വൈകിയിട്ടില്ല; പ്രായം ഏതും ആയിക്കോട്ടെ, പുകവലി ഉപേക്ഷിച്ചാൽ അര്‍ബുദ സാധ്യത കുറയും
Mail This Article
ഏത് പ്രായത്തിലും പുകവലി ഉപേക്ഷിക്കുന്നത് അര്‍ബുദമുണ്ടാകാനുള്ള സാധ്യത ഗണ്യമായി കുറയ്‌ക്കുമെന്ന് പഠനം. ശ്വാസകോശ അര്‍ബുദം മാത്രമല്ല മറ്റ് പല അര്‍ബുദങ്ങളുടെ സാധ്യതയും പുകവലി നിര്‍ത്തുന്നത് മൂലം കുറയ്‌ക്കാമെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു.
പുകവലി നിര്‍ത്തി കുറഞ്ഞത് 15 വര്‍ഷമായവരില്‍ പുകവലി തുടര്‍ന്നു കൊണ്ടിരിക്കുന്നവരെ അപേക്ഷിച്ച് അര്‍ബുദ സാധ്യത പകുതിയായി കുറയുമെന്ന് ഗവേഷകര്‍ പറയുന്നു. മധ്യവയസ്സിന് മുന്‍പ് തന്നെ പുകവലി നിര്‍ത്തുന്നവരില്‍ പ്രയോജനം ഏറെയാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
സിയോളിലെ നാഷണല്‍ കാന്‍സര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ 30 ലക്ഷം കൊറിയക്കാരിലാണ് പഠനം നടത്തിയത്. പഠനകാലയളവില്‍ ഇതില്‍ രണ്ട് ലക്ഷം പേര്‍ക്ക് അര്‍ബുദം നിര്‍ണ്ണയിക്കപ്പെട്ടു. 13 വര്‍ഷവും അഞ്ച് മാസവും നീണ്ട ഫോളോഅപ്പ് പഠനത്തില്‍ പുകവലി നിര്‍ത്തിവയവരിലെ ശ്വാസകോശ അര്‍ബുദ സാധ്യത 42 ശതമാനവും കരള്‍ അര്‍ബുദ സാധ്യത 27 ശതമാനവും കൊളോറെക്ടല്‍ അര്‍ബുദ സാധ്യത 20 ശതമാനവും വയറിലെ അര്‍ബുദ സാധ്യത 14 ശതമാനവും കുറഞ്ഞതായി നിരീക്ഷിച്ചു. പുകവലി നിര്‍ത്താതെ തുടര്‍ന്നു കൊണ്ടിരിക്കുന്നവരെ അപേക്ഷിച്ചാണ് ഈ താരതമ്യം.
ശ്വാസകോശം, മൂത്രസഞ്ചി, വയര്‍, കുടല്‍, വൃക്ക, കരള്‍ എന്നിങ്ങനെ 15 തരം അവയവങ്ങളുടെ അര്‍ബുദവുമായി പുകവലി ബന്ധപ്പെട്ടിരിക്കുന്നു. 50 വയസ്സിന് മുന്‍പ് പുകവലി നിര്‍ത്തിയവര്‍ക്ക് അത് തുടരുന്നവരെ അപേക്ഷിച്ച് ശ്വാസകോശ അര്‍ബുദ സാധ്യത 57 ശതമാനം കുറവാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. 50 വയസ്സിലോ അതിന് ശേഷമോ നിര്‍ത്തുന്നവരില്‍ പുകവലി തുടരുന്നവരെ അപേക്ഷിച്ച് അര്‍ബുദ സാധ്യത 40 ശതമാനം കുറവാണ്.
പുകവലി നിര്‍ത്താന്‍ വൈകി പോയെന്ന ചിന്ത വേണ്ടെന്നും ഏത് പ്രായത്തില്‍ നിര്‍ത്തിയാലും അതിന്റെ പ്രയോജനം ലഭിക്കുമെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. ജിന്‍ ക്യോങ് ഓ പറഞ്ഞു. ജാമാ നെറ്റ് വര്‍ക്ക് ഓപ്പണ്‍ ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്.
ശരീരത്തിന്റെ പൂർണ ആരോഗ്യത്തിന് സൂര്യനമസ്കാരം: വിഡിയോ