ഇങ്ങനെയാണ് റസ്ക് ഉണ്ടാക്കുന്നതെങ്കിൽ കഴിക്കുന്നത് അപകടം; വിഡിയോ പങ്കുവച്ച് ഡയറ്റീഷ്യൻ
Mail This Article
വൃത്തിയുള്ള അന്തരീക്ഷത്തിൽ ഉണ്ടാക്കിയില്ലെങ്കിൽ ഏത് നല്ല ഭക്ഷണവും വിപരീതഫലം ചെയ്യും. ആരോഗ്യപ്രശ്നങ്ങൾ ഉള്ളപ്പോൾ പൊകുവേ നമ്മൾ കഴിക്കുന്ന പലഹാരങ്ങളില്‍ പ്രധാനി ആണല്ലോ റസ്ക്. എന്നാൽ വൃത്തിയില്ലാത്ത സാഹചര്യത്തിലും നിലവാരം കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് റസ്ക് ഉണ്ടാക്കുന്ന വിഡിയോ അടുത്ത കാലത്ത് വൈറലായിരുന്നു. ഇത്തരത്തിൽ പാകം ചെയ്യുന്ന ഭക്ഷണം കഴിച്ചാലുള്ള പ്രശ്നങ്ങളെപ്പറ്റി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ഡയറ്റീഷ്യനും വെയ്‌റ്റ് ലോസ് വിദഗ്‌ധയുമായ റിച്ച ഗംഗാനി.
അനാരോഗ്യപരമായി ഭക്ഷണം പാകം ചെയ്യുന്നതിനെപ്പറ്റി റിച്ച ഇങ്ങനെ പറയുന്നു. ബ്രഡ് കഷ്‌ണങ്ങള്‍ രണ്ട് തവണ ബേക്ക് ചെയ്‌ത് നിര്‍മ്മിക്കുന്ന റസ്‌കില്‍ പാമോയില്‍, ട്രാന്‍സ് ഫാറ്റ്, അഡിറ്റീവുകള്‍, മധുരം, മൈദ, ഗ്ലൂട്ടനുകള്‍ എന്നിവ അടങ്ങിയിരിക്കുന്നതായും ഇവയൊന്നും ആരോഗ്യത്തിന് നല്ലതല്ലെന്നും ഇന്‍സ്റ്റാഗ്രാമില്‍ പ്രചരിക്കുന്ന വീഡിയോയില്‍ റിച്ച പറയുന്നു. റസ്‌കിന്റെ നിര്‍മ്മാണവും വീഡിയോയില്‍ കാണിക്കുന്നുണ്ട്. ഒരു ഫാക്ടറിയില്‍ ഗാലണ്‍ കണക്കിന് പാമോയില്‍ ഒരു റോട്ടേറ്റിങ് മെഷീനിലേക്ക് ഒഴിക്കുന്നതും ഇതിന് പിന്നാലെ വലിയ ചാക്കുകളില്‍ പഞ്ചസാരയും മൈദ മാവും യീസ്റ്റും കൂടുതല്‍ പാമോയിലും ചേര്‍ക്കുന്നതായും വീഡിയോ കാണിക്കുന്നു. ഈ മിശ്രിതം കുഴച്ച് കുഴമ്പ് രൂപത്തിലാക്കിയ ശേഷം ചെറിയ കഷ്‌ണങ്ങളായി മുറിച്ചെടുത്ത് വലിയ ഓവന്‍ ചേമ്പറുകളില്‍ ബേക്ക് ചെയ്യുന്നു. ബേക്ക് ചെയ്‌ത ശേഷം ബ്രഡ് മുറിച്ച് വീണ്ടും ചെറിയ റസ്‌ക് കഷ്‌ണങ്ങളാക്കിയ ശേഷം ട്രേകളിലാക്കി വീണ്ടും ടോസ്‌റ്റ് ചെയ്യുന്നു.
ഇത് എത്ര അനാരോഗ്യകരമാണെന്ന് മനസ്സിലാക്കി കഴിഞ്ഞാല്‍ പിന്നെ ആരും റസ്‌ക് കഴിക്കില്ലെന്നും റിച്ച പറയുന്നുണ്ട്. ആരോഗ്യകരമായ ഭക്ഷണമെന്ന രീതിയിലാണ് റസ്‌കിന് ലഭിക്കുന്ന പ്രചാരം. എന്നാല്‍ ഇത് ശരിയല്ലെന്നും യീസ്റ്റും പഞ്ചസാരയും നിലവാരം കുറഞ്ഞ എണ്ണയും മാവും ഉപയോഗിച്ചാണ് ഇതുണ്ടാക്കുന്നതെന്നും റിച്ച കൂട്ടിച്ചേര്‍ക്കുന്നു. ചിലര്‍ പഴകിയ ബ്രഡ് കഷ്‌ണങ്ങള്‍ ഉപയോഗിച്ചും റസ്‌ക് നിര്‍മ്മിക്കാറുണ്ടെന്നും ഈ ഡയറ്റീഷ്യന്‍ വെളിപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ റസ്ക് വാങ്ങുമ്പോൾ അതിൽ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കേണ്ടതാണ്.