വനിത ഡോക്ടര്‍മാരില്‍ നിന്ന് ചികിത്സ തേടുന്നത് മരണനിരക്ക് കുറയ്ക്കുമെന്ന് പഠനം
Mail This Article
വനിതാ ഡോക്ടര്‍മാരില്‍ നിന്ന് ചികിത്സ തേടുന്നവരുടെ മരണനിരക്ക് പുരുഷ ഡോക്ടര്‍മാരില്‍ നിന്ന് ചികിത്സ തേടുന്നവരുടേതിനേക്കാള്‍ കുറവാണെന്ന് പഠനം. ടോക്കിയോ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.
2016 മുതല്‍ 2019 വരെയുള്ള കാലഘട്ടത്തില്‍ മെഡികെയര്‍ ക്ലെയിം നടത്തിയ 4,58,100 സ്‌ത്രീകളുടെയും 3,19,800 പുരുഷന്മാരുടെയും ഡേറ്റ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. ഇവരില്‍ 1,42,500 സ്‌ത്രീകളും 97,500 പുരുഷന്മാരും വനിത ഡോക്ടര്‍മാരുടെ അടുത്താണ് ചികിത്സ തേടിയത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിന് ശേഷമുള്ള 30 നാളുകളിലെ മരണ നിരക്കും ഡിസ്‌ചാര്‍ജ് ചെയ്‌ത് പോയതിന് ശേഷമുള്ള 30 നാളുകളിലെ റീഅഡ്‌മിഷന്‍ നിരക്കുമാണ് പ്രധാനമായും പരിശോധിച്ചത്.
ഇതില്‍ നിന്ന് വനിത ഡോക്ടര്‍മാരാല്‍ പരിശോധിക്കപ്പെട്ട സ്‌ത്രീകളുടെ മരണ നിരക്ക് 8.15 ശതമാനമാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. പുരുഷ ഡോക്ടര്‍മാരാല്‍ പരിശോധിക്കപ്പെട്ട സ്‌ത്രീകളുടെ മരണ നിരക്കായ 8.38 ശതമാനത്തെ അപേക്ഷിച്ച് കുറവാണ് ഇത്.
അതേ സമയം പുരുഷ രോഗികളുടെ മരണനിരക്കില്‍ കാര്യമായ വ്യത്യാസം വനിത ഡോക്ടര്‍മാരുടെ ചികിത്സ കൊണ്ട് ഉണ്ടാകുന്നില്ലെന്നും കണ്ടെത്തി. വനിത ഡോക്ടര്‍മാരാല്‍ പരിശോധിക്കപ്പെട്ട പുരുഷ രോഗികളുടെ മരണ നിരക്ക് 10.15 ശതമാനവും പുരുഷ ഡോക്ടര്‍മാരാല്‍ പരിശോധിക്കപ്പെട്ട പുരുഷ രോഗികളുടെ മരണ നിരക്ക് 10.23 ശതമാനവുമാണ്.
മരണനിരക്ക് മാത്രമല്ല റീഅഡ്‌മിഷന്‍ നിരക്കുകളും വനിത ഡോക്ടര്‍മാരാല്‍ പരിശോധിക്കപ്പെട്ട രോഗികള്‍ക്ക് കുറവാണെന്ന് പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ നിരീക്ഷണ പഠനം മാത്രമായതിനാല്‍ ഇതിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് അന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു.
സ്‌ത്രീകളായ രോഗികള്‍ക്ക് വനിത ഡോക്ടര്‍മാരോട് തങ്ങളുടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ തുറന്ന് പറയാന്‍ സാധിക്കുന്നത് മരണനിരക്ക് കുറയുന്നതില്‍ നിര്‍ണ്ണായക ഘടകമായേക്കാമെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. കൂടുതല്‍ വിശദമായ സംഭാഷണങ്ങള്‍ കൃത്യമായ രോഗനിര്‍ണ്ണയത്തിലേക്കും ചികിത്സയിലേക്കും നയിക്കുന്നു.കാര്യകാരണങ്ങള്‍ കണ്ടെത്താന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. യുസുകെ സുഗാവ പറയുന്നു.