ADVERTISEMENT

കൊഴുപ്പ് കൂടിയതും കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞതും പ്രോട്ടീന്‍ മിതമായ തോതിലുള്ളതുമായ ഭക്ഷണക്രമമാണ് കീറ്റോജനിക് അഥവാ കീറ്റോ ഡയറ്റ്. ഭാരം കുറയ്ക്കാനും പ്രമേഹ രോഗികളില്‍ പഞ്ചസാരയുടെ തോത് കുറയ്ക്കാനും ഇത് ഫലപ്രദമാണെന്ന് കരുതപ്പെടുന്നു. മാംസോത്പന്നങ്ങള്‍ പരിപൂര്‍ണ്ണമായും ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും ഹോള്‍ ഗ്രെയ്‌നുകളും പയര്‍ വര്‍ഗ്ഗങ്ങളും നട്‌സും ഉള്‍പ്പെടുത്തിയ സസ്യ ഭക്ഷണക്രമവും കീറ്റോ ഡയറ്റ് പോലെ തന്നെ ഫലപ്രദമായ ഒന്നാണ്. ഹൃദ്രോഗം, ചിലതരം അര്‍ബുദങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയുടെ സാധ്യത കുറയ്ക്കാന്‍ സസ്യഭക്ഷണക്രമം സഹായിക്കും. 

കീറ്റോ ഡയറ്റിലേക്കോ സസ്യാഹാരത്തിലേക്കോ മാറിയാല്‍ ഗുണങ്ങള്‍ പലതാണ്. 
1. ഭാരം കുറയ്ക്കാം
സംസ്‌കരിച്ച കാര്‍ബോഹൈഡ്രേറ്റും അനാരോഗ്യകരമായ കൊഴുപ്പും കുറവാണെന്നതിനാല്‍ കീറ്റോ ഡയറ്റും സസ്യ ഭക്ഷണക്രമവും ഭാരവും അമിതവണ്ണവും കുറയ്ക്കാന്‍ സഹായകമാണ്. 
2. രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കും
രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാനും ഇന്‍സുലിന്‍ സംവേദനത്വം മെച്ചപ്പെടുത്താനും കീറ്റോ ഡയറ്റ് സഹായകമാണ്. ഉയര്‍ന്ന തോതില്‍ ഫൈബര്‍ ഉള്ളതും സംസ്‌കരിച്ച പഞ്ചസാര കുറഞ്ഞതുമായ സസ്യഭക്ഷണക്രമവും പ്രമേഹനിയന്ത്രണത്തില്‍ നല്ലതാണ്. 
3. നീര്‍ക്കെട്ട് കുറയും
ശരീരത്തിലെ നീര്‍ക്കെട്ടിന്റെ തോത് കുറയ്ക്കാന്‍ ഇരു ഭക്ഷണക്രമവും സഹായകമാണ്. കീറ്റോ ഡയറ്റ് റിഫൈന്‍ ചെയ്ത ധാന്യങ്ങളും പഞ്ചസാരയും നിയന്ത്രിച്ച് നീര്‍ക്കെട്ട് കുറയ്ക്കും. സസ്യഭക്ഷണത്തില്‍ ആന്റി ഓക്‌സിഡന്റുകളും ഫൈറ്റോകെമിക്കലുകളും ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ നീര്‍ക്കെട്ട് കുറയ്ക്കാന്‍ സാധിക്കും. 
4. ഹൃദയാരോഗ്യം മെച്ചപ്പെടും
കീറ്റോ ഡയറ്റ് പിന്തുടരുന്നത് രക്തത്തിലെ നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുകയും ചീത്ത കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കുകയും ചെയ്യും. ഇത് ഹൃദയത്തിനു സംരക്ഷണം നല്‍കും. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനാല്‍ സസ്യഭക്ഷണവും ഹൃദയാരോഗ്യത്തിന് നല്ലതാണ്. 
5. ഊര്‍ജ്ജത്തിന്റെ തോത് വര്‍ധിക്കും
രക്തത്തിലെ പഞ്ചസാരയുടെ തോത് വല്ലാതെ കൂടാനും കുറയാനും ഇട നല്‍കാത്ത കീറ്റോ ഡയറ്റും സസ്യഭക്ഷണവും സ്ഥിരമായ ഊര്‍ജ്ജം പ്രദാനം ചെയ്യും. 


