ADVERTISEMENT

വാശിയേറിയ ഒരു ഫുട്ബോൾ മത്സരത്തിൽ പന്തുമായി എതിരാളികളെ കബളിപ്പിച്ച് മുന്നേറുന്ന കളിക്കാരൻ പെട്ടെന്ന് നിലത്ത് വീണു വേദനകൊണ്ടു പുളയുന്നത് അത്ര സുഖമുള്ള കാഴ്ചയല്ല. നേരിട്ടോ ടിവിയിലോ ഈ രംഗം കാണുമ്പോൾ പലരും അക്ഷമരാകും. വേദനസംഹാരി സ്പ്രേയുമായി വൈദ്യസംഘം ഗ്രൗണ്ടിലേക്ക് പാഞ്ഞ് എത്തുന്നതും പ്രഥമശുശ്രൂഷ നൽകുന്നതും സ്ഥിരം കാഴ്ചയാണെങ്കിലും കളിക്കാരന്റെ വേദന അയാളുടെ മാത്രമാണ്. ചിലപ്പോൾ അത്തരമൊരു പരുക്ക് താരത്തിന്റെ കരിയറിന്റെ അവസാനം കുറിക്കാനും സാധ്യതയുണ്ട്. കളിക്കളത്തിലെ താരങ്ങളുടെ കാര്യം ഇങ്ങനെയെങ്കിൽ സാധാരണക്കാരുടെ കാര്യവും ഒട്ടും വ്യത്യസ്തമല്ല. കളിക്കളത്തിൽ മാത്രമല്ല നിത്യജീവിതത്തിലും ആരും പരുക്കുകൾക്ക് അതീതരല്ല. നിത്യജീവിതത്തിൽ ശരീരത്തിന് ഏൽക്കുന്ന പരിക്കുകൾ നിസാരമാക്കിയാൽ കാര്യങ്ങൾ കൈവിട്ടുപോകും. കളത്തിനു പകരം ഗാലറിയിലിരുന്നു കളി കാണേണ്ടി വരും. സമയക്കുറവു കൊണ്ടോ ചികിൽസ തേടാനുള്ള വിമുഖത കൊണ്ടോ പലപ്പോഴും പരിക്കുകളെ നിസാരമായി കാണുന്നവരാണ് ഭൂരിപക്ഷവും. വേദന വർധിച്ച് ഭാവിയിൽ ചലനശേഷി നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഓർക്കുക, കളത്തിലെ സൂപ്പർ താരങ്ങളെ പോലെ തന്നെയാണ്  ഈ വരികൾ വായിക്കുന്നവരും. കാരണം വേദനയ്ക്ക് സൂപ്പർതാരം  എന്നോ സാധാരണക്കാരൻ എന്നോ വ്യത്യാസമില്ല.

sp-well-fort-hosptial-thiruvananthapuram-knee-surgery-one

സാധാരണയായി കാണുന്ന പരുക്കുകൾ
കായിക വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന സാധാരണ പരുക്കുകളിലൊന്നാണ് കാൽമുട്ട് തിരിയുന്ന  അവസ്ഥ. മുട്ടിന് അകത്തുള്ള ലിഗമെന്റുകൾ എന്നിവയ്ക്ക് പരുക്കുണ്ടാകാൻ സാധ്യതയേറെ. തോളിന് ഏൽക്കുന്ന പരുക്കുകളും അവധിക്കാലത്ത് സാധാരണമാണ്. വോളിബോൾ, ടെന്നിസ്, ബാഡ്മിന്റൺ, ക്രിക്കറ്റ് എന്നീ കായിക വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ തോളിനു പരുക്കേൽക്കാൻ സാധ്യത കൂടുതലാണ്. കൈമുട്ടിനെ ബാധിക്കുന്ന ടെന്നീസ് എൽബോ എന്ന അവസ്ഥയും സംഭവിക്കാം. കൂടാതെ സ്ഥിരമായി ഓടുന്ന ആളുകളിൽ സാധാരണ കണ്ടു വരുന്ന പരുക്കാണ് സ്ട്രെസ് ഫ്രാക്ചർ. ആർട്ടിഫിഷൽ ടർഫുകൾ, കട്ടിയുള്ള പ്രതലം എന്നിവയിൽ ഓടുമ്പോൾ സ്ട്രെസ് ഫ്രാക്ചർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ടെന്നിസ് എൽബോ, ആങ്കിൾ സ്പ്രെയിൻ, കാലിന്റെ കുഴയ്ക്ക് ഏല്ക്കുന്ന പരുക്കുകൾ, ഷിൻ സ്പ്ലിന്റ്സ് എന്നിവയും വ്യായാമം ചെയ്യുന്ന ആളുകളിൽ സാധാരണ സംഭവിക്കുന്ന പരുക്കുകളാണ്.

