ലൂപ്പസ് രോഗത്തെപ്പറ്റി അവബോധം വർധിപ്പിക്കണമെന്ന് ദേശീയ സെമിനാർ
Mail This Article
തിരുവനന്തപുരം ∙ സന്ധിവാതരോഗമായ ലൂപ്പസിനെപ്പറ്റിയുള്ള അവബോധം വർധിപ്പിച്ച് നേരത്തേയുള്ള രോഗനിർണയം സാധ്യമാക്കണമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റുമറ്റോളജി ആൻഡ് ഇമ്യൂണോളജി സയൻസസ് (ഐറിസ്) സംഘടിപ്പിച്ച ഡോക്ടർമാരുടെ ദേശീയ സെമിനാർ അഭിപ്രായപ്പെട്ടു. ഏതാനും വർഷം മുൻപ് വരെ ലൂപ്പസ് രോഗം നിയന്ത്രണവിധേയമാക്കാനുള്ള സാധ്യത 60 ശതമാനത്തിൽ താഴെയായിരുന്നെങ്കിൽ നേരത്തേയുള്ള രോഗനിർണയത്തിലൂടെ 95 ശതമാനം ആളുകളിലും ഇപ്പോൾ നിയന്ത്രണവിധേയമാക്കാനാകുമെന്ന് ഐറിസ് ലൂപ്പസ് കണക്ടില്‍ പങ്കെടുത്ത ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.
ത്വക്ക്, കണ്ണുകള്‍, സന്ധികൾ, വൃക്ക തുടങ്ങി ഏത് അവയവത്തേയും ബാധിക്കാവുന്ന സിസ്റ്റമിക് ലൂപ്പസ് എരിത്തമറ്റോസസ് രോഗം ചെറുപ്പക്കാരായ സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. കൃത്യമായി ചികിൽസിച്ചില്ലെങ്കിൽ മരണത്തിനുവരെ കാരണമാകാവുന്ന രോഗം തുടർച്ചയായ ഗർഭച്ഛിദ്രം പോലുള്ള പ്രശ്‌നങ്ങളിലേക്കും നയിക്കാറുണ്ട്. കേരളത്തിൽ ലൂപ്പസ് ചികിൽസക്ക് മതിയായ സംവിധാനങ്ങളുണ്ടെങ്കിലും ഇതുസംബന്ധിച്ച അവബോധം ആളുകളിൽ എത്തിക്കേണ്ടതുണ്ടെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ഗൈനക്കോളജി യൂണിറ്റ് മേധാവി ഡോ. ജയശ്രീ വാമൻ പറഞ്ഞു.
തൊലിപ്പുറത്ത് കാണപ്പെടുന്ന ചിരങ്ങുപോലുള്ള പ്രശ്‌നങ്ങളും പനിയും മറ്റുമാണ് ലൂപ്പസിന്റെ പ്രാഥമിക ലക്ഷണങ്ങൾ. രോഗത്തെപ്പറ്റി വേണ്ടത്ര അറിവില്ലാത്തതിനാൽ ഒട്ടേറെ മിഥ്യാധാരണകൾ ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ടെന്നും ഐറിസ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. വിഷാദ് വിശ്വനാഥ് പറഞ്ഞു.
വെല്ലൂർ നരുവി ഹോസ്പിറ്റൽ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് പ്രൊഫ. രേണു ജോർജ്, ഋഷികേശ് എയിംസിലെ റുമറ്റോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. വെങ്കിടേഷ് എസ്. പൈ, വെല്ലൂർ സിഎംസിയിലെ പ്രൊഫ. സതീഷ് കുമാർ, ഡോ. അങ്കൻ ഗുപ്ത, ഡോ. ചന്തു എഎസ്, പോണ്ടിച്ചേരി ജിപ്‌മെർ നെഫ്രോളജി വിഭാഗം മേധാവി പ്രൊഫ. ശ്രീജിത് പരമേശ്വരൻ, ചണ്ഡിഗഡ് പിജിഐഎംഇആറിലെ ഡോ. ആൻകുർ കുമാർ ജിണ്ടാൽ തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.