അപകടം അവസാന വാക്കല്ല; അതിജീവന സാധ്യതകളുമായി അഡ്വാൻസ്ഡ് ട്രോമ കെയർ സെന്റർ
Mail This Article
ചെങ്ങന്നൂർ ഡോ. കെ.എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുമായി ചേർന്ന് മലയാള മനോരമ നടത്തിയ ആസ്ക് യുവർ ഡോക്ടർ പരിപാടിയിൽ പങ്കെടുത്തത് ട്രോമ കെയർ െസന്ററിലെ വിദഗ്ധ ഡോക്ടർമാർ. വാഹനാപകടങ്ങൾക്ക് ഇരയായവർക്കു അതിജീവനത്തിന്റെ പുതിയ പ്രതീക്ഷയും സാധ്യതയുമാണ് അത്യാധുനിക ട്രോമ കെയർ സെന്ററുകൾ തുറന്നുവയ്ക്കുന്നതെന്ന് ചെങ്ങന്നൂർ ഡോ. കെ.എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മാനേജിംഗ് ഡയറക്ടർ ഫാ. ഡോ. അലക്സാണ്ടർ കൂടാരത്തിൽ പറഞ്ഞു. കെഎംസി ആശുപത്രിയിലെ അഡ്വാൻസ്ഡ് ട്രോമ കെയർ സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 24 മണിക്കൂറും സന്നദ്ധരായ എമർജൻസി മെഡിസിൻ സൂപ്പർ സ്പെഷലിസ്റ്റുകളടങ്ങിയ വൻ മെഡിക്കൽ ടീമിന്റെ സഹായത്തോടെ രാജ്യത്തെ ഏതൊരു മെട്രോ നഗരത്തിലും ലഭിക്കുന്ന നൂതന ചികിത്സാ സംവിധാനം കെഎംസി ട്രോമ കെയറിൽ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാഷ്വൽറ്റി പോരാ
അപകടത്തിൽപെടുന്നൊരാളുടെ ശരീരത്തിലും മനസ്സിലും ഏൽക്കുന്ന ഏതൊരു ക്ഷതവും ട്രോമയായിട്ടാണ് കണക്കാക്കുന്നത്. ഇന്ന് ആധുനിക ആശുപത്രികളെല്ലാം ട്രോമ കെയർ യൂണിറ്റുകളിലേക്കു പുരോഗമിച്ചുകഴിഞ്ഞു. തലച്ചോറിലും ഹൃദയത്തിലും ശ്വാസകോശത്തിലുമുള്ള ക്ഷതങ്ങൾ, ആഴമേറിയ മുറിവുകൾ, ആന്തരികാവയവങ്ങളിൽനിന്നുള്ള രക്തസ്രാവം, നട്ടെല്ലിനു സംഭവിക്കുന്ന ഒടിവ്, ബോധക്ഷയം തുടങ്ങി വിവിധ പ്രശ്നങ്ങളുമായെത്തുന്ന രോഗിയെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാൻ മൾട്ടി ഡിസിപ്ലിനറി സൂപ്പർ സ്പെഷലിസ്റ്റുകളുടെ സേവനം അത്യാവശ്യമാണ്.
അഡ്വാൻസ്ഡ് ട്രോമ കെയർ?
രോഗിയുെട ശ്വസനപ്രക്രിയ സാധാരണ നിലയിലെത്തിച്ച് അവരെ സ്റ്റെബിലൈസ് ചെയ്യുകയാണ് ട്രോമ കെയറിൽ ആദ്യം ചെയ്യുക. രണ്ടാമതായി ശരീരത്തിനകത്തും പുറത്തുമുള്ള രക്തസ്രാവം നിയന്ത്രിക്കുന്നു. ആവശ്യമെങ്കിൽ വെന്റിലേറ്ററിന്റെയും എഗ്മോയുടെയും വരെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താറുണ്ട്.
മിനിമലി ഇൻവേസീവ് ലാപ്രോസ്കോപ്പിക് സർജൻ, എമർജൻസി മെഡിസിൻ കൺസൾട്ടന്റ്, ക്രിട്ടിക്കൽ കെയർ ഇന്റൻസിവിസ്റ്റ്, ഇന്റർവെൻഷനൽ റേഡിയോളജിസ്റ്റ്, കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലാർ സർജൻ, ന്യൂറോ, ഓർത്തോപീഡിക് സർജൻമാർ, വിദഗ്ധരായ അെനസ്തേറ്റിസ്റ്റുകൾ, പ്ലാസ്റ്റിക് ആൻഡ് റീ കൺസ്ട്രക്ടീവ് സർജൻ, കൗൺസലിങ്ങിന് സെക്കോളജിസ്റ്റിന്റെയും, സൈക്കാട്രിസ്റ്റിന്റെയും സേവനം ഇങ്ങനെ പലവിധത്തിലുള്ള സൂപ്പർസ്പെഷലൈസേഷനുകളുടെ ഏകോപനത്തിലൂടെയാണ് ട്രോമ കെയറിൽ രോഗി പതുക്കെപ്പതുക്കെ അപകടനില തരണം ചെയ്തു സാധാരണ ജീവിതത്തിലേക്കു മടങ്ങുന്നത്. തുടർന്നുള്ള ചികിൽസയ്ക്ക് വീട്ടിൽചെന്ന് പരിചരിക്കുന്നതിനായി കെഎംസി ഹോസ്പിറ്റലിലെ ഹോംകെയർ, ഹോഡോക് സൗകര്യങ്ങളും ലഭ്യമാണ്.