sp-well-fort-hosptial-thiruvananthapuram-knee-surgery-four

എല്ലുകളുടെ സ്ഥാനഭ്രംശം (ഡിസ് ലൊക്കേഷൻ) ചെറുപ്പക്കാരിൽ (25 വയസ്സുവരെ) സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. സ്ഥിരമായി കായികക്ഷമത ആവശ്യമുള്ള വിനോദങ്ങളിൽ ഏർപ്പെടുന്നതിനാലാണിത്. വിദഗ്ധ ഓർത്തോപീഡിക് ഡോക്ടറുടെ സേവനം ആവശ്യമാണ്. എല്ലുകൾ സ്ഥാനം തെറ്റിയാൽ മൂന്നാഴ്ച വിശ്രമം ആവശ്യമാണ്. ചിലരിലെങ്കിലും അസ്ഥികൾ സ്ഥിരമായി സ്ഥാനം തെറ്റുന്ന അവസ്ഥയുണ്ട്. ഇതിന്  താക്കോൽ ദ്വാര ശസ്ത്രക്രിയ ഉൾപ്പെടെ ഒന്നിലധികം ചികിത്സകൾ ലഭ്യമാണ്. ഓടി വീഴ്ചയെ തുടർന്ന് എല്ലുകൾ ഒടിയുന്നതും പൊട്ടുന്നതും ചെറുപ്പക്കാരിലും മുതിർന്നവരിലും സാധാരണമാണ്. ഒടിവോ പൊട്ടലോ സംഭവിച്ചാൽ പരുക്കേറ്റ ഭാഗം അനക്കം തട്ടാതെ ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കണം. പരുക്കിന്റെ കാഠിന്യം അനുസരിച്ച് ചികിത്സാരീതികളിൽ വ്യത്യാസമുണ്ടാകും. ആറ് മുതൽ എട്ട് ആഴ്ച വരെ വിശ്രമം വേണ്ടിവരും. ഓസ്റ്റിയോപൊറോസിസ് പോലെയുള്ള എല്ലുകളുടെ കട്ടി കുറയുന്ന രോഗാവസ്ഥയും അസ്ഥികൾ പൊട്ടാൻ  കാരണമാകും. 50 വയസ്സ് പിന്നിട്ടവർ കായിക വിനോദങ്ങളിലോ വ്യായാമത്തിലോ ഏർപ്പെടുമ്പോൾ പ്രത്യേകം ശ്രദ്ധ പുലർത്തണം.

sp-well-fort-hosptial-thiruvananthapuram-knee-surgery-two

പരുക്കുകളുടെ ലക്ഷണം
വേഗത കൂടിയ കളികൾക്കിടയിലാണ് കാൽമുട്ടിന് പൊതുവെ പരുക്കുകൾ പറ്റാറുള്ളത്. വേഗത്തിൽ വന്നു കാല്  കുത്തിയശേഷം വശങ്ങളിലേക്ക് തിരിയുന്നത് പരുക്കിന് കാരണമാകുന്നു. മുട്ടിനുള്ളിൽ നീരും കാൽ അനക്കുമ്പോൾ അതിശക്തമായ വേദനയുമാണ് തുടക്കത്തിൽ അനുഭവപ്പെടുക. ക്രൂശിയറ്റ്, കൊളാറ്ററൽ എന്നീ ലിഗമെന്റുകളുടെ ജോലി കാൽമുട്ടിന്റെ കുഴ തെറ്റാതെ കാക്കുന്നതാണ്. ഇവയ്ക്ക് പരുക്ക് പറ്റുമ്പോഴുണ്ടാകുന്ന വേദനയും നീരും മൂന്ന് നാല് ആഴ്ചകളിൽ മാറുകയും പിന്നീട് നടക്കുമ്പോൾ മുട്ട് തെന്നുന്നതായി അനുഭവപ്പെടുകയും ചെയ്യുന്നു. ഇതുമൂലം രോഗിക്ക് പടികൾ ഇറങ്ങുന്നതിനും കളിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാവൂ. മെനിസ്കസിനുണ്ടാകുന്ന പരുക്കുകളിൽ നീര് മാറിയതിനുശേഷവും വേദന നിലനിൽക്കുകയും മുട്ട് അനക്കുമ്പോൾ കൊളുത്തി പിടിക്കുന്ന വേദന ഉണ്ടാവുകയും ചെയ്യുന്നു.

