അമീബിക് മസ്തിഷ്കജ്വരം : ആശങ്ക വേണ്ട, ലക്ഷണങ്ങൾ കണ്ട് തെറ്റിദ്ധരിക്കരുത്
Mail This Article
അമീബിക് മസ്തിഷ്കജ്വരത്തിന്റെ ആശങ്ക ഇപ്പോൾ ചിലരുടെയെങ്കിലും മനസ്സിലുണ്ട്. പതിനായിരത്തിൽ ഒരാൾക്ക് പിടിപ്പെട്ടേക്കാവുന്ന അപൂർവ രോഗമായതിനാൽ ഏറെ ആശങ്കപ്പെടേണ്ട കാര്യമില്ല. അതേ സമയം രോഗം ബാധിച്ചാൽ പിന്നീട് ജീവിതത്തിലേക്കു മടങ്ങിയെത്തുകയെന്നത് പ്രയാസമേറിയ കാര്യവുമാണ്.
നെഗ്ലേരിയ ഫൗലെറി എന്നറിയപ്പെടുന്ന അമീബയാണ് അമീബിക് മസ്തിഷ്ക ജ്വരത്തിനു കാരണമാകുന്നത്. നമ്മുടെ നാടു പോലെ ഉഷ്ണമേഖലകളിലെ കെട്ടിക്കിടക്കുന്ന ശുദ്ധജലാശയങ്ങളിലാണ് പൊതുവേ ഈ അമീബ കാണുന്നത്. അമീബ ഗ്രൂപ്പിൽ മറ്റനേകം അണുക്കൾ വേറെയുമുണ്ട്. അവയിൽ മറ്റു ചിലതും മസ്തിഷ്ക ജ്വരത്തിനു കാരണമാകാം. മൂക്കു വഴിയാണു നെഗ്ലേരിയ ഫൗലെറി അമീബ തലച്ചോറിലെത്തുക. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുമ്പോഴോ മറ്റോ അങ്ങനെ സംഭവിക്കാം. ഗന്ധം തിരിച്ചറിയാൻ സഹായിക്കുന്ന ഓൽഫാക്ടറി നാഡി വഴിയാണു മൂക്കിൽ നിന്ന് ഈ അണുക്കൾ തലച്ചോറിലേക്കു പ്രവേശിക്കുക. ഈ അണുക്കൾ നേരിട്ടു മസ്തിഷ്ക്കത്തെയും അതിനെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണമായ മെനിഞ്ചസിനെയും ബാധിക്കും.
സാധാരണഗതിയിൽ അണുക്കൾ തലച്ചോറിൽ പ്രവേശിച്ചാൽ 5–7 ദിവസങ്ങൾക്കകം ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങും. കടുത്ത പനി, തലവേദന, ഛർദി, മയക്കം, അപസ്മാരം, തളർച്ച എന്നിവയാണു പൊതുവേ കാണുന്ന ലക്ഷണങ്ങൾ. ചിലർക്കു ഗന്ധം തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെടും. മെനിഞ്ചസിനെ ബാധിക്കുമെന്നതിനാൽ കഴുത്ത് ചലിപ്പിക്കുമ്പോൾ മുറുക്കം അനുഭവപ്പെടും.
ലക്ഷണങ്ങൾ സമാനമായതിനാൽ ബാക്ടീരിയ മൂലമുണ്ടാകുന്ന മെനിഞ്ചൈറ്റിസായി തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ടെന്നതിനാൽ രോഗ നിർണയം ബുദ്ധിമുട്ടേറിയതാണ്. അതുകൊണ്ടു തന്നെ പലപ്പോഴും അവസാന ഘട്ടത്തിലാണു രോഗം കണ്ടെത്താൻ കഴിയുന്നത്. നെഗ്ലേരിയ ഫൗലെറി അണുബാധയ്ക്കെതിരെ ഫലപ്രദമായ മരുന്നുകൾ ലഭ്യമല്ലാത്തതിനാൽ ചികിത്സയും പരിമിതമാണ്.
പ്രതിരോധം നല്ലത്
∙ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മാത്രമേ ഇത്തരം നെഗ്ലേരിയ ഫൗലെറി അമീബയുണ്ടാകാൻ സാധ്യതയുള്ളൂ. അതിനാൽ ഏറെക്കാലമായി ഉപയോഗിക്കാതെ കിടക്കുന്ന ജലാശയങ്ങളിലും നീന്തൽക്കുളങ്ങളിലും ഇറങ്ങരുത്.
∙ നീന്തൽക്കുളങ്ങളിൽ ശാസ്ത്രീയ മാനദണ്ഡങ്ങൾക്ക് അനുസൃതമായി നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്തു വെള്ളം സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.
∙ വെള്ളം കെട്ടിക്കിടക്കുന്ന കുളങ്ങളും ജലാശയങ്ങളും വൃത്തിയാക്കുകയും ക്ലോറിനേറ്റ് ചെയ്യുകയും വേണം. എന്നിട്ടേ ഉപയോഗിക്കാവൂ.
∙ മൂക്കിൽ കൂടി മാത്രമേ അമീബ തലച്ചോറിൽ പ്രവേശിക്കുകയുള്ളൂവെന്നതിനാൽ ജലാശയങ്ങളിലും കുളങ്ങളിലും കുളിക്കുമ്പോൾ ‘നോസ് ക്ലിപ്പുകൾ’ ഉപയോഗിക്കാം. അല്ലെങ്കിൽ വെള്ളത്തിൽ മുങ്ങുമ്പോൾ മൂക്ക് പൊത്തിപ്പിടിക്കുക.
(വിവരങ്ങൾ: ഡോ. ജോമൽ മാത്യു, സീനിയർ കൺസൽറ്റന്റ് ന്യൂറോളജിസ്റ്റ്, ലിറ്റിൽ ഫ്ലവർ ആശുപത്രി, അങ്കമാലി)