വീഴ്ചയോ അപകടമോ ഉണ്ടായാൽ എന്തു ചെയ്യണം?
തലച്ചോറിനു സംഭവിക്കുന്ന മാരകമായ ക്ഷതം കാരണം കോമ അവസ്ഥയിലേക്ക് എത്തിപ്പെടുന്നവർ വിരളമല്ല. അപകടത്തെ തുടർന്ന് ട്രോമാ കെയർ സെന്ററിൽ എത്തിച്ചേരുകയാണ് ഏക പ്രതിവിധി. തലച്ചോറിനു ക്ഷതമുണ്ടാകുന്ന ചിലരിൽ പ്രത്യക്ഷത്തിൽ രക്തസ്രാവമോ ബോധക്ഷയമോ ഉണ്ടാകണമെന്നില്ല. അപകടം നടന്ന് ഉടനടി എഴുന്നേറ്റു നടക്കുമെങ്കിലും പെട്ടെന്നു മരണപ്പെടുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. തലയ്ക്കു ശക്തമായ പ്രഹരം ഏറ്റിട്ടുണ്ടെങ്കിൽ നിർബന്ധമായും സിടി സ്കാൻ /എംആർഎ ചെയ്യേണ്ടതാണ്.നട്ടെല്ലിനും ഇടുപ്പെല്ലിനും മാരകമായ പരുക്കു പറ്റിയിട്ടുണ്ടെങ്കിൽ ശ്രദ്ധാപൂർവം മാത്രമേ ആശുപത്രിയിലേക്ക് എത്തിക്കാവൂ. അപകടം നടന്നതിന് ശേഷം അവിടേക്ക് എത്തുന്നവരുടെ അശാസ്ത്രീയ പരിചരണം കാരണവും പലരും ജീവിതകാലം മുഴുവൻ കിടപ്പിലായിപ്പോകാറുണ്ട്. കെ.എം.സി ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ATPP ഇതിനൊരു പരിഹാരമാർഗമാണ്.
മാതൃകയായി ATPP (ആക്സിഡന്റ് ട്രീറ്റ്മെന്റ് പ്രോഗ്രാം–പബ്ലിക് സപ്പോർട്ട്)
ഒരു അപകടം സംഭവിക്കുമ്പോൾ അപകടത്തിനിരയായവരുടെ ജീവൻ രക്ഷിക്കുക എന്നത് മറ്റുള്ളവരുടെ ഉത്തരവാദിത്വമാണ്. കെ.എം.സി ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെമ്പാടുമുള്ള വിജിലൻസ്, എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥർക്കും, ആംബുലൻസ് ടാക്സി ഡ്രൈവർമാർക്കും വ്യാപാരികൾക്കും, സന്നദ്ധ സംഘടനാ പ്രവർത്തകർക്കും, മത്സ്യത്തൊഴിലാളികൾക്കും, റെയിൽവേ ജീവനക്കാർക്കും ഉൾപ്പെടെ പൊതുജനങ്ങൾക്കു നൽകിവരുന്ന ATPPപരിശീലനം മാതൃകയാണ്.
അരുത്, ഇങ്ങനെ ചെയ്യരുത്
∙ വാഹനം ഓടിക്കുമ്പോൾ ക്ഷീണമോ ഉറക്കമോ തോന്നുന്നെങ്കിൽ വിശ്രമിച്ചശേഷം മാത്രം തുടരുക.
∙ അപകടത്തിൽ കഴുത്തിനോ നട്ടെല്ലിനോ കാര്യമായ ക്ഷതമേറ്റെങ്കിൽ രോഗിയെ അനക്കാൻ ശ്രമിക്കരുത്.
∙ പ്രഥമ ശുശ്രൂഷക്കു ശേഷം പാരാമെഡിക്കൽ സ്റ്റാഫിന്റെ സഹായത്തോടെ മാത്രമേ സ്ഥാനം മാറ്റാൻ പാടുള്ളൂ.
∙ അബോധാവസ്ഥയിൽ കിടക്കുന്ന ആൾക്ക് വായിൽ വെള്ളം ഒഴിച്ചുകൊടുക്കാൻ പാടില്ല.
∙ അപകടം നടന്ന ശേഷമുള്ള ആദ്യ ഒരു മണിക്കൂർ ഗോൾഡൻ അവർ എന്നാണ് അറിയപ്പെടുന്നത്. ഈ സമയത്തിനകം രോഗിയെ ട്രോമ കെയർ സംവിധാനമുള്ള ആശുപത്രിയിലേക്ക് വേഗം എത്തിക്കുക.