അതിശക്തമായ മഴ; ഗുജറാത്തില്‍ വിചിത്രമായ പനി പടരുന്നു: കുട്ടികള്‍ ഉള്‍പ്പെടെ 12 മരണം
Mail This Article
അതിശക്തമായ മഴയെ തുടര്‍ന്ന് ഗുജറാത്തിലെ കച്ച് മേഖലയില്‍ വിചിത്രമായ ഒരു പനി പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനകം നാല് കുട്ടികള്‍ അടക്കം 12 പേര്‍ ഈ പനി ബാധിച്ച് മരണപ്പെട്ടു. കച്ച് ജില്ലയിലെ ലാഖ്‌പത് താലുക്കയില്‍ ഉള്ളവരാണ് മരണമടഞ്ഞ 12 പേരും.
പനിയുടെ കൃത്യമായ സ്രോതസ്സ് ഇനിയും അറിവായിട്ടില്ലെങ്കിലും ശ്വാസകോശത്തിനെ ബാധിക്കുന്ന അണുബാധയായ ന്യുമോണൈറ്റിസാണ് മരണകാരണമെന്ന് പ്രദേശത്തെ ആരോഗ്യ അധികൃതര്‍ പറയുന്നു. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. ഉയര്‍ന്ന പനി, ശ്വസന പ്രശ്‌നങ്ങള്‍ എന്നിവയാണ് മുഖ്യമായും കാണപ്പെടുന്ന ലക്ഷണങ്ങള്‍. എച്ച്1എന്‍1, സ് വൈന്‍ ഫ്‌ളൂ, മലേറിയ, ഡെങ്കിപ്പനി, ക്രിമിയന്‍-കോംഗോ ഫീവര്‍ തുടങ്ങിയ പനികളുടെ സാധ്യത ആരോഗ്യ വകുപ്പ് തള്ളുന്നു.
പനി ബാധിത പ്രദേശങ്ങളില്‍ 22 ആരോഗ്യ സംഘങ്ങളെ നിയോഗിച്ചതായി കച്ച് ജില്ലാ കളക്ടര്‍ അമിത് അരോര പറയുന്നു. പ്രദേശ വാസികളില്‍ നിന്ന് സാംപിളുകള്‍ പരിശോധനയ്‌ക്കായി ശേഖരിച്ചിട്ടുണ്ട്. രാജ്‌കോട് പിഡിയു മെഡിക്കല്‍ കോളജില്‍ നിന്നുള്ള ദ്രുതകര്‍മ്മ സേനകളും അടിയന്തിര സാഹചര്യം പ്രമാണിച്ച് പ്രദേശത്തുണ്ട്.