SP Well Fort Thiruvananthapuram

വീക്കെൻഡ് വാരിയേഴ്സ് സൂക്ഷിക്കുക
ദിവസവും വ്യായാമം ചെയ്യുന്നവരെക്കാൾ വാരാന്ത്യത്തിൽ കൂടുതൽ സമയം കായിക വിനോദങ്ങൾക്കായി മാറ്റിവയ്ക്കുകയാണ് പതിവ്. ദിവസവും വ്യായാമം ചെയ്യുന്നവർക്കു മസിലുകൾക്ക് കായിക താരങ്ങളുടെ പോലെ ക്ഷമതയുണ്ടാകുമെങ്കിലും വാരാന്ത്യത്തിൽ മാത്രം കായിക വിനോദത്തിൽ ഏർപ്പെടുന്നവരുടെ കാര്യം അത്ര സുഖകരമാകണമെന്നില്ല.

sp-well-fort-hosptial-thiruvananthapuram-knee-surgery-three

സ്പോർട്സ് ടർഫുകളുടെ വരവോടെ വാരാന്ത്യത്തിൽ കൂട്ടമായി ക്രിക്കറ്റ്, ഫുട്ബോൾ എന്നിവ കളിക്കുമ്പോൾ പലപ്പോഴും മുട്ടിനോ ശരീരഭാഗങ്ങൾക്കോ പരിക്കേൽക്കാൻ സാധ്യതയുണ്ട്. ശരീരം പെട്ടെന്നു തീവ്രമായ കായിക പ്രവർത്തികളോടു പ്രതികരിക്കാൻ ശേഷിയില്ലാതെ വരുമ്പോഴാണ് പരുക്കിനുള്ള സാധ്യതയേറുന്നത്. എല്ലാ ദിവസവും മിതമായി വ്യയാമം ചെയ്ത് മസിലുകൾ ദൃഢപ്പെടുത്തി ശരീരത്തെ മെരുക്കി എടുക്കുകയാണ് വേണ്ടത്.

dr-ganesh-navneethan-sp-well-fort-hospital
ഡോ. ഗണേഷ് നവനീതൻ

അവഗണിക്കരുത് മുട്ടിൽ നിന്നും കേൾക്കുന്ന ശബ്ദം
ഓടുമ്പോൾ തെന്നി വീഴുകയോ കൂട്ടിയിടിച്ചോ പലപ്പോഴും കാലിന്റെ മുട്ടിനു പരിക്കേൽക്കാറുണ്ട്. കളിയുടെ ആവേശത്തിൽ പരുക്ക് നിസാരമാക്കുന്നവരാണു പലരും. സംഭവത്തിനുശേഷം നടക്കുമ്പോൾ മുട്ടിൽ നിന്നും ശബ്ദം കേൾക്കുന്നുണ്ടെങ്കിൽ അടിയന്തരമായി വൈദ്യസഹായം തേടുന്നതാണ് അഭികാമ്യം. പരിക്കേറ്റ ഭാഗത്ത് പെട്ടെന്നു നീരുവയ്ക്കുകയും നടക്കാൻ പ്രയാസവും മുട്ടുമടക്കാൻ തോന്നുകയും ചെയ്താൽ സമയം കളയരുത്. തോളെല്ലിന്റെ സ്ഥാനം തെറ്റുന്ന സാഹചര്യത്തിലും ഇതേ ലക്ഷണങ്ങൾ തന്നെ പ്രകടമാകും. പലപ്പോഴും വേദന അനുഭവപ്പെടുമ്പോൾ വേദന സംഹാരികൾ തിരുമാൻ ശ്രമിക്കാറുണ്ട്. അങ്ങനെ ചെയ്യുമ്പോൾ പലപ്പോഴും പരുക്കു കൂടുതൽ വഷളാവാൻ സാധ്യതയുണ്ട്. ഡോക്ടറുടെ മേൽനോട്ടത്തിൽ എക്സ്റേ, അൾട്രാ സൗണ്ട്, എംആർഐ സ്കാൻ തുടങ്ങിയ മാർഗങ്ങളിലൂടെ പരുക്കിന്റെ അവസ്ഥ മനസിലാക്കി വിദഗ്ധ ചികിത്സ തേടുകയാണ് വേണ്ടത്.

