വൈദ്യരത്‌നവും ജോൺസ് ഹോപ്കിൻസ് സർവകലാശാലയുംസംയുക്ത ഗവേഷണത്തിനായി കൈകോർക്കുന്നു
Mail This Article
തൃശൂർ ∙ ആയുർവേദരംഗത്തെ മുൻനിരക്കാരായ വൈദ്യരത്‌നം ഗ്രൂപ്പും ലോകപ്രശസ്തമായ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റി(യുഎസ്എ)യും ആരോഗ്യരംഗത്ത് സംയുക്തമായി ഗവേഷണം നടത്താനുള്ള സഹകരണത്തിനായുള്ള പ്രാരംഭ ചർച്ചകൾ പൂർത്തിയാക്കി. ആയുർവേദ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സഹകരണം. ഹൃദയാരോഗ്യ രംഗത്താണ് സംയുക്ത ഗവേഷണം നടത്തുക. ‘വൈദ്യരത്‌നവും ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റിയും നൂറ്റാണ്ടുകളുടെ പാരമ്പര്യത്തിൽ അഭിമാനിക്കുന്നവരാണ്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്വകാര്യ ഗവേഷണ സർകലാശാലയുമായുള്ള ഞങ്ങളുടെ സഹകരണം ആരോഗ്യരംഗത്തിനൊട്ടാകെ ഗുണം ചെയ്യും’, വൈദ്യരത്‌നം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അഷ്ടവൈദ്യൻ ഡോ. ഇ.ടി. നീലകണ്ഠൻ മൂസ്സ് പറഞ്ഞു. ഡോ. ഇ.ടി. നീലകണ്ഠൻ മൂസ്സും എക്‌സിക്യുട്ടീവ് ഡയറക്ടർ അഷ്ടവൈദ്യൻ ഡോ. ഇ.ടി. കൃഷ്ണൻ മൂസ്സും ചർച്ചകൾക്കായി ബാൾട്ടിമോറിലെ സർവകലാശാല ക്യാംപസ് സന്ദർശിച്ചിരുന്നു. മുൻ നെതർലാന്റ്‌സ് അംബാസഡർ ഡോ. വേണു രാജാമണി, സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്‌സ് ടെക്‌നോളജി മുൻ ഡയറക്ടർ ഡോ. രഘു നടരാജൻ, ജോൺസ് ഹോപ്കിൻസ് സ്‌കൂൾ ഓഫ് മെഡിസിനിലെ പ്രൊഫസർ ഡോ. ഷെൽബി കുട്ടി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.1876ൽ സ്ഥാപിതമായ, ഉന്നത വിദ്യാഭ്യാസ രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങൾ കൊണ്ടുവന്ന ജോൺസ് ഹോപ്കിൻസ് അമേരിക്കയിലെ ആദ്യത്തെ ഗവേഷണ സർവകലാശാലയാണ്.നിർമ്മിത ബുദ്ധി പോലുള്ള ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പരമ്പരാഗതമായ ആയുർവേദ അറിവുകൾക്ക് ശാസ്ത്രീയ തെളിവുകൾ നൽകുന്നതിൽ മുൻനിരയിലാണ് വൈദ്യരത്‌നം ഗ്രൂപ്പ്.