ADVERTISEMENT

ചികിത്സാ രംഗത്ത് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ്. രാജ്യത്ത് തന്നെ അപൂര്‍വമായി നടത്തുന്ന ബിസിഐ (ബോണ്‍ കണ്ടക്ഷന്‍ ഇംപ്ലാന്റ്) 602 ബോണ്‍ ബ്രിഡ്ജ് ശസ്ത്രക്രിയ മൂന്ന് പേര്‍ക്ക് വിജയകരമായി പൂര്‍ത്തിയാക്കി. സര്‍ക്കാരിന്റെ സൗജന്യ പദ്ധതി പ്രകാരം നടത്തുന്ന രാജ്യത്തെ ആദ്യത്തെ ശസ്ത്രക്രിയയാണ്. സര്‍ക്കാരിന്റെ സൗജന്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മൂന്ന് പേര്‍ക്ക് ഈ ഇംപ്ലാന്റ് വെച്ചുപിടിപ്പിച്ചത്. മൂന്ന് പേര്‍ക്ക് ഒറ്റ ദിവസം ഇത്തരം ശസ്ത്രക്രിയ നടത്തിയത് രാജ്യത്ത് ആദ്യമായാണ്. ബിസിഐ 602 ബോണ്‍ ബ്രിഡ്ജ് ശസ്ത്രക്രിയ വിജയകരമാക്കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

കോഴിക്കോട് സ്വദേശികളായ 20 വയസുകാരിയ്ക്കും 8 വയസുകാരിയ്ക്കും വയനാട് സ്വദേശിയായ 23 വയസുകാരനുമാണ് ശസ്ത്രക്രിയ നടത്തിയത്. ഏകദേശം 6 ലക്ഷം രൂപയോളം വില വരുന്നതാണ് ഓരോ ഇംപ്ലാന്റും. ശബ്ദം നേരിട്ട് ആക്ടീവ് ആംപ്ലിഫിക്കേഷന്‍ സാങ്കേതിക വിദ്യയിലൂടെയാണ് ബിസിഐ 602 ബോണ്‍ ബ്രിഡ്ജ് ഇംപ്ലാന്റ് ഉപയോഗിക്കുന്നത്. ഇതിലൂടെ പുറം ചെവിയും മധ്യ ചെവിയിലുമുള്ള തകരാറുകള്‍ മറികടക്കാന്‍ സാധിക്കുന്നു. ജന്മനാ കേള്‍വി തകരാറുള്ള മൂന്നു കുഞ്ഞുങ്ങള്‍ക്കാണ് കേള്‍വി ശക്തി തിരികെ ലഭിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ബോണ്‍ കണ്ടക്ഷന്‍ ഇംപ്ലാന്റബിള്‍ ഹിയറിങ് ഡിവൈസ് കെ.എം.എസ്.സി.എല്‍ മുഖേനയാണ് ലഭ്യമാക്കിയത്.

ഇഎന്‍ടി വിഭാഗം മേധാവി ഡോ. സുനില്‍കുമാര്‍, പ്രൊഫസര്‍മാരായ ഡോ. അബ്ദുല്‍സലാം, ഡോ. ശ്രീജിത്ത് എംകെ, സീനിയര്‍ റസിഡന്റ് ഡോ. സഫ, അനസ്‌തേഷ്യ വിഭാഗം പ്രൊഫസര്‍ ഡോ. ശ്യാം, ഡോ. വിപിന്‍, സ്റ്റാഫ് നഴ്‌സുമാരായ ദിവ്യ, തെരേസ, ശ്യാമ, സബിത, ഓഡിയോളജി വിഭാഗം തലവന്‍ സമീര്‍ പൂത്തേരി. ഓഡിയോളജിസ്റ്റ് നസ്ലിന്‍, ക്ലിനിക്കല്‍ സ്‌പെഷ്യലിസ്റ്റ് നിഖില്‍ എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കാളികളായി.

English Summary:

Kozhikode Medical College Successfully Performs Rare BCI 602 Bone Bridge Surgery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com