Representative image. Photo Credit: RossHelen/istockphoto.com
Representative image. Photo Credit: RossHelen/istockphoto.com

6. മാനസികാരോഗ്യം നിലനിര്‍ത്തും
ആരോഗ്യകരമായ കൊഴുപ്പടങ്ങിയതിനാലും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുമെന്നതിനാലും കീറ്റോ ഡയറ്റ് പിന്തുടരുമ്പോള്‍ മാനസികാരോഗ്യം മെച്ചപ്പെടുകയും ഏകാഗ്രതയും ആശയവ്യക്തതയും ഏറുകയും ചെയ്യും. സസ്യാധിഷ്ഠിത പോഷണങ്ങള്‍ ഏറെയുളള സസ്യഭക്ഷണക്രമവും തലച്ചോറിന് നല്ലതാണ്. 
7. മാറാരോഗങ്ങളുടെ സാധ്യത കുറയും
പ്രമേഹം, അമിതവണ്ണം, ചിലതരം അര്‍ബുദങ്ങള്‍, ഹൃദ്രോഗം എന്നിങ്ങനെ പലതരം മാറാരോഗങ്ങളുടെ സാധ്യതയും കീറ്റോ ഡയറ്റും സസ്യഭക്ഷണക്രമവും കുറയ്ക്കുന്നതാണ്. 
8. മെച്ചപ്പെട്ട ദഹനം
ദഹനം മെച്ചപ്പെടുത്തി മലബന്ധമില്ലാതെ സുഖകരമായ ശോധന ഉറപ്പാക്കാന്‍ ഫൈബറുകള്‍ ധാരാളമടങ്ങിയ സസ്യഭക്ഷണം സഹായിക്കും. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം പോലുള്ള പ്രശ്‌നങ്ങളെ ലഘൂകരിക്കാന്‍ കീറ്റോ ഡയറ്റും നല്ലതാണ്. 
9. കായിക ക്ഷമത വര്‍ധിപ്പിക്കും
ശരീരത്തിന് ഊര്‍ജ്ജം നല്‍കാന്‍ കൊഴുപ്പ് ഉപയോഗപ്പെടുത്തുക വഴി കായികക്ഷമത വര്‍ധിപ്പിക്കാന്‍ കീറ്റോ ഡയറ്റ് നല്ലതാണ്. അവശ്യ പോഷണങ്ങള്‍ നല്‍കിയും പേശികളുടെ റിക്കവറി സമയം കുറച്ചും സസ്യഭക്ഷണവും കായിക പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിക്കും. 

10. വയറിലെ ബാക്ടീരിയകള്‍ക്കും നല്ലത്
പ്രതിരോധ ശക്തി മെച്ചപ്പെടുത്തി രോഗങ്ങള്‍ വരാതെ കാക്കാന്‍ വയറിലെ പ്രയോജനകരമായ ബാക്ടീരിയകളെ നിലനിര്‍ത്തേണ്ടതുണ്ട്. സസ്യഭക്ഷണവും കീറ്റോ ഡയറ്റും ഇക്കാര്യത്തില്‍ ഫലപ്രദമാണ്. 
അതേ സമയം വൈറ്റമിന്‍ ബി12, അയണ്‍, കാല്‍സ്യം, ഒമേഗ-3 ഫാറ്റി ആസിഡ് എന്നിങ്ങനെ മൃഗോത്പന്നങ്ങളില്‍ നിന്ന് മുഖ്യമായും ലഭിക്കുന്ന പോഷണങ്ങളുടെ കുറവ് നികത്താന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സസ്യഭക്ഷണം പിന്തുടരുന്നവര്‍ സ്വീകരിക്കേണ്ടതാണ്. 

എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം: വിഡിയോ

English Summary:

Changing into Ketogenic or Vegan Diet can help in Weightloss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com