5000 രൂപ പെൻഷൻ, വയോജന വകുപ്പ്; വാഗ്ദാനങ്ങളിലുണ്ടോ വയോജനക്ഷേമം?
Mail This Article
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വാഗ്ദാനങ്ങളും പ്രകടനപത്രികകളുമായി മുന്നണികളും സ്ഥാനാർഥികളും കളംനിറഞ്ഞു കഴിഞ്ഞു. അവർക്കു മുന്നിൽ കേരളത്തിലെ മുതിർന്ന പൗരന്മാർക്ക് മുന്നോട്ടുവയ്ക്കാനുള്ള ആവശ്യങ്ങൾ എന്തൊക്കെ?
∙ ക്ഷേമപെൻഷൻ അവകാശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള നിയമനിർമാണം നടത്തുക.
∙ മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും പരിരക്ഷ സംബന്ധിച്ച 2007ലെ നിയമത്തിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുക.
∙ സുവ്യക്തമായ ഒരു വയോജന നയം അംഗീകരിക്കുക. കേന്ദ്രത്തിൽ വയോജന വകുപ്പ് രൂപീകരിക്കുക.
∙ മുതിർന്ന പൗരൻമാർക്ക് സൗജന്യ ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുക.
∙ 60 വയസ്സ് കഴിഞ്ഞവർക്ക് മിനിമം 5000 രൂപ വയോജന പെൻഷൻ നൽകുക.
∙ മുതിർന്ന പൗരൻമാരുടെ റെയിൽവേ ടിക്കറ്റ് നിരക്ക് ഇളവ് പുനഃസ്ഥാപിക്കുക.
∙ വയോജന സെൻസസ് എടുക്കുക അതിന്റെ അടിസ്ഥാനത്തിൽ ക്ഷേമ നടപടികൾ കൈക്കൊളളുക.
∙ പൊതുവാഹനങ്ങൾ വയോജന സൗഹൃദമാക്കുക.
∙ മുതിർന്ന പൗരൻമാരുടെ പ്രത്യേക രോഗങ്ങളെക്കുറിച്ച് പഠിക്കാനും ചികിത്സിക്കാനും എയിംസ് മാതൃകയിൽ വയോജന മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുക.
∙ ഇപിഎഫ് പെൻഷൻ മിനിമം 9000 രൂപയായി നിശ്ചയിക്കുക.
∙ 2050ൽ ഇന്ത്യയിൽ 60 വയസ്സിന് മുകളിലുള്ളവർ 40 കോടിയിലെത്തും. ഇത് മുന്നിൽക്കണ്ട് സൗകര്യങ്ങൾ ഒരുക്കുക.
(അമരവിള രാമകൃഷ്ണൻ, ജനറൽ സെക്രട്ടറി, സീനിയർ സിറ്റിസൻസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ)
വയോജന പഠനകേന്ദ്രം വേണം,കർമശേഷി പ്രയോജനപ്പെടുത്തണം
∙ ആഗോളതലത്തിൽ ജറോസയൻസ് അഥവാ വാർധക്യത്തെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖ കുതിച്ചുമുന്നേറുകയാണ്. ജറോസയൻസിന്റെ വളർച്ചയുടെ ഗുണഫലങ്ങൾ ഇന്ത്യയിലെ മുതിർന്ന പൗരന്മാരിലേക്ക് വേണ്ടവിധം എത്തിച്ച് അവരുടെ കർമശേഷി രാജ്യത്തിന് ഉപയോഗപ്രദമാക്കാനുള്ള പദ്ധതികൾ ഉണ്ടാകണം.
∙ ആഗോളനിലവാരത്തിലുള്ള ഒരു വയോജന പഠനകേന്ദ്രം (Aging study centre) കേരളത്തിൽ ആരംഭിക്കുക. കേന്ദ്രത്തിൽ നിന്ന് ഫണ്ട് സ്വീകരിച്ച് 14 ജില്ലകളിലും ഇതിന്റെ ഉപകേന്ദ്രങ്ങൾ സ്ഥാപിക്കുക. വയോജനങ്ങൾക്ക് അവരുടെ ശാരീരിക, മാനസിക ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന മാർഗനിർദേശങ്ങൾ ഈ കേന്ദ്രങ്ങൾ വഴി നൽകാം.
∙ വയോജനങ്ങൾക്ക് കൃത്യമായി വ്യായാമം ചെയ്യാൻ ഒത്തുചേരാവുന്ന കേന്ദ്രങ്ങൾ ജില്ലയിൽ ഒന്നുവീതം ആരംഭിക്കുക.
∙ ആധുനിക സാങ്കേതികവിദ്യയുടെ പിൻബലത്തിൽ മുതിർന്ന പൗരന്മാരിൽ ഒരു വലിയ വിഭാഗത്തിന് ഉൽപാദന, വിതരണ ശൃംഖലയിൽ കാര്യമായി പ്രവർത്തിക്കാനാകും. ഈ മേഖലയിൽ പുതിയ ആശയങ്ങളും സംരംഭങ്ങളും അതുവഴി പുതിയ തൊഴിൽ മേഖലകളും സൃഷ്ടിക്കാൻ നടപടികളുണ്ടാകണം.
(ഡോ. മേരി ജോർജ്, സാമ്പത്തികവിദഗ്ധ)