dr-mbin-bin-latheef-sp-well-fort-hospital
ഡോ. മോമിൻ ബിൻ ലത്തീഫ്

വേദനയ്ക്ക്  ശമനം നൽകും മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ
കാൽമുട്ടിന്റെ ആരോഗ്യം നമ്മുടെ ദൈനംദിനചര്യകളിൽ ഏറ്റവും പ്രധാനമാണ്. രണ്ടുവിധത്തിൽ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തപ്പെടുന്നത്. മുട്ടു പൂർണമായും മാറ്റിവയ്ക്കുന്നതും ഭാഗികമായി മാറ്റിവയ്ക്കുന്നതും രോഗിക്ക് അനുയോജ്യമായ അനസ്തേഷ്യ ഏതെന്നു കണ്ടെത്തണം. ജനറൽ അനസ്തേഷ്യയോ സ്പൈനൽ അനസ്തേഷ്യയോ നൽകിയാണ് ശസ്ത്രക്രിയ ചെയ്യുന്നത്. ഒരു മണിക്കൂർ മുതൽ രണ്ടു മണിക്കൂർ വരെ മാത്രം നീളുന്നതാണ് ശസ്ത്രക്രിയ. കേടുപാടു സംഭവിച്ച കാർട്ടിലേജ് നീക്കം ചെയ്ത് അതേ ആകൃതിയിലുള്ള ലോഹഭാഗം ഒട്ടിക്കും. മുട്ടിന്റെ വളവുകൾ മാറ്റിയ ശേഷമായിരിക്കും ഇതു ചെയ്യുന്നത്. ശസ്ത്രക്രിയയ്ക്കുശേഷം കാലിന്റെ ‍ഞെരമ്പിനു ചുറ്റും കത്തീറ്റർ കടത്തി വേദനസംഹാരി കുത്തിവയ്ക്കും. ഞരമ്പുകൾ മരവിക്കുന്നതോടെ വേദന അറിയാത്ത അവസ്ഥയിലാവും. ഇവിടെ ഒരു ചെറിയ പമ്പ് കൂടി ഘടിപ്പിച്ച് ഘട്ടംഘട്ടമായി മരുന്നു കുത്തിവയ്ക്കും. വേദനയില്ലാതെ നടക്കാനും ഇതോടെ രോഗിക്കു സാധിക്കും.

എത്ര ദിവസം കൊണ്ട് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാൻ സാധിക്കും ?
സാധാരണയായി ആറ് ആഴ്ചകൾക്ക് ശേഷം വാക്കറിന്റെ സഹായമില്ലാതെ രോഗിക്ക് നടക്കാൻ സാധിക്കുക. ശസ്ത്രക്രിയയുടെ പിറ്റേന്ന് വാക്കറിന്റെ സഹായത്തോടെ രോഗിയെ നടത്തും. കട്ടിലിൽ കിടന്നു കൊണ്ടുതന്നെ മുട്ട് മടക്കാൻ യന്ത്ര സഹായവും ലഭ്യമാക്കും. കാലിലെ നീരു കുറയ്ക്കാനു രക്തയോട്ടം വർധിപ്പിക്കാനും ഇതു സഹായകമാണ്. രോഗിക്കു തനിയെ നടക്കാൻ കഴിയുന്ന അവസ്ഥയിൽ എത്തിയാൽ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്യും. ഒരു മുട്ടു മാറ്റിവയ്ക്കുകയാണെങ്കിൽ മൂന്നു ദിവസത്തിനുശേഷവും രണ്ടു മുട്ടും മാറ്റിവയ്ക്കുകയാണെങ്കിൽ ആറു ദിവസങ്ങൾക്ക് ശേഷമാണ് ഡിസ്ചാർജ് ചെയ്യുക.

