സോഷ്യൽമീഡിയയിലെ പ്രണയക്കെണികളിൽ വീഴുന്നതെങ്ങനെ? ഇതിനു പിന്നിലെ മനഃശാസ്ത്രം അറിയാം
Mail This Article
ചോദ്യം: ഒരു വട്ടം പോലും കാണാതെ സോഷ്യൽ മീഡിയ വഴി പല പ്രണയബന്ധങ്ങളും ഉണ്ടാവാറുണ്ട്. പരസ്പരം അറിഞ്ഞ്, അംഗീകരിച്ചതിനു ശേഷമാണല്ലോ ഒരാളെ ജീവിതതതിലേക്ക് ക്ഷണിക്കാൻ. പക്ഷേ ഇവിടെ അങ്ങനെ അല്ല സംഭവിക്കുന്നത്. സോഷ്യൽ മീഡിയയുടെ പ്രഭാവംവളരെ വ്യക്തമായി കുട്ടികളിലും ടീനേജുകാർക്കിടയിലും കാണുന്നുണ്ട്. ഇതിനെക്കുറിച്ചുള്ള അഭിപ്രായം?
ഉത്തരം: ഒരുപാട് ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും അതിനെപ്പറ്റി ഗൗരവമായിട്ടുള്ള പഠനം ആവശ്യപ്പെടുന്ന ഒരു മേഖലയാണിത്. മനുഷ്യ ബന്ധങ്ങളെ തന്നെ ആകെ മാറ്റി മറിച്ച ഒരു പ്രതിഭാസം ആണ് സോഷ്യൽ മീഡിയയുടെ ആവിർഭാവം. 20 ലക്ഷം വർഷത്തിന്റെ പഴക്കം മനുഷ്യന് പറയുന്നുണ്ട്. ആ ഒരു കാലഘട്ടത്തിൽ ആശയവിനിമയത്തിന് പരിമിതമായ അവസരങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഒരു കൗമാരപ്രായക്കാരന് ഒരു കൗമാരപ്രായക്കാരിയോട് പ്രേമം തോന്നിയാൽ ആ സ്നേഹം ഒന്നു പ്രകടിപ്പിക്കണമെങ്കിൽ വലിയ പ്രയാസം ആയിരുന്നു. സംസാരിക്കാൻ പോലും ബുദ്ധിമുട്ടായിരുന്നു. അതിൽനിന്നൊക്കെ മാറി, തോന്നുന്ന ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഒക്കെ ആർക്കും എവിടെയുമിരുന്ന് അറിയിക്കാം. അതിന്റെ സ്വകാര്യതയും രഹസ്യസ്വഭാവവും സംരക്ഷിച്ചു കൊണ്ടു തന്നെ ഒരു കുട്ടിക്ക് മൊബൈലോ ഇലക്ട്രോണിക് മാധ്യമത്തിലൂടെയോ ആരോടും സംസാരിക്കാമെന്നുള്ളത് വലിയ മാറ്റമാണ്. അത് ബന്ധങ്ങളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. പ്രണയത്തെ ഗുണപരമായും ദോഷകരമായും ബാധിക്കാം.
ഫെയ്സ്ബുക് പ്രണയങ്ങളെ മോശമായ കാര്യങ്ങളാണ് ചർച്ച ചെയ്യപ്പെടുന്നത്. പക്ഷേ സോഷ്യൽ മീഡിയയിൽക്കൂടി സമാനമായ താൽപര്യങ്ങൾ ഉള്ള വ്യക്തികൾ പരിചയപ്പെടുകയും ആ റിലേഷൻഷിപ്പ് നല്ല ആരോഗ്യകരമായ രീതിയിൽ വികസിക്കുന്നു. അങ്ങനെ എത്രയോ ഉദാഹരണങ്ങൾ. ഒരു പക്ഷേ അതിന്റെ നെഗറ്റീവ് വശങ്ങൾ വരാത്തപ്പോൾ അതിനെപ്പറ്റി സംസാരിക്കുന്നില്ല. ഒരേ ചിന്താഗതി ഉള്ളവർ തമ്മിൽ കാണാനും സൗഹൃദങ്ങൾ ഉണ്ടാവാനും ആ സൗഹൃദങ്ങൾ പ്രണയമായി മാറാനും ജീവിത പങ്കാളിയാകുന്നതും നമ്മുടെ മുന്നിൽ തന്നെയുണ്ട്. പക്ഷേ സോഷ്യൽമീഡിയയിലൂടെ കെണിയിൽ പെട്ടു പോകുന്നവരാണ് പലരും. ആ കെണികൾക്കെല്ലാം ഒരേ രീതിയാണെന്ന് പരിശോധിച്ചാൽ മനസ്സിലാകും.
