സിയുടെ ഗ്ലോബല്‍ കാന്‍സര്‍ ഒബ്‌സര്‍വേറ്ററിയിലെ കണക്കുകള്‍ പ്രകാരം 2022ല്‍ പുതിയ കേസുകള്‍ക്കും മരണങ്ങള്‍ക്കും കാരണമായ അര്‍ബുദങ്ങളില്‍ മൂന്നില്‍ രണ്ടും പത്ത് തരം അര്‍ബുദങ്ങള്‍ മൂലമായിരുന്നു. 2022ല്‍ ലോകത്ത് ഏറ്റവുമധികം പേരെ ബാധിച്ചത് ശ്വാസകോശ അര്‍ബുദമാണ്. 25 ലക്ഷം പുതിയ കേസുകളും പുതിയ അര്‍ബുദ കേസുകളുടെ 12.4 ശതമാനവും ശ്വാസകോശ അര്‍ബുദം മൂലമായിരുന്നു. 23 ലക്ഷം കേസുകളുമായി(11.6%) സ്‌തനാര്‍ബുദം രണ്ടാം സ്ഥാനത്തും 19 ലക്ഷം കേസുകളുമായി(9.6%) കോളോറെക്ടല്‍ അര്‍ബുദം മൂന്നാം സ്ഥാനത്തും 15 ലക്ഷം കേസുകളുമായി (7.3%) പ്രോസ്‌ട്രേറ്റ് അര്‍ബുദം നാലാം സ്ഥാനത്തും 9,70,000 കേസുകളുമായി (4.9%) വയറിലെ അര്‍ബുദം അഞ്ചാം സ്ഥാനത്തുമെത്തി.
ഏറ്റവുമധികം അര്‍ബുദരോഗികളുടെ മരണത്തിന് ഇടയാക്കിയതും ശ്വാസകോശ അര്‍ബുദം തന്നെയാണ്. 18 ലക്ഷം പേരാണ് ഈ അര്‍ബുദം മൂലം 2022ല്‍ മരണപ്പെട്ടത്. ആകെ അര്‍ബുദ മരണങ്ങളുടെ 18.7 ശതമാനം. കോളോറെക്ടല്‍ അര്‍ബുദം(ഒന്‍പത് ലക്ഷം മരണങ്ങള്‍), കരള്‍ അര്‍ബുദം(7.6 ലക്ഷം മരണങ്ങള്‍), സ്‌തനാര്‍ബുദം(6.7 ലക്ഷം മരണങ്ങള്‍), വയറിലെ അര്‍ബുദം(6.6 ലക്ഷം മരണങ്ങള്‍) എന്നിവയാണ് തൊട്ടു പിന്നില്‍.
സ്‌ത്രീകളില്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് സ്‌തനാര്‍ബുദവും പുരുഷന്മാരില്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ശ്വാസകോശ അര്‍ബുദവുമാണ്. ശ്വാസകോശ അര്‍ബുദം കഴിഞ്ഞാല്‍ പുരുഷന്മാരില്‍ ഏറ്റവുമധികം കാണപ്പെട്ടത് പ്രോസ്‌ട്രേറ്റ് അര്‍ബുദവും കോളോറെക്ടല്‍ അര്‍ബുദവുമാണ്.
അര്‍ബുദ രോഗനിര്‍ണ്ണയത്തിലും മരണത്തിലും രാജ്യങ്ങള്‍ തമ്മില്‍ അവരുടെ സമ്പത്തിന്റെയും മാനവവികസന സൂചികയുടെയും അടിസ്ഥാനത്തില്‍ കടുത്ത അസമത്വം നിലനില്‍ക്കുന്നതായും സര്‍വേ പറയുന്നു. ഉദാഹരണത്തിന് ഉയര്‍ന്ന മാനവവികസന സൂചികയുള്ള രാജ്യങ്ങളില്‍ 12ല്‍ ഒരു സ്‌ത്രീ എന്ന കണക്കില്‍ സ്‌തനാര്‍ബുദ നിര്‍ണ്ണയം നടക്കുന്നുണ്ടെങ്കില്‍ മാനവവികസന സൂചിക കുറഞ്ഞ രാജ്യങ്ങളില്‍ അത് 27ല്‍ ഒന്ന് എന്ന നിരക്കിലാണ്. ഇത് മൂലം ഉയര്‍ന്ന മാനവവികസന സൂചികയുള്ള രാജ്യങ്ങളില്‍ 71ല്‍ ഒരു സ്‌ത്രീ സ്‌തനാര്‍ബുദം മൂലം മരണപ്പെടുമ്പോള്‍ മാനവവികസന സൂചിക കുറഞ്ഞ രാജ്യങ്ങളില്‍ 48ല്‍ ഒരു സ്‌ത്രീ എന്ന കണക്കില്‍ മരണപ്പെടുന്നു.
അര്‍ബുദ ചികിത്സയുടെ കാര്യത്തിലും ഈ അസമത്വം പ്രകടമാണ്. ഈ അസമത്വം പരിഹരിക്കാന്‍ വലിയ നിക്ഷേപം ഈ രംഗത്ത് നടക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. പുകയില, മദ്യം, അമിതവണ്ണം, വായു മലിനീകരണം എന്നിവയെല്ലാം അര്‍ബുദത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണെന്നും സര്‍വേ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
കാൻസറിനെ തോൽപ്പിച്ച കൊച്ചുമിടുക്കി: വിഡിയോ