താൻ പാതി ഫിസിയൊതെറപ്പി പാതി
ശസ്ത്രക്രിയയുടെ ഫലപ്രാപ്തി ലഭ്യമാകണമെങ്കിൽ ഫിസിയൊതെറപ്പി അനിവാര്യമാണ്. ആറ് ആഴ്ച നീണ്ടു നിൽക്കുന്ന ഫിസിയൊതെറപ്പി മുട്ടിനു ചുറ്റുമുള്ള മാംസപേശികളെ ശക്തിപ്പെടുത്തു. മറ്റു പ്രശ്നങ്ങളില്ലെങ്കിൽ രണ്ട് ആഴ്ചയ്ക്കുള്ളിൽ സ്റ്റിച്ചും എടുക്കും. സ്റ്റിച്ചും എടുത്ത ശേഷവും വ്യായാമം തുടരേണ്ടതുണ്ട്. ആദ്യം വീട്ടിനുള്ളിലും പിന്നീട് പുറത്തും വാക്കറിന്റെ സഹായത്തോടെ നടക്കണം. ആദ്യ ആഴ്ചകളിൽ വാക്കറിൽ ബലം ഊന്നി നടക്കണമെങ്കിലും ക്രമേണ കാലുകളിൽ ബലം നൽകി നടക്കാം. ആറ് ആഴ്ചയ്ക്കുള്ളിൽ രോഗി സാധാരണ നിലയിലാവും. വാഹനം ഓടിക്കാൻ പോലും സാധിക്കും. ആറ് ആഴ്ചകൾക്ക് ശേഷം തുടർ പരിശോധനയ്ക്കായി ആശുപത്രിയിൽ വരേണ്ടതാണ്. പരിശോധനയിൽ മാറ്റിവച്ച മുട്ടിന്റെ ചലനങ്ങൾ സൂക്ഷമമായി പരിശോധിക്കും. രോഗിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതി കാണിച്ചാൽ മൂന്നു മാസത്തിനുശേഷം തുടർ പരിശോധനയ്ക്കായി വന്നാൽ മതിയാകും.

മുട്ടാണ് തിടുക്കം വേണ്ട ക്ഷമ വേണം
ചാടികയറി ഭാരം ഉയർത്തുന്നതും കാലുകൾ കൊണ്ട് കനമുള്ള വസ്തുകൾക്ക് തള്ളിമാറ്റുന്നതുമെല്ലാം ഒഴിവാക്കേണ്ടതാണ്. ഫിസിയോതെറാപ്പിസ്റ്റ് നിഷ്കർഷിച്ചിരിക്കുന്ന വ്യായാമമുറകൾ മുടക്കം കൂടാതെ ചെയ്യാമെങ്കിലും കായിക വിനോദങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കണം. കാരണം മുട്ടുകളിൽ കഠിനമായ സമ്മർദം കൊടുക്കുന്നത് ദോഷം ചെയ്യും. 50–80 വയസിനുള്ളിൽ ഉള്ളവരായിരിക്കും ഏറെയും രോഗികൾ. എല്ലാ പ്രായത്തിലുള്ള രോഗികൾക്കും ശസ്ത്രക്രിയ വിജയകരമായി ചെയ്യാവുന്ന വിധത്തിൽ വൈദ്യശാസ്ത്രം വളർന്നിട്ടുണ്ട്.
(ലേഖകർ ഓർത്തോപീഡിക് സ്പോർട്സ് മെഡിസിൻ വിദഗ്ധരാണ്)

English Summary:

Knee Replacement Surgery: Your Guide to Pain Relief and Recover

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com