സോഷ്യൽ മീഡിയയിൽ നമ്മളെല്ലാവരും നല്ല വശങ്ങളാണ് കാണിക്കുന്നത്. സ്വകാര്യജീവിതത്തിലും ജോലിയിലുമുള്ള കഴിവുകൾ, എഡിറ്റ് ചെയ്ത് പെർഫെക്ട് ആക്കിയ ഫോട്ടോകൾ എന്നവിയാണ് ഷെയർ ചെയ്യുന്നത്. ആ ഒരു സെൽഫ് പ്രോട്രെയിൽ നമ്മുടെ നല്ല വശങ്ങളോടൊപ്പം നമുക്കുള്ള പോരായ്മകള്‍ പരമാവധി ഒളിപ്പിക്കുകയാണ് ചെയ്യുന്നത്. അത് തികച്ചും സ്വാഭാവികമായ കാര്യമാണ്. എന്നാൽ എല്ലാ മനുഷ്യരും ഒരു പോലെ അല്ലല്ലോ. നൂറ് പേരിൽ ഒരാളെങ്കിലും സാമൂഹ്യവിരുദ്ധ പ്രവണതയുള്ളവരാണ്. അവർക്ക് ഇരകളെ വീഴ്ത്താൻ ഇതൊരു അവസരമാണ്. തനിക്ക് ഇല്ലാത്ത കാര്യങ്ങൾ ബോധപൂർവ്വം ഉണ്ടെന്ന് കാണിക്കുകയും അത് എടുത്ത് കാണിക്കുകയും ചെയ്യുന്നതാണ് ആദ്യപടി. സോഷ്യൽമ ീഡിയയിലെ ചതിക്കുഴികളിൽ വീണു പോകുന്ന പലരും വിദ്യാഭ്യാസവും വിവേകബുദ്ധിയും ഉള്ളവര്‍ തന്നെയാണ്. കാര്യങ്ങളെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യാനും കഴിവുള്ളവർ. എന്നാൽ സോഷ്യൽമീഡിയയിൽ കാണുന്ന വ്യക്തി പറയുന്ന കാര്യങ്ങള്‍ ശരിയാണോ അല്ലയോ എന്ന് വിലയിരുത്താൻ സാധിക്കുന്നില്ല. ആ വ്യക്തി ഉണ്ടെന്നു പറയുന്ന കഴിവുകളിലോ നേട്ടങ്ങളിലെ വീണു പോകുകയും യുക്തിപരമായി ചിന്തിക്കാൻ കഴിയാതെ വരുകയും ചെയ്യുന്നു. പിന്നീട് ബന്ധം വലുതാകുകയും പണം കൊടുക്കുകയും സ്വകാര്യ ചിത്രങ്ങൾ അയച്ചുകൊടുക്കുയും സംഭവിക്കാം. പിന്നീടിത് ബ്ലാക്ക്മെയിലിങ്ങിലേക്ക് നയിക്കാം.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. വർഗീസ് പുന്നൂസ്, പ്രിൻസിപ്പൽ, കോട്ടയം മെഡിക്കൽ കോളജ്
ഡോ. ടോണി തോമസ്, നോഡൽ ഓഫിസർ ജില്ലാ മാനസികാരോഗ്യ പരിപാടി, കോട്ടയം