കുത്തിവയ്‌പ്പെടുക്കുമ്പോള്‍ ഓരോ ഡോസും ഓരോ കയ്യില്‍ എടുക്കുന്നത് കൂടുതല്‍ പ്രയോജനകരം
Mail This Article
കോവിഡിനെ പ്രതിരോധിക്കാന്‍ പ്രതിരോധ കുത്തിവയ്‌പ്പെടുത്തവരാണ് നമ്മുടെ നാട്ടിലെ നല്ലൊരു ശതമാനം പേരും. എന്നാല്‍ രണ്ട് ഡോസ് വാക്‌സീനും എടുത്തവരോട് ഒരു
ചോദ്യം. നിങ്ങള്‍ വാക്‌സീന്റെ രണ്ട് ഡോസും എടുത്തത് ഒരേ കയ്യിലാണോ അതോ വലതു കൈയിലും ഇടത് കൈയ്യിലും മാറി മാറിയാണോ? എന്താ ഇപ്പോള്‍ ഇങ്ങനെ ഒരു ചോദ്യം എന്നാണെങ്കില്‍ ഇനി കാര്യത്തിലേക്ക് വരാം. കുത്തിവയ്‌പ്പെടുക്കുമ്പോള്‍ ഇടം, വലം കൈകള്‍ മാറി മാറി വ്യത്യസ്ത ഡോസുകള്‍ എടുക്കുന്നത് കൂടുതല്‍ ശക്തമായ പ്രതിരോധ പ്രതികരണമുണ്ടാക്കുമെന്ന് പുതിയ പഠനം തെളിയിക്കുന്നു.
ഒറിഗോണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. സര്‍വകലാശാലയിലെ 54 ജീവനക്കാരെ രണ്ട് സംഘങ്ങളായി തിരിച്ച് ചിലരില്‍ ഒരേ കൈയ്യിലും ചിലരില്‍ കൈ മാറ്റി മാറ്റിയും രണ്ട് ഡോസ് കോവിഡ് വാക്‌സീന്‍ എടുക്കുകയായിരുന്നു. ഇതില്‍ നിന്ന് ഇരു കൈകളിലുമായി ഓരോ ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്ക് ഒരു കൈയ്യില്‍ തന്നെ രണ്ടു ഡോസും എടുത്തവരെ അപേക്ഷിച്ച് നാല് മടങ്ങ് അധിക പ്രതിരോധ പ്രതികരണം കണ്ടെത്തിയതായി ഗവേഷകര്‍ നിരീക്ഷിച്ചു.
അതേ സമയം ജര്‍മ്മനിയില്‍ നടന്ന മറ്റൊരു പഠനത്തില്‍ കണ്ടെത്തിയത് രണ്ട് ഡോസും ഒരേ കൈയ്യില്‍ എടുത്തവരില്‍ മെച്ചപ്പെട്ട പ്രതിരോധ പ്രതികരണം ഉണ്ടായതായാണ്. എന്നാല്‍ രണ്ടാമത്തെ ഡോസെടുത്ത് രണ്ട് ആഴ്ച കഴിഞ്ഞ് മാത്രമുള്ള ആന്റിബോഡി തോതാണ് ഈ പഠനത്തില്‍ അളന്നത്. പുതിയ പഠനത്തിലും രണ്ടാഴ്ച കഴിഞ്ഞ് ഇത് തന്നെയായിരുന്നു സ്ഥിതി. എന്നാല്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ ഈ രീതി മാറുമെന്നും രണ്ട് കൈയ്യിലുമായി കുത്തിവയ്പ്പ് എടുത്തവരിലാണ് കൂടുതല്‍ ഉയര്‍ന്ന തോതിലുള്ള ആന്റിബോഡികള്‍ ഉണ്ടാകുന്നതെന്നും ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഡോ. മാര്‍സെല്‍ ഇ. കര്‍ലിന്‍ പറയുന്നു.
എന്നാല്‍ ഈ ഘട്ടത്തില്‍ ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം കുത്തിവയ്പ്പിനെ കുറിച്ച് ശുപാര്‍ശകള്‍ നല്‍കാന്‍ സാധിക്കില്ലെന്നും ഇതിന്റെ കാരണത്തെ കുറിച്ച് കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും ഡോ. മാര്‍സെല്‍ കൂട്ടിച്ചേര്‍ത്തു. ജേണല്‍ ഓഫ് ക്ലിനിക്കല്‍ ഇന്‍വെസ്റ്റിഗേഷനിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.
പ്രമേഹ ചികിത്സ പരാജയപ്പെടുന്നുവോ: വിഡിയോ